---
title: " 'മ്യൂച്ച്വൽ ഫണ്ട് മാറ്റി, മട്ടൻ ഫണ്ടിൽ നിക്ഷേപിക്കൂ'..; സോഷ്യൽ മീഡിയയിൽ വൈറലായി യുവകർഷകന്റെ അവകാശവാദം"
english_title: "Mutual Fund, Mutton Fund, Young Farmer's Claim Goes Viral on Social Media,"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325122/mutual-fund-mutton-fund-young-farmers-claim-goes-viral-on-social-media"
published_at: "2025-11-09T14:38:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69105cdef08f0_mutual_fund.jpg"
keywords: []
---

#  'മ്യൂച്ച്വൽ ഫണ്ട് മാറ്റി, മട്ടൻ ഫണ്ടിൽ നിക്ഷേപിക്കൂ'..; സോഷ്യൽ മീഡിയയിൽ വൈറലായി യുവകർഷകന്റെ അവകാശവാദം

> **Lead Summary:** > **മുംബൈ : ** "മ്യൂച്ച്വൽ ഫണ്ടിനേക്കാൾ ലാഭകരം മട്ടൻ ഫണ്ട്!" ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ യുവകർഷകന്റെ അവകാശവാദമാണ് ഇത്. ആടു വളർത്തലിലൂടെ മൂന്നു വർഷത്തിനുള്ളിൽ 1000 ശതമാനം ലാഭം നേടി, മ്യൂച്ച്വൽ ഫണ്ടുകളെ പോലും പിന്നിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ വാദം.

## Article Content

> **മുംബൈ : ** "മ്യൂച്ച്വൽ ഫണ്ടിനേക്കാൾ ലാഭകരം മട്ടൻ ഫണ്ട്!" ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായ യുവകർഷകന്റെ അവകാശവാദമാണ് ഇത്. ആടു വളർത്തലിലൂടെ മൂന്നു വർഷത്തിനുള്ളിൽ 1000 ശതമാനം ലാഭം നേടി, മ്യൂച്ച്വൽ ഫണ്ടുകളെ പോലും പിന്നിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ വാദം.

> 2022 മാർച്ചിൽ 12,000 രൂപ മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിച്ചപ്പോൾ, മൂന്നു വർഷത്തിന് ശേഷം അതിന്റെ മൂല്യം ഏകദേശം 20,500 രൂപയായി മാറി. എന്നാൽ അതേ വർഷം ഒക്ടോബറിൽ 12,000 രൂപക്ക് വാങ്ങിയ ഒരു ആടാണ് അദ്ദേഹത്തിന്റെ "മട്ടൻ ഫണ്ടിന്റെ" തുടക്കം.

ആട് രണ്ടു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചു, മൂന്നുവർഷത്തിനുള്ളിൽ ആടുകളുടെ എണ്ണം 15 ആയി. ഇപ്പോൾ ഓരോ ആടിനും 12,000 രൂപ വീതം വില ലഭിക്കുമ്പോൾ മൊത്തം ലാഭം 1.8 ലക്ഷം രൂപയെന്നു കർഷകൻ പറയുന്നു. നികുതിയും ഇല്ല, കമീഷനും ഇല്ല, മുഴുവൻ ലാഭം സ്വന്തമെന്നാണ് അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.

> ഇത് കേട്ടവർ പലരും ചിന്തിച്ച് തുടങ്ങിയത് "മ്യൂച്ച്വൽ ഫണ്ടിൽ നിക്ഷേപിക്കണോ അതോ കുറച്ച് ആടുകളെ വാങ്ങണോ" എന്നാണ്. മട്ടൻ ഫണ്ടിൽ നിക്ഷേപം തുടങ്ങിയാൽ ലാഭം നേടാൻ കാരണങ്ങൾ പലതായിരുന്നു.

ആടിനെ വാങ്ങാൻ ഉള്ള പൈസ മാത്രം മതിയാകും, തീറ്റയും പരിചരണവും നൽകിയാൽ ആടുകൾ പെറ്റുപെരുകും, ഇറച്ചിക്കും പാലിനും വിപണിയിൽ നല്ല വിലയുണ്ട്, ഉത്പാദനവും സ്വയം പര്യാപ്തവുമാണ്.

പക്ഷേ കമന്റുകളിലൂടെ വന്ന പ്രതികരണങ്ങൾ പറയുന്നത്, മട്ടൻ ഫണ്ടെന്ന ആശയം വിചാരിക്കുന്നതുപോലെ അത്ര എളുപ്പമല്ലെന്നാണ്. എല്ലാ ആടുകളും പെൺകുഞ്ഞുങ്ങളെയല്ല പ്രസവിക്കുക, അങ്ങനെ സംഭവിച്ചാൽ ലാഭം ഉണ്ടാവില്ല.

ആടുകളുടെ എണ്ണം കൂടുമ്പോൾ തീറ്റച്ചെലവും പരിപാലനച്ചെലവും വർധിക്കും. ആടുകളുടെ എണ്ണം കൂടിയാൽ സഹായിയെ നിയമിക്കേണ്ടിവരും, സ്ഥലവാടക, മരുന്ന് ചെലവ്, രോഗങ്ങൾ എല്ലാം ലാഭം കുത്തനെ കുറയ്ക്കും.

കർഷകർക്ക് വിപണിയിൽ നേരിടേണ്ടി വരുന്ന കടുത്ത മത്സരവും മറ്റൊരു വെല്ലുവിളിയാണ്. പാലിനും ഇറച്ചിക്കുമെല്ലാം വിലനിർണ്ണയിക്കുന്നത് വിപണിയാണ്, ഉത്പാദകൻ അല്ല. അതിനാൽ നല്ല ഉത്പന്നം ഉണ്ടാക്കിയാലും അതിന് മികച്ച വില കിട്ടണമെന്നില്ല.

> അതേസമയം, മ്യൂച്ച്വൽ ഫണ്ടുകൾ വർഷങ്ങളോളം സ്ഥിരതയാർന്ന തുക തിരികെ നൽകുന്ന നിക്ഷേപ രീതിയാണ്. അതിനാൽ "മട്ടൻ ഫണ്ട്" കേൾക്കാൻ രസകരണമാണെങ്കിലും, യാഥാർത്ഥ്യത്തിൽ അത് കർഷകന്റെ തൊഴിലാണ്. മ്യൂച്ച്വൽ ഫണ്ടിന് പകരമാകാൻ അതിനു ഒരിക്കലും കഴിയില്ല. കാരണം മ്യൂച്ച്വൽ ഫണ്ടുകൾക്ക് ഭക്ഷണമോ വാക്‌സിനോ വേണ്ട, വളരാൻ താമസസ്ഥലവും ആവശ്യമില്ല.

> പണപ്പെരുപ്പത്തേക്കാൾ വേഗത്തിൽ വളരാൻ ആഗ്രഹിക്കുന്നവർക്ക് "മട്ടൻ ഫണ്ട്" ഒരു രസകരമായ ആശയമായേക്കാം. എന്നാൽ ദീർഘകാല സാമ്പത്തിക സ്ഥിരത വേണ്ടവർക്ക് മ്യൂച്ച്വൽ ഫണ്ടാണ് യഥാർത്ഥ ലാഭത്തിന്റെ വഴിയെന്നതാണ് സത്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325122/mutual-fund-mutton-fund-young-farmers-claim-goes-viral-on-social-media)