---
title: "മലമുകളിലെ പഴനി ; അതെ കോഴിക്കോടിൻ്റെ മേൽപഴനിയിലേക്കൊന്ന് പോയി വന്നാലോ....."
english_title: "Kozhikode Melpalani Temple"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324487/kozhikode-melpalani-temple-travelstory-"
published_at: "2025-11-05T17:14:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b39d5cebab_melpazhani.jpg"
keywords: []
---

# മലമുകളിലെ പഴനി ; അതെ കോഴിക്കോടിൻ്റെ മേൽപഴനിയിലേക്കൊന്ന് പോയി വന്നാലോ.....

> **Lead Summary:** ** തമി**ഴ്നാട്ടിലെ പഴനി ക്ഷേത്രം പോലെ കോഴിക്കോടിനും ഉണ്ട് ഒരു പഴനി, അതെ വെള്ളിപ്പറമ്പിന് അരികിലായി മയിലാടുംകുന്നിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ മേൽപഴനി ക്ഷേത്രം.

## Article Content

** തമി**ഴ്നാട്ടിലെ പഴനി ക്ഷേത്രം പോലെ കോഴിക്കോടിനും ഉണ്ട് ഒരു പഴനി, അതെ വെള്ളിപ്പറമ്പിന് അരികിലായി മയിലാടുംകുന്നിൽ സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ മേൽപഴനി ക്ഷേത്രം.

തമിഴ്നാട്ടിലെ ഒരു അമ്പലത്തിൽ പോയ അതേ അനുഭൂതിയാണ് ഇവിടെയും ലഭിക്കുന്നത്. എത്ര മാനസിക സമ്മർദ്ദം ഉണ്ടെങ്കിലും ഒരു ശാന്തമായ സ്ഥലത്തു പോയിരിക്കുമ്പോൾ കിട്ടുന്ന സമാധാനമില്ലേ... അതിന് യോജിച്ചൊരു സ്ഥലമാണിത്. ശ്രീ ശരവണ ബാബാജിയാണ് ഭക്തർക്ക് വേണ്ടി ശ്രീമുരുകൻ പ്രതിഷ്ഠയായ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.

കോഴിക്കോട് നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയായി വെള്ളിപ്പറമ്പിൽ നിന്നും ഒന്നര കിലോമീറ്റർ മാറി മയിലാടുംകുന്ന് എന്ന സ്ഥലത്തു മലമുകളിലായി പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ക്ഷേത്രമാണ് മേൽ പഴനി ശ്രീ ജ്ഞാനദണ്ഡായുധപാണി സ്വാമി ക്ഷേത്രം.

ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണാൻ സാധിക്കുന്നത് മേൽപഴനി സ്വാമി മഠമാണ്. പഴനി ക്ഷേത്രത്തിൽ നടന്നുവരുന്ന തല മുണ്ഡനം ചെയ്യുന്ന ചടങ്ങും മറ്റെല്ലാ ചടങ്ങുകളും ഇവിടെയും നടക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഉത്സവസമയത്ത് കാവടിയാട്ടം ആരംഭിക്കുന്നതും സ്വാമി മഠത്തിൽനിന്നാണ്.

അവിടെനിന്ന് ചുറ്റുമുള്ള വനത്തിന്റെ ഭംഗി ആസ്വദിച്ച് പടികൾ ചവിട്ടി ക്ഷേത്രത്തിൽ പ്രവേശിക്കാം. അല്ലെങ്കിൽ റോഡ് മാർഗം. പഴനിക്ക് സമാനമായ ചുറ്റുപാടും ക്ഷേത്രത്തിന്റെ കൊത്തുപണികളും പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.

ദിവസേന ഒട്ടനവധി ഭക്തരാണ് ക്ഷേത്രദർശനത്തിനായി എത്തിച്ചേരുന്നത്. വൈകുന്നേരങ്ങളിൽ എത്തുകയാണെങ്കിൽ മനോഹരമായ സൂര്യാസ്തമന ദൃശ്യം കാണാം. മനസ്സിന് സംതൃപ്തി തരുന്ന ഒരു കാഴ്ചയായിരിക്കില്ലേ അത്?

ക്ഷേത്രത്തിലെ പ്രധാന ദേവതാ സങ്കൽപസങ്കല്പമാണ് ശ്രീമുരുകൻ. കേരളീയ ക്ഷേത്രങ്ങളിൽ കണ്ടുവരുന്ന പൂജ കർമ്മങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ എല്ലാ ചടങ്ങുകളും. അത് ഭക്തർക്ക് ഒരു പുതിയ അനുഭവമായിരിക്കും. കാഴ്ച്ചകളെല്ലാം ആസ്വദിച്ച് സംതൃപ്തിയോടെ മടങ്ങിവരാം. കോഴിക്കോട് ബസ് സ്റ്റാൻ്റിൽ നിന്ന് 9.9 കിലോമീറ്റർ മാത്രമാണ് ദൂരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324487/kozhikode-melpalani-temple-travelstory-)