---
title: "പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി"
english_title: "Police complaint filed against PMA Salam abusive speech against Chief Minister PinarayiVijayan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323934/police-complaint-filed-against-pma-salam-abusive-speech-against-chief-minister-pinarayivijayan"
published_at: "2025-11-02T14:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69071e15aeacb_pma.jpg"
keywords: []
---

# പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

> **Lead Summary:** **തിരുവനന്തപുരം : **മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി.

## Article Content

**തിരുവനന്തപുരം : **മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പ്രസംഗത്തിൽ പി.എം.എ സലാമിനെതിരെ പൊലീസിൽ പരാതി. സി.പി.എം പ്രവർത്തകനായ വാഴക്കാട് സ്വദേശി മുഹമ്മദ് ജിഫ്രി തങ്ങളാണ് പരാതി നൽകിയത്. വഴക്കാട് പൊലീസ് സ്റ്റേഷനിലാണ് പരാതി.

അതിനിടെ മുഖ്യമന്ത്രിക്കെതിരായ പിഎംഎ സലാമിൻ്റെ വിവാദ പ്രസംഗം തള്ളി മുസ്ലിം ലീഗ് രംഗത്തെത്തി. രാഷ്ട്രീയ വിമർശനങ്ങൾ ആകാം, പക്ഷേ വ്യക്തി അധിക്ഷേപം പാടില്ലെന്നാണ് പാണക്കാട് സാദിഖലി തങ്ങളുടെ പ്രതികരണം.

തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പരാമർശങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് മുസ്ലിം ലീഗിൽ പൊതു അഭിപ്രായം. സലാമിന് പറ്റിയ പിഴവ് പാർട്ടി തിരുത്തിച്ചെന്ന് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം നടത്തിയ പരാമർശം അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉന്നത പദവിയിലിരിക്കുന്ന നേതാവിൽ നിന്ന് ഒരിക്കലും വരാൻ പാടില്ലാത്ത, അങ്ങേയറ്റം മനുഷ്യവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമർശമാണിതെന്നും മന്ത്രി വിമർശിച്ചു.

പിഎം-ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടതിനെയാണ് സലാം വിമർശനത്തിന്റെ ആധാരമായി പറയുന്നത്. എന്നാൽ, എന്ത് വിഷയം ഉന്നയിക്കുമ്പോഴും മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന സാമാന്യബോധം പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. പിഎംഎ സലാമിനോട് മാപ്പ് പറയാൻ മുസ്ലിം ലീഗ് നേതൃത്വം ആവശ്യപ്പെടണമെന്ന് മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323934/police-complaint-filed-against-pma-salam-abusive-speech-against-chief-minister-pinarayivijayan)