---
title: "അമീബിക് മസ്തിഷ്കജ്വരം: കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോ​ഗ്യ നില തൃപ്തികരം, ആശുപത്രി വിട്ടു"
english_title: "Amebic encephalitis, Kochi, patient's, health condition, satisfactory, discharged, hospital"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324076/amebic-encephalitis-kochi-patients-health-condition-satisfactory-discharged-hospital"
published_at: "2025-11-03T11:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69084c161d323_health.jpg"
keywords: []
---

# അമീബിക് മസ്തിഷ്കജ്വരം: കൊച്ചിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോ​ഗ്യ നില തൃപ്തികരം, ആശുപത്രി വിട്ടു

> **Lead Summary:** **കൊച്ചി: ** കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോ​ഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു.

## Article Content

**കൊച്ചി: ** കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച വ്യക്തിയുടെ ആരോ​ഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഇയാൾ ആശുപത്രി വിട്ടു.

കൊച്ചിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരത്തിന്റെ രണ്ടാം വകഭേദമാണ് സ്ഥിരീകരിച്ചതെന്നും ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു.

ഇടപ്പള്ളിയിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു.

അതേസമയം തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മ കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു . ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.

ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്.

**പ്രാരംഭ ലക്ഷണങ്ങൾ:**

*രുചിയിലും ഗന്ധത്തിലുമുള്ള മാറ്റങ്ങൾ*

*ശക്തമായ തലവേദന*

*പനി*

*ഓക്കാനം, ഛർദ്ദി*

*കഴുത്ത് വേദന അല്ലെങ്കിൽ കഴുത്തിൽ മുറുക്കം*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324076/amebic-encephalitis-kochi-patients-health-condition-satisfactory-discharged-hospital)