---
title: " സന്തോഷവാർത്ത...; മണ്ണാറശ്ശാല ആയില്യം മഹോത്സവം: പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍; നവംബർ 12ന് സ്കൂളുകൾക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി "
english_title: "November 12, Schools, Government Office, Holiday, Alappuzha, Mannarasala, Sree Nagaraja Kshetra Ayilyam Mahotsavam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324372/november-12-schools-government-office-holiday-alappuzha-mannarasala-sree-nagaraja-kshetra-ayilyam-mahotsavam"
published_at: "2025-11-05T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690aa9f7998a6_HOLYDAY.jpg"
keywords: []
---

#  സന്തോഷവാർത്ത...; മണ്ണാറശ്ശാല ആയില്യം മഹോത്സവം: പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍; നവംബർ 12ന് സ്കൂളുകൾക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി 

> **Lead Summary:** **ആലപ്പുഴ: ( **[**www.truevisionnews.com**)] മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

## Article Content

**ആലപ്പുഴ: ( **[**www.truevisionnews.com**)] മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവം ദിനമായ നവംബർ 12 ബുധനാഴ്ച ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യ ഉത്സവം 10, 11, 12 തീയതികളിൽ ആഘോഷിക്കും. 12നാണ് ആയില്യം. ഇതിന് മുന്നോടിയായി കാവിലെ പൂജകൾ നാലിന് ആരംഭിക്കുമെന്ന് ദേവസ്വം ഭാരവാഹികളായ എസ് നാഗദാസ്, എൻ ജയദേവൻ എന്നിവർ അറിയിച്ചു. പത്തിന് പുണർതം നാളിൽ കാവിലെ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവത്തിന് തുടക്കമാകും.

വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്‌ച, രാത്രി 7.30ന് ചലച്ചിത്രതാരം നവ്യ നായർ അവതരിപ്പിക്കുന്ന നടനാഞ്‌ജലി, പൂയം നാളായ 11ന് രാവിലെ എട്ടിന് തിരൂർ പവിത്രനാദത്തിന്റെ ഇടയ്‌ക്കധ്വനി, 9.30ന് നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെ അമ്മയുടെ കാർമികത്വത്തിൽ ഉച്ചപൂജ, 11ന് ക്ഷേത്രത്തിന്റെ തെക്കേനടയിലെ മണ്ണാറശാല യുപി സ്‌കൂളിൽ പ്രസാദമൂട്ട്, പകൽ ഒന്നിന് കഥാപ്രസംഗം, മൂന്നിന് സംഗീതക്കച്ചേരി.

വൈകിട്ട് അഞ്ചിന് പെരുവനം പ്രകാശൻമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 6.30ന് വയലിൻ ഡ്യുയറ്റ്, വൈകിട്ട് അഞ്ചുമുതൽ പൂയം തൊഴൽ, ഏഴിന് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപ്പെട്ട അന്തർജനങ്ങൾക്കൊപ്പം അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, ഒമ്പതിന് ഓട്ടൻതുള്ളൽ, 9.30ന് കഥകളി, 10.30ന് സംഗീത സമന്വയം.​

ആയില്യം നാളായ 12ന് പുലർച്ചെ നാലിന് നടതുറക്കും, കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ. രാവിലെ എട്ടിന് അധ്യാത്മികപ്രഭാഷണം, ഒമ്പതിന് സംഗീതക്കച്ചേരി. രാവിലെ ഒമ്പതുമുതൽ ഇല്ലത്ത് നിലവറയ്‌ക്ക്‌ സമീപം അമ്മ ദർശനം നൽകും.

10 മുതൽ മഹാപ്രസാദമൂട്ട്, 11.30ന് കേരള കാളിദാസ സാംസ്‌കാരിക വേദിയും സർഗചൈതന്യ റൈറ്റേഴ്സ് ഫോറവും അവതരിപ്പിക്കുന്ന കവിയരങ്ങ്. ഉച്ചപൂജയ്‌ക്കുശേഷം ആയില്യം പൂജയ്‌ക്കുള്ള നാഗപത്മക്കളം വരയ്‌ക്കും. കളം പൂർത്തിയാകുന്നതോടെ അമ്മ തീർഥക്കുളത്തിൽ കുളിച്ച് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്കുശേഷം ആയില്യം എഴുന്നള്ളത്ത്.

> എഴുന്നള്ളത്ത് ഇല്ലത്ത് എത്തുന്നതോടെ അമ്മയുടെ കാർമികത്വത്തിൽ ആയില്യം പൂജ ആരംഭിക്കും. പൂജകൾ അർധരാത്രിവരെ, തുടർന്ന്‌ തട്ടിന്മേൽ നൂറുംപാലും. പകൽ 1.30ന് അക്ഷരശ്ലോക സദസ്, 2.30ന് പാഠകം, ചാക്യാർകൂത്ത്, വൈകിട്ട് നാലിന് ഭജൻസ്, 5.30ന് തിരുവാതിര, 6.30ന് ഉണ്ണിമായ മേനോന്റെ മോഹിനിയാട്ടം, 7.30ന് തിരുവാതിര, 8.30ന് നൃത്തനൃത്യങ്ങൾ, 9.30ന് പുരാണ നൃത്തനാടകം "നാഗദിഗംബരി' എന്നിവയുമുണ്ടാകും.​

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324372/november-12-schools-government-office-holiday-alappuzha-mannarasala-sree-nagaraja-kshetra-ayilyam-mahotsavam)