---
title: "'തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണം, നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല'; മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ;  രോഗി മരിച്ചെന്ന് പരാതി"
english_title: "Complaint alleging patient died negligence  Thiruvananthapuram Medical College Hospital."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324577/thiruvananthapuram-medical-college-hospital-complaint-alleging-patient-died"
published_at: "2025-11-06T11:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690c33a6f3624_venu.jpg"
keywords: []
---

# 'തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണം, നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കില്ല'; മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ;  രോഗി മരിച്ചെന്ന് പരാതി

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.

താൻ മരിച്ചാൽ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആൻജിയോഗ്രാമിന് ആശുപത്രിയിൽ എത്തിച്ച വേണുവിന് 6 ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി.

സുഹൃത്തിന് ശബ്ദസന്ദേശം അയച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹം മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങളാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തില്‍ ഉന്നയിച്ചത്.

നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കൽ കോളേജിൽ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറാണ് മരിച്ച വേണു. ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു പറയുന്നു.

കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു.

അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324577/thiruvananthapuram-medical-college-hospital-complaint-alleging-patient-died)