---
title: "തെയ്യക്കാലം ഇങ്ങെത്തി; ഇനി തോറ്റംപാട്ടിൻ്റെയും വാദ്യമേളങ്ങളുടെയും നാളുകൾ"
english_title: "Theyyam season, ritual art, Thotam song, Theyyam of North Kerala, Kannur Theyyam, kerala Culture"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/325023/theyyam-season-ritual-art-thotam-song-theyyam-of-north-kerala-kannur-theyyam-kerala-culture-new"
published_at: "2025-11-08T16:51:00+05:30"
category: "Talks & Topics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690f32bfcbe22_kasargod_theyyam.jpg"
keywords: []
---

# തെയ്യക്കാലം ഇങ്ങെത്തി; ഇനി തോറ്റംപാട്ടിൻ്റെയും വാദ്യമേളങ്ങളുടെയും നാളുകൾ

> **Lead Summary:** ** **വടക്കൻ കേരളത്തിന്റെ തെയ്യക്കാലം ദാ ഇങ്ങെത്തി.... ചെണ്ടയുടെയും തോറ്റംപാട്ടിന്റെയും മുഴക്കം ജനമനസ്സുകളിൽ അലയടിക്കാൻ പോകുന്നു. അതെ കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ഇനി ഉറക്കമില്ലാത്ത രാത്രികൾ വരുകയാണ്.

## Article Content

** **വടക്കൻ കേരളത്തിന്റെ തെയ്യക്കാലം ദാ ഇങ്ങെത്തി.... ചെണ്ടയുടെയും തോറ്റംപാട്ടിന്റെയും മുഴക്കം ജനമനസ്സുകളിൽ അലയടിക്കാൻ പോകുന്നു. അതെ കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ ഇനി ഉറക്കമില്ലാത്ത രാത്രികൾ വരുകയാണ്.

പലസ്ഥലങ്ങളിൽ പല പേരുകളിൽ പല രൂപങ്ങളിൽ തെയ്യം കെട്ടിയാടുന്നു. കണ്ടനാർ കേളൻ, ഗുളികൻ, കതിവനൂർ വീരൻ, പുതിയ ഭഗവതി, നീലിയാർ ഭഗവതി, വിഷ്ണുമൂർത്തി എന്നിങ്ങനെ വ്യത്യസ്ത തെയ്യങ്ങൾ പല പ്രദേശങ്ങളിലായി ഉണ്ട്.

മനുഷ്യൻ മുഖത്ത് ചായം പൂശി, ചുവന്ന പട്ട് ധരിച്ച് ആചാരങ്ങളും വിശ്വാസങ്ങളും അനുസരിച്ച് ദൈവമായി മാറുന്നു. തോറ്റംപാട്ടിന്റെയും വാദ്യമേളങ്ങളുടെയും താളത്തിൽ അമ്പലങ്ങളിലും കാവുകളിലും നിറഞ്ഞാടുന്നു. 

ഓരോ തെയ്യത്തിനും ഓരോ കഥകൾ പറയാനുണ്ട്. രാത്രികാലങ്ങളിൽ വിളക്കുകളുടെയും തീപന്തങ്ങളുടെയും വെളിച്ചത്തിൽ തെയ്യം നിറഞ്ഞാടുന്നത് കാണുമ്പോൾ കണ്ണിനും മനസ്സിനും രോമാഞ്ചവും അത്ഭുതവും ഒരേ സമയം അനുഭവപ്പെടും.

പണ്ടുകാലങ്ങളിൽ, തെയ്യം കെട്ടിയാടുന്ന മലയൻ, വണ്ണാൻ തുടങ്ങിയ സമുദായത്തിലെ ആളുകൾക്ക് തെയ്യം കെട്ടുന്ന കാലയളവിൽ മാത്രമായിരുന്നു ഉന്നത സ്ഥാനം ലഭിച്ചിട്ടുണ്ടായിരുന്നത്. ഓരോ തെയ്യത്തിനും പറയാനുണ്ട് ത്യാഗത്തിൻ്റെയും അടിച്ചമർത്തലുകളുടെയും വ്യത്യസ്ത കഥകൾ.

'തെയ്യം' എന്ന വാക്കിന്റെ അർഥം 'ദൈവം' എന്നാണ്. തെയ്യക്കോലം കെട്ടുന്നവരെ കോലധാരി എന്ന് പറയപ്പെടുന്നു. പ്രകൃതിദത്തമായ ചായക്കൂട്ടുകൾ ഉപയോഗിച്ച് കോലധാരിയുടെ മുഖത്തായി ചമയിക്കുന്നു, അതിനെ 'മുഖത്തെഴുത്ത്' എന്ന് പറയും.

ചുവപ്പും കറുപ്പുമാണ് പ്രധാനമായും ഉപയോഗിക്കുന്ന നിറങ്ങൾ. വേഷത്തിനായി ഉപയോഗിക്കുന്ന പച്ച ഓല, ചുവന്ന പട്ട്, മറ്റ് ആഭരണങ്ങൾ ഓരോ തെയ്യത്തിനും വ്യത്യസ്തമാണ്. തെയ്യം കെട്ടിയാടുന്നതിന് മുമ്പായി ലളിതമായ വേഷത്തിൽ ഓരോ തെയ്യത്തിന്റെയും കഥകൾ പാട്ടിലൂടെ പറയുന്ന 'തോറ്റം' നടക്കും.

ഒരു പ്രത്യേക ഈണത്തിലാണ് തോറ്റം പാടുക. കോലധാരി തെയ്യക്കോലം കെട്ടുന്ന സ്ഥലത്തിനെ 'അണിയറ' എന്ന് പറയുന്നു. തെയ്യത്തിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നതും ഊർജ്ജം പകരുന്നതും വാദ്യമേളങ്ങളാണ്. വാദ്യമേളങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ അടുത്തുള്ള പ്രദേശവാസികൾ പുറപ്പാട് കാണാനായി ഒത്തുകൂടും.

പുരാണങ്ങളും, വിശ്വാസവും, കലയും ഒത്തുചേരുന്ന ഒരു പ്രത്യേക അനുഭവമാണ് തെയ്യം. സാങ്കേതിക വിദ്യകൾ മുന്നിട്ട് നിൽക്കുന്ന ഈ കാലഘട്ടത്തിലും തെയ്യത്തിന്റെ തനിമയും പഴമയും ഒട്ടും തന്നെ ചോരാതെ വടക്കൻ കേരളത്തിൽ തെയ്യക്കാലം കൊണ്ടാടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/325023/theyyam-season-ritual-art-thotam-song-theyyam-of-north-kerala-kannur-theyyam-kerala-culture-new)