---
title: "'തട്ടിപ്പല്ല യാഥാർഥ്യം'; ഇന്ന് തുറന്നത് കേരളത്തിന്റെ ചരിത്രപുസ്തകത്തിലെ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി"
english_title: "cm pinarayi vijayan speech on extreme poverty free kerala announcement"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323814/cm-pinarayi-vijayan-speech-on-extreme-poverty-free-kerala-announcement"
published_at: "2025-11-01T18:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905fdfd1212b_tttt.jpg"
keywords: []
---

# 'തട്ടിപ്പല്ല യാഥാർഥ്യം'; ഇന്ന് തുറന്നത് കേരളത്തിന്റെ ചരിത്രപുസ്തകത്തിലെ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** )** കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരധ്യായമാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ അണിനിരന്നു, നടൻ മമ്മൂട്ടി മുഖ്യാതിഥിയായി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** )** കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരധ്യായമാണ് ഇന്ന് തുറന്നിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാർ അണിനിരന്നു, നടൻ മമ്മൂട്ടി മുഖ്യാതിഥിയായി.

അതിദരിദ്രർ ഇല്ലാത്ത നാടായി നാം ഇന്ന് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു കേരളത്തിന്റെ ഉദയമാണിത്. നമ്മുടെ സങ്കൽപ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഭാഗഭാക്കാകുകയും നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.

ഐക്യ കേരളം എന്ന സ്വപ്നം യാഥാർഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണിന്ന്. ഏവരുടെയും സ്വപ്ന സാക്ഷാത്കാരം ഈ ദിനത്തിൽ തന്നെയാകുന്നു എന്നത് ഏറെ സന്തോഷകരം. മനുഷ്യന്റെ ഇച്ഛാശക്തിയും സാമൂഹിക ഇടപെടലും കൊണ്ട് ചെറുത്ത് തോല്പിക്കാവുന്ന ഒരവസ്ഥയാണ് അതിദാരിദ്ര്യം. ആ ദുരവസ്ഥയെ ചെറുത്ത് തോൽപ്പിച്ചത് ഈ നാടിന്റെയാകെ സഹകരണം കൊണ്ട്.

അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കം വരെ ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്തത് നമ്മുടെ നാട്ടിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേപോലെ അതിൽ സഹകരിച്ചു. 2021 ലെ ആദ്യ മന്ത്രിസഭായോഗം ചർച്ചചെയ്ത വിഷയമാണിത്. അതോടൊപ്പം ചർച്ച ചെയ്ത വിഷയമാണ് കേരളത്തിലെ വീടില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാവശ്യമായ സഹായം നൽകുക എന്നത്.

അതിനു വേണ്ടിയാണു ലൈഫ് മിഷൻ ആരംഭിച്ചത്. ഇപ്പോൾ 4,70,000 വീടുകൾ യാഥാർഥ്യമായി. അവിടെ കുടുംബങ്ങൾ താമസിക്കുകയാണ്. നമുക്കറിയാവുന്ന ഒരു ഭൂതകാലം നമ്മുടെ നാടിനുണ്ട്. സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കാലത്തിൽ നിന്നാണ് പ്രബുദ്ധ കേരളത്തിലേക്ക് നമ്മൾ യാത്ര ചെയ്തത്. ഏറെ ക്ലേശങ്ങൾ സഹിച്ചാണ് നമ്മൾ ആ യാത്ര നടത്തിയത്. നമ്മുടെ നാടിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന സമരങ്ങൾ നാടിൻറെ ദിശ നിർണയിക്കുന്നതിൽ പ്രധാനപ്പെട്ട ഘടകമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323814/cm-pinarayi-vijayan-speech-on-extreme-poverty-free-kerala-announcement)