---
title: "'ഇതാണെന്റെ ജീവിതം';  ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകം -  എ പി അബ്ദുല്ലക്കുട്ടി"
english_title: "'EPJayarajan's autobiography book fabricated criticize mvGovindan PJayarajan' APAbdullakutty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324279/epjayarajans-autobiography-book-fabricated-criticize-mvgovindan-pjayarajan-apabdullakutty-new"
published_at: "2025-11-04T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909b6c6caef9_ep.jpg"
keywords: []
---

# 'ഇതാണെന്റെ ജീവിതം';  ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകം -  എ പി അബ്ദുല്ലക്കുട്ടി

> **Lead Summary:** ** ** എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി.

## Article Content

** ** എം വി ഗോവിന്ദനേയും പി ജയരാജനെയും വിമർശിക്കാൻ തട്ടിക്കൂട്ടിയ പുസ്തകമാണ് ഇ പി ജയരാജന്റെ ആത്മകഥയെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി.

ഗോവിന്ദനോട്‌ കടുത്ത വിരോധമാണ് ഇ പിക്കുള്ളത്. അതുകൊണ്ടാണ് പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത്. പി ജയരാജൻ ഒരു പുസ്തകം എഴുതിയാൽ ഇ പി ജയരാജന്റെ കഥകൾ എല്ലാം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാൽ ബിജെപിക്ക് താത്പര്യമില്ലായിരുന്നെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു.

അതിനിടെ ആത്മകഥയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ രംഗത്തുവന്നു. പുസ്തകം വായിച്ചിരുന്നെങ്കിൽ എല്ലാത്തിനും വ്യക്തത വരുമായിരുന്നു. വായിച്ചിട്ടും സംശയം ഉണ്ടെങ്കിൽ കണ്ണൂരിൽ ഒരു പരിപാടി സംഘടിപ്പിക്കുമെന്നും അവിടെ മറുപടി പറയാമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഇ.പി ജയരാജന്റെ ആത്മകഥ 'ഇതാണെന്റെ ജീവിതം' ഇന്നലെ പ്രകാശനം ചെയ്തു. കണ്ണൂരിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കഥാകൃത്ത് ടി പദ്മനാഭൻ ഏറ്റുവാങ്ങി.

പികെ കുഞ്ഞാലികുട്ടി, പിഎസ് ശ്രീധരൻ പിള്ള, പന്ന്യൻ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സംസ്ഥാന സമിതി അംഗം പി ജയരാജൻ തുടങ്ങിയ നേതാക്കളും എത്തിയിരുന്നില്ല.

പാർട്ടിയിലെ നയപരമായ അഭിപ്രായ ഭിന്നതകളിൽ ശരിയായ നിലപാടുകളാണ് ഇ പി സ്വീകരിച്ചതെന്നും അസത്യങ്ങളും അർത്ഥ സത്യങ്ങളും കൊണ്ട് ഇപിക്ക് എതിരെ ഏറെ പ്രചരണങ്ങളുണ്ടായെന്നും ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324279/epjayarajans-autobiography-book-fabricated-criticize-mvgovindan-pjayarajan-apabdullakutty-new)