---
title: "'ക്ഷമിക്കണം...മകളെ നന്നായി നോക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ വയ്യ'; കുറിപ്പെഴുതിവെച്ച്  യുവതി ജീവനൊടുക്കി"
english_title: "Hyderabad woman committed suicide "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324704/hyderabad-woman-suicide"
published_at: "2025-11-06T22:20:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690cd28ee66a3_suicide.jpg"
keywords: []
---

# 'ക്ഷമിക്കണം...മകളെ നന്നായി നോക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ വയ്യ'; കുറിപ്പെഴുതിവെച്ച്  യുവതി ജീവനൊടുക്കി

> **Lead Summary:** **ഹൈദരാബാദ്: **ഉറുമ്പുകളോടുള്ള ഭയം (മെർമെക്കോഫോബിയ) കാരണം ഇരുപത്തിയഞ്ചുകാരിയായ യുവതി ജീവനൊടുക്കി. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

## Article Content

**ഹൈദരാബാദ്: **ഉറുമ്പുകളോടുള്ള ഭയം (മെർമെക്കോഫോബിയ) കാരണം ഇരുപത്തിയഞ്ചുകാരിയായ യുവതി ജീവനൊടുക്കി. മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്.

തെലങ്കാനയിലെ സംഗാരെഡ്ഡി ജില്ലയിലാണ് സംഭവം. യുവതിക്ക് ചെറുപ്പം മുതലേ ഉറുമ്പുകളെ ഭയമായിരുന്നു എന്നും ഇതിന് മുമ്പ് സ്വന്തം ടൗണിലെ ഒരു ആശുപത്രിയിൽ കൗൺസിലിംഗ് തേടിയിരുന്നു എന്നും പൊലീസിന് വിവരം ലഭിച്ചു.

2022-ൽ വിവാഹിതയായ യുവതിക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്. നവംബർ നാലിനെ രാവിലെ മകളെ യുവതി ബന്ധുവീട്ടിൽ വിട്ടു. വീട് വൃത്തിയാക്കിയ ശേഷം കൂട്ടിക്കൊണ്ടു വരാമെന്ന് പറഞ്ഞാണ് മകളെ ബന്ധുവീട്ടിലാക്കിയത്.

രാവിലെ ജോലിക്കു പോയ ഭർത്താവ് വൈകുന്നേരം തിരിച്ചെത്തിയപ്പോൾ വീടിന്റെ പ്രധാന വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.

അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

> സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിൽ ഇങ്ങനെ എഴുതിയിരുന്നു- "ശ്രീ, എന്നോട് ക്ഷമിക്കണം, ഈ ഉറുമ്പുകളുമായി എനിക്ക് ജീവിക്കാൻ കഴിയില്ല. മകളെ നന്നായി നോക്കണം. ശ്രദ്ധിക്കണം". ചില അമ്പലങ്ങളിൽ കഴിക്കേണ്ട വഴിപാടുകളെ കുറിച്ചും കുറിപ്പിൽ പറഞ്ഞിരുന്നു.

**(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324704/hyderabad-woman-suicide)