---
title: "യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം:  'ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ല, ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടു' - കുറ്റം സമ്മതിച്ച് പ്രതി "
english_title: "SureshKumar incident pushing girl from train  tracks Varkala Thiruvananthapuram confessed crime. "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/324023/sureshkumar-incident-pushing-girl-from-train-tracks-varkala-thiruvananthapuram-confessed-crime"
published_at: "2025-11-03T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69080d7154d43_arrest.jpg"
keywords: []
---

# യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം:  'ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ല, ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടു' - കുറ്റം സമ്മതിച്ച് പ്രതി 

> **Lead Summary:** തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി.

## Article Content

തിരുവനന്തപുരം വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതിൽ നിന്നും പെൺകുട്ടി മാറിയില്ലെന്നും ഇതിൻ്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടുവെന്നുമാണ് പ്രതി സുരേഷിന്റെ മൊഴി.

പിന്നിൽ നിന്നുമാണ് ചവിട്ടിയത്. പ്രതിക്ക് മുമ്പ് കേസുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. കസ്‌റ്റഡിയിലുളള പ്രതി സുരേഷ് പെൺകുട്ടിയെ തള്ളിയിട്ടത് തന്നെയെന്ന് റെയിൽവേ പൊ‍ലീസും സ്ഥിരീകരിച്ചു.

ഇയാൾ കോട്ടയത്ത് നിന്നും മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നും സ്ഥിരീകരണമുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉച്ചക്ക് കോടതിയിൽ ഹാജരാക്കും.

അതേസമയം പെൺകുട്ടി ട്രെയിനിൽ‌ നിന്നും ഇറങ്ങാനായ സമയത്താണ് സംഭവമെന്ന് സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്ത് ബാത്ത്റൂമിൽ പോയ സമയത്താണ് പുറത്തേക്ക് നോക്കി നിന്ന യുവതിയെ പ്രതിയായ സുരേഷ് കുമാർ ചവിട്ടി തള്ളിയിട്ടത്.

കോട്ടയത്ത് നിന്നാണ് ഇയാൾ ട്രെയിനിൽ കയറിയത്. പ്രതി പെയിൻ്റിംഗ് തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇയാൾ വ്യത്യസ്ഥമായ മൊഴികളാണ് ആദ്യം പൊലീസിന് നൽകിയത് . പ്രതി മദ്യലഹരിയിലാണെന്ന സംശയത്തിലാണ് പൊലീസ്. ഇയാളെ മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോയി. അതേസമയം, സുഹൃത്തിനേയും പ്രതി ഉപദ്രവിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/324023/sureshkumar-incident-pushing-girl-from-train-tracks-varkala-thiruvananthapuram-confessed-crime)