---
title: "വീണ്ടും ആശ്വാസം ...: വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കാം; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്"
english_title: "Bail conditions  hunter  rape case relaxed RAPPERVEDAN CASE"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324112/bail-conditions-hunter-rape-case-relaxed-rappervedan-case"
published_at: "2025-11-03T14:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69086d8d4b0b7_VEDAN.jpg"
keywords: []
---

# വീണ്ടും ആശ്വാസം ...: വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കാം; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

> **Lead Summary:** **കൊച്ചി: ** വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കാം. റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി.

## Article Content

**കൊച്ചി: ** വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കാം. റാപ്പര്‍ വേടന് ബലാത്സംഗക്കേസിലെ ജാമ്യ വ്യവസ്ഥയിലും ഇളവ് നല്‍കി ഹൈക്കോടതി. തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും കോടതി ജാമ്യ വ്യവസ്ഥ റദ്ദാക്കി.

മുന്‍കൂര്‍ ജാമ്യത്തിലെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. നേരത്തെ വിദ്യാര്‍ത്ഥിയെ അപമാനിച്ചെന്ന കേസില്‍ വേടന് ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നുമായിരുന്നു അന്ന് നിര്‍ദ്ദേശമുണ്ടായത്. വിവാഹ വാഗ്ദാനം നല്‍കി അഞ്ചുതവണ പീഡിപ്പിച്ചുവെന്നതാണ് വേടനെതിരായ ബലാത്സംഗക്കേസ്.

കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ഗവേഷക വിദ്യാര്‍ഥിയുടെ പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കഴിഞ്ഞ ഓഗസ്റ്റ് 21-ന് സെന്‍ട്രല്‍ പോലീസ് കേസ് എടുത്തത്.

പരാതി അടങ്ങിയ ഇ-മെയിലില്‍ മൊബൈല്‍ ഫോണ്‍ നമ്പറോ മേല്‍വിലാസമോ ഉണ്ടായിരുന്നില്ല. അതിനാല്‍ തുടക്കത്തില്‍ പൊലീസിന് പരാതിക്കാരിയെ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.

പിന്നീട് മേല്‍വിലാസവും ഫോണ്‍ നമ്പറും ശേഖരിച്ച പൊലീസ് പരാതിക്കാരിയോട് മൊഴിയെടുപ്പിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ പൊലീസിന്റെ നോട്ടീസിനെതിരെ യുവതി ഹൈക്കോടതിയെ സമീപിച്ചു.

പൊലീസ് അയച്ച നോട്ടീസ് തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിനാല്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാന്‍ കഴിയില്ലെന്ന് നിലപാടിലായിരുന്നു സെന്‍ട്രല്‍ പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324112/bail-conditions-hunter-rape-case-relaxed-rappervedan-case)