---
title: "ഇരുട്ടിവെളുക്കും മുൻപേ 'നോട്ടുനിരോധനം'....! രാജ്യം ഞെട്ടിയ തീരുമാനം, മോദി സർക്കാർ വഞ്ചനയുടെ ഒൻപതാം വാർഷികം ഇന്ന്"
english_title: "demonetisation 9th anniversary of modi governments deception"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324926/demonetisation-9th-anniversary-of-modi-governments-deception"
published_at: "2025-11-08T11:12:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ed8760b000_Demonetisation.jpg"
keywords: []
---

# ഇരുട്ടിവെളുക്കും മുൻപേ 'നോട്ടുനിരോധനം'....! രാജ്യം ഞെട്ടിയ തീരുമാനം, മോദി സർക്കാർ വഞ്ചനയുടെ ഒൻപതാം വാർഷികം ഇന്ന്

> **Lead Summary:** **( **[www.truevisionnews.com]** )** രാജ്യം ഞെട്ടിയ തീരുമാനമായിരുന്നു 2016ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം. നവംബർ എട്ടിന് അർധരാത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ പോലും മൂക്കത്ത് വിരലുവെച്ചു. ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ജനകോടികൾക്കുമേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സാമ്പത്തിക കടന്നാക്രമണത്തിന്‌ ഇന്ന് ഒമ്പതു വർഷം തികയുകയാണ്.

## Article Content

**( **[www.truevisionnews.com]** )** രാജ്യം ഞെട്ടിയ തീരുമാനമായിരുന്നു 2016ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനം. നവംബർ എട്ടിന് അർധരാത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ സാമ്പത്തിക വിദഗ്ധർ പോലും മൂക്കത്ത് വിരലുവെച്ചു. ഇന്ത്യയിലെ ദരിദ്രരും സാധാരണക്കാരുമായ ജനകോടികൾക്കുമേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അപ്രതീക്ഷിത സാമ്പത്തിക കടന്നാക്രമണത്തിന്‌ ഇന്ന് ഒമ്പതു വർഷം തികയുകയാണ്.

രാജ്യത്തെ സമ്പദ്‌ഘടനയെ ശക്തിപ്പെടുത്താനുള്ള ഏക പോംവഴി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിക്കലാണെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. എന്നാൽ കള്ളപ്പണത്തിനെതിരെയുള്ള മാസ്‌റ്റർ സ്‌ട്രോക്ക്‌ എന്നും സർജിക്കൽ സ്‌ട്രൈക്ക്‌ എന്നും വലതുപക്ഷ മാധ്യമങ്ങളും സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും അർഥശാസ്‌ത്ര പണ്ഡിതരും വാഴ്‌ത്തിയ പ്രഖ്യാപനം തുഗ്ലക്ക്‌ പരിഷ്‌കാരത്തിന്‌ തുല്യമായ മണ്ടത്തരമാണെന്ന്‌ കാലം തെളിയിച്ചു.

കോടിക്കണക്കിനു പേരുടെ ജീവിതമാർഗം തകർന്നു. ഈ വിഷയത്തിൽ നൂറുകണക്കിനു പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എടിഎമുകൾക്കും ബാങ്കുകൾക്കും മുന്നിൽ വരിനിന്ന് കുഴഞ്ഞുവീണ മരിച്ചവരുണ്ട്. തുടങ്ങിയ സംരംഭങ്ങൾ പൂട്ടേണ്ടിവന്ന നിരാശയിൽ ആത്മഹത്യയിലേക്ക് തള്ളിയിടപ്പെട്ടവരുമുണ്ട്. നോട്ട്‌ നിരോധനത്തിന്‌ മൂന്നു സാമ്പത്തിക ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു വീമ്പുപറച്ചിൽ.

