---
title: "'എൻ്റെ പൊന്നു മുത്തപ്പാ......' ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് ഒരുമതമല്ല ; പറശ്ശിനി ആ പുണ്യഭൂമിയിലേക്കൊരു തീർത്ഥയാത്ര പോകാം"
english_title: "Muthappan, Parassinikkadavu, Parassinikkadavu Muthappan, Muthappan Temple, Temple, Valapattanam River, Parassini Madappura"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324284/muthappan-parassinikkadavu-muthappanstory"
published_at: "2025-11-04T14:12:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909bfebe5c0d_WhatsApp_Image_2025-11-04_at_2.26.27_PM.jpeg"
keywords: []
---

# 'എൻ്റെ പൊന്നു മുത്തപ്പാ......' ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് ഒരുമതമല്ല ; പറശ്ശിനി ആ പുണ്യഭൂമിയിലേക്കൊരു തീർത്ഥയാത്ര പോകാം

> **Lead Summary:** > ** "എ**ൻ്റെ നെഞ്ച് പൊട്ടിപാടണ തോറ്റംപാട്ട്, നിൻ്റെയുള്ളുരുകണേ......എൻ്റെ പൊന്നു മുത്തപ്പാ....." മലയാളത്തിൻ്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ ആലപിച്ച ഭക്തി ഗാനം യൂട്യൂബിൽ കേട്ടത് അരക്കോടിയിലേറെ പേരാണ്. അതെ പറശ്ശിനിക്കടവിൽ ഒരു ദേവനുണ്ട് എന്നും തന്നെ തേടിയെത്തുന്നവരെ ചോറൂട്ടുന്ന മുത്തപ്പൻ...... ഇവിടെയെത്തി ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് ഒരുമതമല്ല , എല്ലാവരുമുണ്ട്. പറശ്ശിനിയെന്ന ആ പുണ്യഭൂമിയിലേക്കുളള തീർത്ഥയാത്രയിൽ ഭക്ത ജനങ്ങൾ മാത്രമല്ല പങ്കു ചേരുന്നത്. പ്രകൃതിയോട് ഇണങ്ങുന്ന ദൈവ സങ്കൽപ്പം, പുഴയും തീരവും അവിടുത്തെ കുളിർക്കാറ്റും.

## Article Content

> ** "എ**ൻ്റെ നെഞ്ച് പൊട്ടിപാടണ തോറ്റംപാട്ട്, നിൻ്റെയുള്ളുരുകണേ......എൻ്റെ പൊന്നു മുത്തപ്പാ....." മലയാളത്തിൻ്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ ആലപിച്ച ഭക്തി ഗാനം യൂട്യൂബിൽ കേട്ടത് അരക്കോടിയിലേറെ പേരാണ്. അതെ പറശ്ശിനിക്കടവിൽ ഒരു ദേവനുണ്ട് എന്നും തന്നെ തേടിയെത്തുന്നവരെ ചോറൂട്ടുന്ന മുത്തപ്പൻ...... ഇവിടെയെത്തി ഉള്ളുരുകി പ്രാർത്ഥിക്കുന്നവർക്ക് ഒരുമതമല്ല , എല്ലാവരുമുണ്ട്. പറശ്ശിനിയെന്ന ആ പുണ്യഭൂമിയിലേക്കുളള തീർത്ഥയാത്രയിൽ ഭക്ത ജനങ്ങൾ മാത്രമല്ല പങ്കു ചേരുന്നത്. പ്രകൃതിയോട് ഇണങ്ങുന്ന ദൈവ സങ്കൽപ്പം, പുഴയും തീരവും അവിടുത്തെ കുളിർക്കാറ്റും.

തിരക്കുകൾക്കിടയിൽ മനസൊന്ന് ശാന്തമാക്കാൻ ഒരിടത്തേക്കൊരു യാത്രയായാലോ? ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം സാധിക്കുന്ന ഒരു ക്ഷേത്ര ഭൂമി. കണ്ണൂർ ജില്ലയിലെ വളപട്ടണം നദിയുടെ തീരത്ത് തലയുയർത്തി നിൽപ്പാണ് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം. കേരളത്തിൻ്റെ ആത്മീയവും സാംസ്കാരികവുമായ പാരമ്പര്യത്തിൻ്റെ പ്രൗഡമായ പ്രതീകമാണ് ഈ ആരാധനാലയം.

ഭക്തിയും ശാന്തമായ അന്തരീക്ഷവും ഒത്തുചേർന്ന ഈ ക്ഷേത്രത്തിലേക്ക് ഒരിക്കൽ സഞ്ചരിച്ചാൽ അത് മറക്കാനാവാത്ത അനുഭവമായി അത് മാറും. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പറശ്ശിനിക്കടവ് ക്ഷേത്രത്തിൽ ഏത് നേരവും ഭക്ഷണമുണ്ട്. വരുന്നവരെ സ്വീകരിക്കുന്നത് വൻപയർ പുഴുങ്ങിയതും തേങ്ങാ പൂളും ചേർന്ന പ്രസാദം വായയിലയിൽ വിളമ്പിയാണ്. ഒപ്പം ചായയും.

