---
title: "ആരാ ഈ ഇരിക്കുന്നേ .....? അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്"
english_title: "Snake in the kitchen, cobra,Snake infestation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324744/snake-in-the-kitchen-cobrasnake-infestation"
published_at: "2025-11-07T10:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d812b8fdb9_snake.jpg"
keywords: []
---

# ആരാ ഈ ഇരിക്കുന്നേ .....? അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി മൂർഖൻ പാമ്പ്

> **Lead Summary:** **റാന്നി: ** അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പ് ഭീതി പരത്തി. അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളമാണ് വീട്ടുകാരെ ഭയപ്പെടുത്തിയത്. അങ്ങാടി പേട്ട ജങ്ഷനിൽ സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് സംഭവം.

## Article Content

**റാന്നി: ** അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പ് ഭീതി പരത്തി. അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളമാണ് വീട്ടുകാരെ ഭയപ്പെടുത്തിയത്. അങ്ങാടി പേട്ട ജങ്ഷനിൽ സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് സംഭവം.

ശാസ്താംകോവിൽ ലോഡ്ജിൽ വാടകക്ക് താമസിക്കുകയാണ് രാജാ. വീടിന്‍റെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിനും പാത്രങ്ങൾക്കും ഇടയിലാണ് മൂർഖനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടി വീട്ടിലെത്തി പാമ്പിനെ പിടികൂടി.

പമ്പാനദിയിൽ വലിയ തോടിന്‍റെ തീരമായതിനാൽ പെരുമ്പാമ്പും മൂർഖൻ പാമ്പും പ്രദേശവാസികൾക്ക് ഭീഷണിയാണ്.

പാമ്പ് ശല്യം : *വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക*

*മാളങ്ങൾ അടയ്ക്കുക: വീടിനും പരിസരത്തുമുള്ള എലികൾ തുരന്നുണ്ടാക്കിയ മാളങ്ങളും, മറ്റ് വിള്ളലുകളും, പൊത്തുകളും മണ്ണിട്ടോ സിമന്റിട്ടോ അടയ്ക്കുക.*

*കാടും പടർപ്പും ഒഴിവാക്കുക: വീടിന് ചുറ്റുമുള്ള ഉയർന്നുനിൽക്കുന്ന പുല്ലുകൾ, കാട്, കുറ്റിച്ചെടികൾ എന്നിവ വെട്ടി വൃത്തിയാക്കുക. പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.*

*പാഴ്വസ്തുക്കൾ നീക്കം ചെയ്യുക: വിറകുകൾ, കല്ലുകൾ, ഇഷ്ടികകൾ, ഓല, ഓട്, കരിയിലകൾ, ചപ്പുചവറുകൾ, ചാക്കുകൾ തുടങ്ങിയവ കൂട്ടിയിടുന്നത് ഒഴിവാക്കുക. ഇവ പാമ്പുകളുടെ ഇഷ്ടപ്പെട്ട വാസസ്ഥലങ്ങളാണ്.*

*വളർത്തു മൃഗങ്ങളുടെ കൂട്: കോഴിക്കൂട്, മറ്റു വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ എന്നിവ വലയിട്ട് മൂടുക. അവയുടെ തീറ്റയുടെ ബാക്കിയുള്ളവ നീക്കം ചെയ്യുക. ഇവ എലികളെ ആകർഷിക്കുകയും അതുവഴി പാമ്പുകൾ വരാൻ കാരണമാവുകയും ചെയ്യും.*

*ജനലും വാതിലും: വീടിനുള്ളിലേക്ക് പാമ്പ് കയറാതിരിക്കാൻ വാതിലുകളും ജനലുകളും ഭിത്തിയിലെ വിള്ളലുകളും അടച്ചുറപ്പുള്ളതാണെന്ന് ഉറപ്പാക്കുക.*

*ചെടിച്ചട്ടികൾ: ചെടിച്ചട്ടികൾക്കിടയിൽ അകലം ഉണ്ടാകണം. ജനലിനോട് ചേർന്ന് ചട്ടികൾ വെക്കുന്നത് ഒഴിവാക്കുക.*

*ഓവുചാലുകൾ: വീടിനുള്ളിലേക്കുള്ള ഓവുചാലുകൾ കൃത്യമായി വൃത്തിയാക്കുകയും അടച്ചിടുകയും ചെയ്യുക.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324744/snake-in-the-kitchen-cobrasnake-infestation)