കള്ളപ്പണം പൂർണമായും ഇല്ലാതാക്കുക, കള്ളനോട്ടുകൾ പൂർണമായും നിർമാർജനം ചെയ്യുക, ഡിജിറ്റൽ ഇടപാടുകളിലൂടെ കാഷ്‌ലെസ്‌ സമ്പദ്‌ഘടന സൃഷ്‌ടിക്കുക എന്നിവ. കണക്കിൽപ്പെടാത്ത കള്ളപ്പണവും കള്ളനോട്ടും ഉപയോഗിച്ചാണ്‌ തീവ്രവാദികൾ രാജ്യത്തെ അസ്ഥിരമാക്കാൻ ശ്രമിക്കുന്നതെന്നും ഇവ രണ്ടും തടയുന്നതോടെ രാജ്യം തീവ്രവാദ ഭീഷണിയിൽനിന്ന്‌ മുക്തമാകുമെന്നും മോദി വാദിച്ചു.

നോട്ട്‌ നിരോധനം വഴി നാലുലക്ഷം കോടി രൂപയുടെയെങ്കിലും കള്ളപ്പണം ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു സർക്കാർ വാദം. പ്രധാനമന്ത്രിയുടെ എല്ലാ അവകാശവാദങ്ങളും അസ്ഥാനത്താക്കിക്കൊണ്ട്‌ നിരോധിക്കപ്പെട്ട 500, 1000 കറൻസികളിൽ 99 ശതമാനത്തിലേറെയും അതായത്‌ 15.41 ലക്ഷം കോടി രൂപയുടെ കറൻസി നിരോധിച്ചപ്പോൾ 15.31 ലക്ഷം കോടി രൂപ തിരിച്ച്‌ റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിലെത്തി. നോട്ട്‌ നിരോധനത്തിന്റെ പ്രാഥമിക ലക്ഷ്യംതന്നെ അങ്ങനെ പാളി.

കള്ളനോട്ട്‌ തടയുന്നതിലും കേന്ദ്രസർക്കാർ ഏജൻസികൾ വൻ പരാജയമാണെന്നാണ്‌ ആർബിഐയുടെ കണക്കുകൾ. അതേസമയം 500 രൂപ നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ പുറത്തിറക്കിയെങ്കിലും1000 രൂപയുടെ നോട്ടുകൾ നിരോധിക്കുകയും പകരം 2000ത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയുമായിരുന്നു. പിന്നീട് 2023 മെയ് മാസത്തിൽ 2000 രൂപയുടെ നോട്ടുകളും നിർത്തലാക്കി.

2,000 രൂപ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചതിന് ശേഷം 2024-25 ൽ വ്യാജ 500 രൂപ നോട്ടുകൾ കുത്തനെ വർധനിച്ചതായാണ് ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിന്റെ കണക്ക്. 2023–24 ൽ 85,711 വ്യാജ നോട്ടുകളും 2022–23 ൽ 91,110 വ്യാജ നോട്ടുകളും കണ്ടെത്തിയ സാഹചര്യമുണ്ടായിരുന്നു. എന്നാൽ 2024–25 ലെത്തിപ്പോഴേക്കും അത് 1,17,722 ആയി വർദ്ധിച്ചു. ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാജമായി അച്ചടിക്കുന്ന നോട്ടായി 500 രൂപ നോട്ട് മാറിയെന്നാണ് കണക്ക്.

പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും നേടാനാകാതെ തീർത്തും പരാജയപ്പെട്ടുപോയ ഒരു തീരുമാനമായിരുന്നു നോട്ട് നിരോധനം. അതുകൊണ്ടുതന്നെയാണ് ജുഡീഷ്യറിയിൽ നിന്നു പോലും മോദിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നത്. നോട്ട് നിരോധനം പരാജയമാണെന്ന് പറഞ്ഞ് ആർബിഐ ഗവർണർ ആയിരുന്ന രഘുരാം രാജൻ പോലും പരസ്യമായി രംഗത്തുവന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324926/demonetisation-9th-anniversary-of-modi-governments-deception)