---
title: "'അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണം' -  കെ.എസ്.ടി.സി"
english_title: "Teachers job security   KSTC"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324245/teachers-job-security-kstc"
published_at: "2025-11-04T11:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6909920ddd748_ktc.jpg"
keywords: []
---

# 'അധ്യാപകരുടെ ജോലി സുരക്ഷ ഉറപ്പു വരുത്തണം' -  കെ.എസ്.ടി.സി

> **Lead Summary:** **തിരുവനന്തപുരം : **അധ്യാപകർക്ക് ജോലിസുരക്ഷ ( പ്രൊട്ടക്ഷൻ) അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേർസ് സെൻ്റർ ആവശ്യപ്പെട്ടു. 2015 മുതൽ അനിയന്ത്രിതമായി സ്വകാര്യ അൺ എയിഡഡ് വിദ്യാലയങ്ങൾ വന്നത് വഴി സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം : **അധ്യാപകർക്ക് ജോലിസുരക്ഷ ( പ്രൊട്ടക്ഷൻ) അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേർസ് സെൻ്റർ ആവശ്യപ്പെട്ടു. 2015 മുതൽ അനിയന്ത്രിതമായി സ്വകാര്യ അൺ എയിഡഡ് വിദ്യാലയങ്ങൾ വന്നത് വഴി സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ കുറവുണ്ടായിട്ടുണ്ട്.

ഇക്കാരണത്താൽ പൊതുവിദ്യാലയങ്ങളിലെ അധ്യാപക തസ്തികളും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തോളമായി അധ്യാപകർ ജോലി സുരക്ഷയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നുണ്ട്. മതിയായ എണ്ണം കുട്ടികളില്ലെന്ന കാരണത്താൽ സംസ്ഥാനത്ത് 2011 ന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് ഇതുവരെ സ്ഥിര നിയമനാംഗീകാരം ലഭിച്ചിട്ടില്ല.

അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ച് എല്ലാ നിയമനങ്ങൾക്കും അംഗീകാരം നൽകണമെന്നും സെക്രട്ടറിയേറ്റ് ധർണ്ണയിലൂടെ ആവശ്യപ്പെട്ടു.കേന്ദ്ര വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, ടെറ്റ് യോഗ്യത സുപ്രീം കോടതി വിധിയിൽ സർക്കാർ ഇടപെടുക, ഉച്ചഭക്ഷണ പദ്ധതി കാലോചിതമായി പരിഷ്കരിക്കുക,വിദ്യാർത്ഥി-അധ്യാപക അനുപാതം കുറച്ചു സ്പെഷ്യലിസ്റ്റ് തസ്തിക അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക,തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

ധർണ്ണ ആർ.ജെ.ഡി.സംസ്ഥാന വൈസ് പ്രസിഡൻ്റ്- മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള  ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.സി. സംസ്ഥാന. പ്രസിഡൻ്റ് ഹരീഷ് കടവത്തൂർ അധ്യക്ഷനായി.ആർ.ജെ. ഡി. ദേശീയ സമിതി അംഗം. എം. എൻ. നായർ, ജനറൽ സെക്രട്ടറി റോയ് ബി.ജോൺ , സെക്രട്ടറി എം. പ്രിൻസ്,

സെക്രട്ടറി കെ.മനോജ്, ട്രഷറർ വി.റഷീദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കിരൺജിത്ത്,എ. എസ്. ഷംനാദ്, എൻ.ഉദയകുമാർ, ടി.കെ. മനോജ്, പി.രാജേഷ്, ടി.സുരേഷ് ബാബു, പി.വി സുഹേഷ്, പി.പി.മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324245/teachers-job-security-kstc)