---
title: "'തിരുനെല്ലി മഞ്ഞും ഭക്തിയും ചേർന്ന കുളിരണിഞ്ഞൊരു ദൈവിക യാത്ര"
english_title: "Thirunelli Temple, the beauty of Wayanad, devotion and Wayanad travel "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324474/thirunelli-temple-the-beauty-of-wayanad-devotion-and-wayanad-travel"
published_at: "2025-11-05T15:59:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690b270fe06fb_sderw4.jpg"
keywords: []
---

# 'തിരുനെല്ലി മഞ്ഞും ഭക്തിയും ചേർന്ന കുളിരണിഞ്ഞൊരു ദൈവിക യാത്ര

> **Lead Summary:** **[** മലകളും മഞ്ഞും ഒന്നിച്ച് സഞ്ചരിക്കുന്ന വയനാടിന്റെ ഹൃദയഭാഗത്താണ് തിരുനെല്ലി ക്ഷേത്രം. പ്രഭാതത്തിൽ മലകളിൽ നിന്ന് മഞ്ഞ് പാളികൾ പാറകളിൽ വീണു മറയുമ്പോഴാണ് കാട്ടിലെ വഴിയിലൂടെ യാത്ര തുടങ്ങിയത്.

## Article Content

**[** മലകളും മഞ്ഞും ഒന്നിച്ച് സഞ്ചരിക്കുന്ന വയനാടിന്റെ ഹൃദയഭാഗത്താണ് തിരുനെല്ലി ക്ഷേത്രം. പ്രഭാതത്തിൽ മലകളിൽ നിന്ന് മഞ്ഞ് പാളികൾ പാറകളിൽ വീണു മറയുമ്പോഴാണ് കാട്ടിലെ വഴിയിലൂടെ യാത്ര തുടങ്ങിയത്.

റോഡുകൾ പച്ചപ്പിൽ മുങ്ങിയിരുന്നു. തണുത്ത കാറ്റ് മുഖത്തടിക്കുമ്പോൾ, യാത്രയുടെ ക്ഷീണം തനിയെ ഇല്ലാതാവുന്നു. വഴിയിലെങ്ങുമുള്ള ഓരോ ദൃശ്യവും പ്രകൃതിയുടെ ചിത്രപണികളായിരുന്നു. ആനകൾ കടന്നുപോയ വഴികളും, പാറകളിൽ വന്നു വീഴുന്ന പുഴകളുടെ ശബ്ദവും,എല്ലാം ചേർന്ന് മനസിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കും.

കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ ഒരു ഹൈന്ദവ, വൈഷ്ണവ ക്ഷേത്രമാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. മരിച്ചു പോയവരുടെ ആത്മശാന്തിക്കായി നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ത്രിമൂർത്തികളിൽ ഒരാളായ ഭഗവാൻ മഹാവിഷ്ണുവാണ്‌.

തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ദൂരത്തു നിന്നും തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. ആയിരം വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രം, കല്ലുകൊണ്ടു തീർത്ത അത്ഭുതകലാസൃഷ്ടിയാണ്. 'പാപനാശിനി' എന്ന പുഴ ക്ഷേത്രത്തിൻ്റെ പക്കൽ നിന്നും ഒഴുകി എത്തുന്നത് ഭക്തരുടെ ഹൃദയത്തിലേക്കാണ്.

കല്ലുകളിൽ കൊത്തി ജീവൻ നൽകിയ ദേവതാമൂർത്തികൾ ക്ഷേത്രത്തിൻ്റെ ചുവരിൽ പ്രഭയോടെ നിൽക്കുന്നത് കാണാം, എല്ലാം ചേർന്ന് ഭക്തിയുടെ ആഴമുള്ള അനുഭവമാണ് തിരുനെല്ലി ക്ഷേത്രം. പൂജയുടെ മണി മുഴങ്ങുമ്പോൾ, മലമുകളിലെ മേഘങ്ങൾ പോലും ഒരു നിമിഷം നിശ്ചലമായി നിൽക്കും.

ആ നിമിഷം ഓരോ ഭക്തനും ദൈവീക സാന്നിധ്യം തിരിച്ചറിയും. ഇവിടെ കാറ്റിനും ശബ്ദത്തിനും നിശ്ചലമായ താളമുണ്ട്. തിരുനെല്ലിയിലെ ദിവസാവസാനം മഞ്ഞ് കെട്ടിനിന്ന മലമുകളിലൂടെ സൂര്യൻ അസ്തമിക്കുമ്പോഴാണ്, ആകാശം പൊൻനിറം പൂശി നിൽക്കും. ആ യാത്ര കഴിഞ്ഞു തിരിച്ചു വന്നിട്ടും മനസിൽ ഇന്നും ആ മലകളും, പുഴയും, എല്ലാം അതുപോലെ നിലനിൽക്കുന്നു. വയനാട് തന്നത് ആത്മാവിനെ തേടിയുള്ള ഒരു യാത്രയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324474/thirunelli-temple-the-beauty-of-wayanad-devotion-and-wayanad-travel)