പിന്നെ ഉച്ചയ്ക്കും അത്തായത്തിനും ചോറും മോരുകറിയും പരിപ്പ് സാമ്പാറും മറക്കാത്ത രുചിയൂൺ. ഇവിടെ ചില പ്രത്യേക ദിവസങ്ങൾ ഒഴികെ ദിവസങ്ങളിലും മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും കെട്ടിയാടുന്നു. രാവിലെ 6 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുകയാണെങ്കിൽ വെള്ളാട്ടം ദർശിക്കാൻ സാധിക്കും. കേരളത്തിൽ മാത്രമല്ല മറ്റു ഇതര സംസ്ഥാനങ്ങളിലും വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് പറശ്ശിനി മുത്തപ്പൻ ക്ഷേത്രം.

മുത്തപ്പൻ വെള്ളാട്ടം കെട്ടിയാടുന്നതിൻ്റെ പിന്നിലൊരു ഐതിഹ്യം ഉണ്ട്. കണ്ണൂർ ജില്ലയിൽ തന്നെയുള്ള അയ്യങ്കര നാടുവാഴിയുടെയും പാടിക്കുറ്റിയുടേയും ദത്തുപുത്രനാണത്രേ മുത്തപ്പൻ. കുട്ടികളില്ലാത്തതിനാൽ യാഗം നടത്തിയതിൻ്റെ ഫലമായാണ് നദിക്കരയിലെ പാറക്കല്ലിൽ നിന്നും മുത്തപ്പനെ പാടിക്കുറ്റിയമ്മയ്ക്ക് ലഭിച്ചതെന്ന് പറയപ്പെടുന്നു.

നായാടുക, അടിച്ചമർത്തപ്പെട്ടവരെ സംരക്ഷിക്കുക എന്നതായിരുന്നു മുത്തപ്പൻ്റെ ഭൂമിയിലെ അവതാര ലക്ഷ്യം. അതു മൂലം മുത്തപ്പനോട് അയ്യങ്കര നാടു വാഴിക്ക് എതിർപ്പുണ്ടായിരുന്നു എന്നും മുത്തപ്പൻ അവിടെ നിന്ന് പടയിറങ്ങി കുന്നത്തൂർപാടിയിലെത്തിപ്പെടുകയും അവിടെ നിന്ന് അമ്പെയ്ത് അത് എത്തിപ്പെട്ട സ്ഥലം പറശ്ശിനിക്കടവാണെന്നുമാണ് ഐതിഹ്യം.

വിശ്വാസമർപ്പിക്കുന്ന ഭക്തരെ ഒരിക്കലും ചതിക്കാത്ത മുത്തപ്പനെ അവിടത്തെ ദൈവമായി പ്രതിഷ്ഠിച്ചു എന്നും പറയപ്പെടുന്നു. ഇങ്ങനെ പല ഐതീഹ്യങ്ങളും കേട്ടു കേൾവിയുണ്ട്. മുത്തപ്പൻ ക്ഷേത്രത്തിൽ നായകളുടെ സാന്നിദ്ധ്യവും ഇതിനൊക്കെ അടിവരയിടുന്നതാണ്. പറശ്ശിനിക്കടവിൽ വളപട്ടണം പുഴയുടെ പടിഞ്ഞാറേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയുന്നത്. ഭക്തർ ക്ഷേത്രത്തിൻ്റെ അകത്തേക്ക് പുഴയിലിറങ്ങി കാൽ കഴുകിയതിന് ശേഷമാണ് പ്രവേശിക്കുക.

പ്രാർത്ഥനയക്കു ശേഷം മുത്തപ്പൻ്റെ പ്രസാദമായ വാഴയിലയിൽ വൻപയറും പിന്നെ ചായയും ഭക്തർക്കായി നൽകും അതിൻ്റെ സ്വാദറിഞ്ഞിട്ടുള്ളവർ അത് ഒരിക്കലും മറക്കാൻ വഴിയില്ല. കൂടാതെ എല്ലാ ദിവസങ്ങളിലും രാവിലെയും വൈകിട്ടുമായി അന്നദാനവും ഉണ്ട്. ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന വഴിയുടെ ഇരുവശങ്ങളിലും ഒട്ടനവധി കടകളുണ്ട്. ആ കാഴ്ച്ചകൾ കണ്ടുകൊണ്ട് നടന്നു നീങ്ങാം.

ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയാൽ നീണ്ടു പരന്ന വളപട്ടണം പുഴയിൽ നിന്നു വീശിയെത്തുന്ന കാറ്റ് നമ്മെ മൃദുവായി സ്പർശിക്കും . അങ്ങനെ നദിയുടെ ഭംഗിയാസ്വദിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ല. കൂടാതെ വിനോദത്തിനായി ബോട്ട് യാത്രയും അവിടെ സജ്ജമാക്കിയിട്ടുണ്ട് . തീർത്ഥാടനയാത്രക്കുപരി ഒരു ഉല്ലാസയാത്രയുടെ അനുഭൂതി ലഭിക്കാനായി വിസ്മയ അമ്യൂസ്മെൻ്റ് പാർക്ക്, സ്നേക്ക് പാർക്ക് എന്നിവ ക്ഷേത്രത്തിൻ്റെ ചുറ്റുപാടിലായിത്തന്നെ ഉണ്ട്.

പറശ്ശിനിക്കടവിൽ നിന്ന് മടങ്ങുമ്പോൾ മുത്തപ്പൻ്റെ ചിരിയും വളപട്ടണം പുഴയുടെ അലയും മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കും. കണ്ണൂർ ബസ് സ്റ്റാൻ്റിൽ നിന്ന് ബസ് സൗകര്യം ലഭ്യമാണ്. 19 കിലോമീറ്റർ മാത്രമാണ് ദൂരം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324284/muthappan-parassinikkadavu-muthappanstory)