---
title: "അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങൾ മരിച്ച സംഭവം; ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് മരണകാരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്"
english_title: "Delay in reaching hospital was the cause of death, postmortem report released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325196/delay-in-reaching-hospital-was-the-cause-of-death-postmortem-report-released"
published_at: "2025-11-10T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69116dba9cf8a_Delay_in_reaching_hospital_was_the_cause.jpg"
keywords: []
---

# അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങൾ മരിച്ച സംഭവം; ആശുപത്രിയിൽ എത്തിക്കാൻ വൈകിയത് മരണകാരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

> **Lead Summary:** **പാലക്കാട്: [**അട്ടപ്പാടി കരുവാര ഉന്നതിയിൽ വീട് തകർന്ന് മരിച്ച സഹോദരങ്ങളായ കുട്ടികളുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണമായ ഗുരുതര പരിക്കുകളാണ് കുട്ടികൾക്ക് ഏറ്റിരുന്നത്. കൂടാതെ, കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണത്തിലേക്ക് നയിച്ചതായി കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിന് മൊഴി നൽകി.

## Article Content

**പാലക്കാട്: [**അട്ടപ്പാടി കരുവാര ഉന്നതിയിൽ വീട് തകർന്ന് മരിച്ച സഹോദരങ്ങളായ കുട്ടികളുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരണകാരണമായ ഗുരുതര പരിക്കുകളാണ് കുട്ടികൾക്ക് ഏറ്റിരുന്നത്. കൂടാതെ, കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണത്തിലേക്ക് നയിച്ചതായി കോട്ടത്തറ ആശുപത്രി അധികൃതർ പോലീസിന് മൊഴി നൽകി.

മരിച്ച ഏഴുവയസുകാരൻ ആദിക്ക് വലത് തുടയെല്ലിനും നെഞ്ചിനും പരിക്കേറ്റിരുന്നു. തുടയെല്ലിലെ മുറിവിൽ നിന്നുള്ള ആന്തരിക രക്തസ്രാവമാണ് ആദിയുടെ മരണത്തിന് പ്രധാന കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. നാലുവയസുകാരനായ അജിനേഷിന് തലക്കും നെഞ്ചിലുമാണ് ഗുരുതര പരിക്കേറ്റത്.

ആദിയെ ആശുപത്രിയിലെത്തിക്കുമ്പോഴും ചെറിയ അനക്കമുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. തുടയെല്ലിലെ പൊട്ടൽ കാരണം ആന്തരിക രക്തസ്രാവമുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റും മുമ്പെ മരിച്ചിരുന്നുവെന്നും മൊഴിയില്‍ പറയുന്നു.

പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞാണ് നവംബര്‍ 8ന് സഹോദരങ്ങൾക്ക് ജീവന്‍ നഷ്ടമായത്. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്.

ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അഭിനയ നിലവില്‍ ചികിത്സയിലാണ്. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനകത്ത് ഉള്ള ഊരിലാണ് അപകടം. വനം വകുപ്പിന്‍റെ ജീപ്പിലാണ് അപകടത്തില്‍ പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്.

ആൾതാമസമുള്ള വീടായിരുന്നില്ല ഇത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം. അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീട്. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം. മേൽക്കൂരയില്ലാത്ത വീടാണ്.

മഴനനഞ്ഞും വെയിൽ കൊണ്ടും ദുർബലമായ അവസ്ഥയിലായിരുന്നു. സ്ഥിരമായി കുട്ടികൾ ഇതിന് മുകളിൽ കയറാറുണ്ട്. വീട്ടുകാരും ഈ വീടിന് മുകളിൽ തുണി ഉണക്കാൻ ഇടാന്‍ എത്താറുണ്ട്. സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ കളിക്കാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അജയ് - ദേവി ദമ്പതികളുടെ മക്കൾക്കാണ് അപകടത്തില്‍ ജീവന്‍ രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325196/delay-in-reaching-hospital-was-the-cause-of-death-postmortem-report-released)