---
title: "ചുരുളഴിഞ്ഞത് നടുക്കുന്ന കൊലപാതകം; മരുമകള്‍ക്ക് രഹസ്യ കാമുകനെ കൊന്ന് കത്തിച്ച് ഡി എം കെ നേതാവും മക്കളും , വഴിത്തിരിവായത് മറ്റൊരു സംശയം"
english_title: "Murder of taxi driver in Coimbatore DMK leader Children too arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323843/murder-of-taxi-driver-in-coimbatore-dmk-leader-children-too-arrest"
published_at: "2025-11-01T21:08:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690629cfcc0e0_crime.jpg"
keywords: []
---

# ചുരുളഴിഞ്ഞത് നടുക്കുന്ന കൊലപാതകം; മരുമകള്‍ക്ക് രഹസ്യ കാമുകനെ കൊന്ന് കത്തിച്ച് ഡി എം കെ നേതാവും മക്കളും , വഴിത്തിരിവായത് മറ്റൊരു സംശയം

> **Lead Summary:** **കോയമ്പത്തൂര്‍: ** ഒരുവര്‍ഷം മുന്‍പ് കാണാതായ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ ഡിഎംകെ കൗണ്‍സിലറും രണ്ട് മക്കളും അറസ്റ്റിലായി. കോള്‍ടാക്‌സി ഡ്രൈവറായിരുന്ന മേട്ടുപ്പാളം സ്വദേശി ആര്‍. അലാവുദീനെ കൊലപ്പെടുത്തിയ കേസിലാണ് ഡിഎംകെ നേതാവ് എസ്. രവി എന്ന രവികുമാര്‍ മക്കളായ ആര്‍. മണികണ്ഠന്‍, ആര്‍. ശരണ്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**കോയമ്പത്തൂര്‍: ** ഒരുവര്‍ഷം മുന്‍പ് കാണാതായ ടാക്‌സി ഡ്രൈവറെ കൊലപ്പെടുത്തിയതാണെന്ന് പോലീസ്. സംഭവത്തില്‍ ഡിഎംകെ കൗണ്‍സിലറും രണ്ട് മക്കളും അറസ്റ്റിലായി. കോള്‍ടാക്‌സി ഡ്രൈവറായിരുന്ന മേട്ടുപ്പാളം സ്വദേശി ആര്‍. അലാവുദീനെ കൊലപ്പെടുത്തിയ കേസിലാണ് ഡിഎംകെ നേതാവ് എസ്. രവി എന്ന രവികുമാര്‍ മക്കളായ ആര്‍. മണികണ്ഠന്‍, ആര്‍. ശരണ്‍കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതിയായ രവികുമാര്‍ കാരമട മുനിസിപ്പാലിറ്റിയിലെ ഡിഎംകെ കൗണ്‍സിലറാണ്. മക്കളും ഡിഎംകെ പ്രാദേശിക ഭാരവാഹികളാണ്. 2024 ഓഗസ്റ്റ് 14-നാണ് ടാക്‌സി ഡ്രൈവറായ അലാവുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. രവികുമാറിന്റെ മകന്‍ ശരണ്‍കുമാറിന്റെ ഭാര്യ പൂജ(27)യുമായി അലാവുദീന് രഹസ്യബന്ധമുണ്ടായിരുന്നു.

ഈ ബന്ധം ശരണ്‍കുമാര്‍ അറിഞ്ഞു. ഇതോടെയാണ് രവികുമാറും മക്കളും ചേര്‍ന്ന് അലാവുദ്ദീനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പോലീസ് പറഞ്ഞു. 2024 ഓഗസ്റ്റ് 14-ന് പ്രതികള്‍ അലാവുദ്ദീനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. കാര്യങ്ങളെല്ലാം പറഞ്ഞുതീര്‍ക്കാമെന്ന് അറിയിച്ചാണ് അലാവുദ്ദീനെ ഇവര്‍ വീട്ടിലേക്ക് ക്ഷണിച്ചത്.

എന്നാല്‍, വീട്ടിലെത്തിയ അലാവുദ്ദീനെ മരക്കഷണംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയതിന് പിന്നാലെ മാതേശ്വരന്‍ ഹില്‍സിന് സമീപത്തെ വനത്തിലേക്ക് മൃതദേഹം കൊണ്ടുപോവുകയും ഇവിടെവെച്ച് കത്തിക്കുകയുമായിരുന്നു.

അലാവുദ്ദീനെ കാണാതായതോടെ ഇദ്ദേഹത്തിന്റെ ഭാര്യ സുമയ്യ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, അലാവുദ്ദീനെ സുമയ്യ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നായിരുന്നു അലാവുദ്ദീന്റെ സഹോദരങ്ങളുടെ സംശയം. മേട്ടുപ്പാളയം സ്വദേശിയായ അബ്ദുള്‍ ഹക്കീം എന്നയാളുമായി സുമയ്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നും ഇരുവരും ചേര്‍ന്ന് അലാവുദ്ദീനെ വകവരുത്തിയെന്നും സഹോദരങ്ങള്‍ ആരോപിച്ചു.

അടുത്തിടെ ഇതിന്റെപേരില്‍ അലാവുദ്ദീന്റെ സഹോദരങ്ങളായ ഹാരിഷും സുഹൃത്തായ ഗൗതമും ഹക്കീമിനെ കൊല്ലാന്‍ശ്രമിച്ചു. വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ട ഹക്കീം പരിക്കേറ്റ് മേട്ടുപ്പാളയം ആശുപത്രിയില്‍ ചികിത്സയിലായി. ഈ കേസില്‍ പ്രതികളായ ഹാരിഷിനെയും ഗൗതമിനെയും പോലീസ് പിടികൂടി.

ഇവരെ ചോദ്യംചെയ്തതോടെയാണ് അലാവുദ്ദീനെ കാണാതായിട്ട് ഒരുവര്‍ഷം കഴിഞ്ഞെന്നും ഹക്കീമും സുമയ്യയും ചേര്‍ന്ന് അലാവുദ്ദീനെ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നും പ്രതികള്‍ പറഞ്ഞത്. ഇതോടെ പോലീസ് സംഘം അലാവുദ്ദീന്റെ തിരോധാനത്തില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു.

അലാവുദ്ദീന്റെ ഫോണ്‍കോള്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ പൂജയുമായി സ്ഥിരമായി സംസാരിച്ചിരുന്നതായും അവസാനം വിളിച്ചതും പൂജയെയാണെന്നും വ്യക്തമാക്കി. പിന്നാലെ പൂജയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഈ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323843/murder-of-taxi-driver-in-coimbatore-dmk-leader-children-too-arrest)