---
title: "'മെസ്സി മാർച്ചിൽ തന്നെ വരും, അർജന്റീന ഫുട്ബോൾ ടീമിന്റെ ഇ മെയിൽ വന്നിരുന്നു' വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ"
english_title: "sports minister v abdurahiman about argentina visit kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324099/sports-minister-v-abdurahiman-about-argentina-visit-kerala"
published_at: "2025-11-03T13:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69085f3fe62b4_abhurahiman.jpg"
keywords: []
---

# 'മെസ്സി മാർച്ചിൽ തന്നെ വരും, അർജന്റീന ഫുട്ബോൾ ടീമിന്റെ ഇ മെയിൽ വന്നിരുന്നു' വീണ്ടും അവകാശ വാദവുമായി കായിക മന്ത്രി വി.അബ്ദുറഹ്മാൻ

> **Lead Summary:** അര്‍ജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. രണ്ടുദിവസംമുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

## Article Content

അര്‍ജന്റീന ടീം സൗഹൃദമത്സരത്തിനായി കേരളത്തില്‍ അടുത്തവര്‍ഷം മാര്‍ച്ചില്‍ വരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. രണ്ടുദിവസംമുന്‍പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നിരുന്നു. മാര്‍ച്ചില്‍ വരുമെന്ന് ഉറപ്പ് നല്‍കിയതായും അത് സംബന്ധിച്ച പ്രഖ്യാപനം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഉടന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു. സ്‌റ്റേഡിയത്തിലെ അസൗകര്യങ്ങളാണ് നവംബറിലെ കളി മുടങ്ങാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.

മാര്‍ച്ചില്‍ നിര്‍ബന്ധമായും വരുമെന്നറിയിച്ച് രണ്ടുദിവസംമുന്‍പ് മെയില്‍ വന്നിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. അടുത്ത ദിവസംതന്നെ അതുസംബന്ധിച്ച ഒരു പ്രഖ്യാപനമുണ്ടാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ഫിഫയുടെ അനുമതി സംബന്ധിച്ച കാര്യങ്ങളില്‍ മന്ത്രി വ്യക്തത വരുത്തിയിട്ടില്ല.

നേരത്തേ ഒക്ടോബറില്‍ വരുമെന്നും പിന്നീട് നവംബറില്‍ വരുമെന്നുമായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലെ സ്റ്റേഡിയമടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം നവംബര്‍ വിന്‍ഡോയില്‍ കേരളത്തില്‍ എത്തില്ലെന്ന് പിന്നീട് മന്ത്രിയും സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിനും പ്രഖ്യാപിച്ചു. അടുത്ത വിന്‍ഡോ ആയ മാര്‍ച്ചില്‍ വരുമെന്നാണ് ഇപ്പോള്‍ മന്ത്രി വ്യക്തമാക്കുന്നത്.

അതേസമയം, കേരളത്തില്‍ വരുമെന്നറിയിച്ച ദിവസം അര്‍ജന്റീന ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനെത്തും. നവംബര്‍ 14-ന് ലുവാണ്ടയിലെ സ്റ്റേഡിയത്തിലാണ് മത്സരം. അംഗോളയുടെ സ്വാതന്ത്ര്യത്തിന്റെ 50-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

ഗോട്ട് ടൂര്‍ 2025-ന്റെ ഭാഗമായി മെസ്സി ഡിസംബറില്‍ ഇന്ത്യയിലെത്തുന്നുണ്ട്. മെസ്സിക്കൊപ്പം സഹതാരം റോഡ്രിഗോ ഡി പോള്‍, യുറഗ്വായ് താരം ലൂയിസ് സുവാരസ് എന്നിവരുമുണ്ടെന്നാണ് വിവരം. ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഡിസംബര്‍ 12 മുതല്‍ 15 വരെ ഇന്ത്യയിലുണ്ടാകും. പ്രമുഖ സ്‌പോര്‍ട്‌സ് സംരംഭകനും ഗോട്ട് ടൂര്‍ 2025-ന്റെ സംഘാടകനുമായ സതാദ്രു ദത്തയാണ് മെസ്സിയെ ഇന്ത്യയിലെത്തിക്കുന്നത്. മുന്‍പ് പെലെ, ഡീഗോ മാറഡോണ എന്നിവരെയുള്‍പ്പെടെ ഇദ്ദേഹം ഇന്ത്യയിലെത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324099/sports-minister-v-abdurahiman-about-argentina-visit-kerala)