---
title: "ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യം, ട്രെയിനിലിപ്പോഴും സ്ത്രീകൾക്ക് സുരക്ഷയില്ല -സൗമ്യയുടെ അമ്മ സുമതി"
english_title: "Woman assaulted on train in Varkala Soumya's mother Sumathi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324042/woman-assaulted-on-train-in-varkala-soumyas-mother-sumathi"
published_at: "2025-11-03T10:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69083461ae823_varkkala.jpg"
keywords: []
---

# ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യം, ട്രെയിനിലിപ്പോഴും സ്ത്രീകൾക്ക് സുരക്ഷയില്ല -സൗമ്യയുടെ അമ്മ സുമതി

> **Lead Summary:** **പാലക്കാട്: **വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു. ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലും ജനറൽ കമ്പാർട്ട്മെന്റിലും സുരക്ഷയില്ല.

## Article Content

**പാലക്കാട്: **വർക്കലയിൽ ട്രെയിനിൽ യുവതി നേരിട്ട അതിക്രമം സൗമ്യ നേരിട്ട പോലെയുള്ള ക്രൂര കൃത്യമെന്ന് ഗോവിന്ദച്ചാമി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഇപ്പോഴും ട്രെയിനിൽ സുരക്ഷയില്ലെന്നും അവർ പറഞ്ഞു. ട്രെയിനിലെ ലേഡീസ് കമ്പാർട്ട്മെന്റിലും ജനറൽ കമ്പാർട്ട്മെന്റിലും സുരക്ഷയില്ല.

സൗമ്യ കൊല്ലപ്പെട്ടപ്പോൾ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയിൽ കമ്പാർട്ടുമെൻ്റുകളിൽ പരിശോധനകൾ നടന്നു. സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത്. ആരും ട്രെയിനുകളിൽ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസം വർക്കലയിൽ വെച്ചാണ് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടത്. സംഭവത്തിൽ സുരേഷ് കുമാർ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലായിരുന്നു സംഭവം ഉണ്ടായത്. ട്രെയിനിൻ്റെ വാതിൽ പടിയിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി. പിന്നിൽ നിന്നുമാണ് ചവിട്ടിയത്.

ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ശ്രീക്കുട്ടിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. പെൺകുട്ടി ഐ സി യുവിൽ തുടരുകയാണ്. ആന്തരിക രക്തസ്രാവം ഉള്ളതായാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് പെൺകുട്ടി. അതേസമയം, പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് കേസെടുത്തു. തമ്പാനൂര്‍ റെയില്‍വേ പൊലീസ് ആണ് കേസെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആരോഗ്യ നില തൃപ്തികരമെന്ന് ആര്‍ പി എഫ് ഉദ്യേഗസ്ഥര്‍ ഇന്ന് പുലർച്ചെ അറിയിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയ ഇല്ല. അതേസമയം, നിരീക്ഷണത്തിലായിരിക്കും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസ്സിലെ ജനറല്‍ കമ്പാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പനച്ചിമൂട് സ്വദേശി സുരേഷ് കുമാര്‍ പിടിയിലായി.

പ്രതിയെ കൊച്ചുവേളിയില്‍ വച്ച് റെയില്‍വേ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ യാത്രക്കാര്‍ ചേര്‍ന്നാണ് കീഴ്‌പ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കില്‍ നിന്നാണ് റെയില്‍വേ ജീവനക്കാര്‍ കണ്ടെത്തിയത്. തനിക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി എന്നും സഹയാത്രിക പറഞ്ഞു. പ്രതി മദ്യപിച്ചാണ് കമ്പാര്‍ട്‌മെന്റില്‍ കയറിയതെന്ന് സഹയാത്രിക പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണമുണ്ടായത്.

തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതിയും സുഹൃത്തും യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. പ്രതി ട്രെയിനിൽ വെച്ചാണ് മദ്യപിച്ചത്. ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324042/woman-assaulted-on-train-in-varkala-soumyas-mother-sumathi)