---
title: "വീട്ടിൽ അതിക്രമിച്ചു കയറി, ചാടി വീണ് എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ"
english_title: "trinamool mla attacked The youth was arrested in Kolkata"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324036/trinamool-mla-attacked-the-youth-was-arrested-in-kolkata"
published_at: "2025-11-03T09:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69082f3e4ef16_44.jpg"
keywords: []
---

# വീട്ടിൽ അതിക്രമിച്ചു കയറി, ചാടി വീണ് എംഎൽഎയുടെ അടിവയറ്റിൽ ഇടിച്ചു; യുവാവ് അറസ്റ്റിൽ

> **Lead Summary:** **കൊൽക്കത്ത: ( **[www.truevisionnews.com]** )** തൃണമൂൽ കോൺഗ്രസ് എംഎൽഎയും ബംഗാൾ മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി സാൾട്ട് ലേക്ക് പ്രദേശത്തെ എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ 30 വയസ്സുകാരനായ അഭിഷേക് ദാസ് എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാത്രി 9 മണിയോടെ ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അഭിഷേക് ദാസ് പെട്ടെന്ന് മുൻ മന്ത്രിയുടെ നേരെ ചാടിവീഴുകയും അടിവയറ്റിൽ ഇടിക്കുകയും ആയിരുന്നു.

## Article Content

**കൊൽക്കത്ത: ( **[www.truevisionnews.com]** )** തൃണമൂൽ കോൺഗ്രസ് എംഎൽഎയും ബംഗാൾ മുൻ മന്ത്രിയുമായ ജ്യോതിപ്രിയ മല്ലിക്കിനെ വീട്ടിൽ കയറി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി സാൾട്ട് ലേക്ക് പ്രദേശത്തെ എംഎൽഎയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ 30 വയസ്സുകാരനായ അഭിഷേക് ദാസ് എന്ന യുവാവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. രാത്രി 9 മണിയോടെ ജ്യോതിപ്രിയ മല്ലിക്കിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ അഭിഷേക് ദാസ് പെട്ടെന്ന് മുൻ മന്ത്രിയുടെ നേരെ ചാടിവീഴുകയും അടിവയറ്റിൽ ഇടിക്കുകയും ആയിരുന്നു.

അടിയേറ്റ് വയറ്റിൽ പിടിച്ച് ഒരു നിമിഷം സ്തബ്ധനായി നിന്ന ജ്യോതിപ്രിയ ബഹളം വച്ചതോടെ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും സമീപത്തുള്ള മറ്റുള്ളവരും ഓടിയെത്തി യുവാവിനെ കീഴടക്കുകയായിരുന്നു. പ്രതിയെ പിന്നീട് ബിധാൻനഗർ പൊലീസിനു കൈമാറി. നോർത്ത് 24 പർഗാനാസ് ജില്ലക്കാരനാണെന്നും ജോലിയ്ക്കായി ജ്യോതിപ്രിയ മല്ലിക്കിനോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ യുവാവ് പറഞ്ഞു.

നഗരത്തിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ യുവാവ് ചികിത്സയിൽ കഴിയുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. പെട്ടെന്ന് മുന്നോട്ടു ചാടി വന്ന് അടിച്ചപ്പോൾ ഞെട്ടിപ്പോയെന്നു ജ്യോതിപ്രിയ പറഞ്ഞു. അയാൾ മദ്യപിച്ചിരുന്നോ എന്ന് അറിയില്ല. മുൻപ് ഒരിക്കലും അയാളെ കണ്ടിട്ടില്ല. മണ്ഡ‍ലത്തിൽ നിന്നുള്ള ആരെങ്കിലും തന്നെ ആക്രമിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും ജ്യോതിപ്രിയ പറഞ്ഞു.

രണ്ടു വർഷം മുൻപ് വനം മന്ത്രിയായിരിക്കെ, അഴിമതി കേസിൽ കേന്ദ്ര ഏജൻസികൾ ജ്യോതിപ്രിയയെ അറസ്റ്റ് ചെയ്തിരുന്നു. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന കാലത്തേത് ആയിരുന്നു കേസ്. ഇതിനു പിന്നാലെയാണ് ജ്യോതിപ്രിയയ്ക്കു മന്ത്രിസ്ഥാനം നഷ്ടമായത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324036/trinamool-mla-attacked-the-youth-was-arrested-in-kolkata)