---
title: "പുകവലി ചോദ്യം ചെയ്തത് പ്രതിയെ പ്രകോപിപ്പിച്ചു; വർക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം, റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്"
english_title: "Varkala attack on train girl pushed remand report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324312/varkala-attack-on-train-girl-pushed-remand-report"
published_at: "2025-11-04T16:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909d9ca6c2e7_varkkala.jpg"
keywords: []
---

# പുകവലി ചോദ്യം ചെയ്തത് പ്രതിയെ പ്രകോപിപ്പിച്ചു; വർക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം, റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്

> **Lead Summary:** **തിരുവനന്തപുരം : **വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. പിന്നാലെ പെണ്‍കുട്ടികള്‍ ഇയാളോട് മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

## Article Content

**തിരുവനന്തപുരം : **വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. പിന്നാലെ പെണ്‍കുട്ടികള്‍ ഇയാളോട് മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന് പറഞ്ഞു. ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.

പ്രതി പുകവലിച്ചത് ശുചിമുറിക്ക് സമീപം നിന്നാണ്. പിന്നാലെ വാതിൽപ്പടിയിലിരുന്ന ശ്രീക്കുട്ടിയെ ശക്തിയായി ചവിട്ടുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി ആക്രമിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രതി ട്രെയിനിൽ കയറിയത് രണ്ട് ബാറുകളിൽ നിന്ന് മദ്യപിച്ച ശേഷമാണ്. പ്രതിക്കൊപ്പം ഒരു സുഹൃത്തും ട്രെയിനിൽ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയുടെ മേല്‍ ചുമത്തിയത് വധശ്രമം അടക്കം ആറ് വകുപ്പുകളാണ്.

അതേസമയം, ആക്രമണത്തിനിരയായ പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. പെൺകുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്റെ ബോഗിയിൽ പൊലീസ് പരിശോധന നടത്തി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ന് രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തി. ന്യൂറോളജി, ന്യൂറോ സർജറി വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാർ ശ്രീക്കുട്ടിയെ പരിശോധിച്ചു. തലയിലെ പരിക്ക് ഗുരുതരമെന്നാണ് വിലയിരുത്തൽ. തലയിലെ മർദ്ദം കുറയ്ക്കാനുള്ള ശ്രമമാണ് ഇപ്പോൾ തുടരുന്നത്. ഇതിനായുള്ള മരുന്നാണ് നൽകുന്നത്.

ഈ സ്ഥിതി മെച്ചപ്പെട്ടതിന് ശേഷമായിരിക്കും തുടർ ചികിത്സകളിൽ തീരുമാനം. അതേസമയം പെൺകുട്ടി ആക്രമിക്കപ്പെട്ട ബോഗി പൊലീസ് പരിശോധിച്ചു. ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചു വേളി യാർഡിൽ വെച്ചായിരുന്നു പരിശോധന. കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേരള എക്സ്പ്രസിന്‍റെ ജനറൽ കംപാർട്ട്മെന്‍റിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീക്കുട്ടി എന്ന സോനയെയാണ് മദ്യ ലഹരിയിലായിരുന്ന സഹയാത്രികൻ സുരേഷ് കുമാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളി താഴെയിട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324312/varkala-attack-on-train-girl-pushed-remand-report)