---
title: "കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായോ.... ; ഓരോ കുടുംബങ്ങളുടെയും പ്രയാസം കണ്ടറിഞ്ഞ്‌, കേരളം പുതുയുഗ പിറവിയിലേക്ക്...?"
english_title: "extreme poverty eradication kerala november 01 2025"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323772/extreme-poverty-eradication-kerala-november-01-2025"
published_at: "2025-11-01T14:22:00+05:30"
category: "InFocus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905ca6302b7c_hjhgj.jpg"
keywords: []
---

# കേരളത്തിൽ അതിദാരിദ്ര്യം ഇല്ലാതായോ.... ; ഓരോ കുടുംബങ്ങളുടെയും പ്രയാസം കണ്ടറിഞ്ഞ്‌, കേരളം പുതുയുഗ പിറവിയിലേക്ക്...?

> **Lead Summary:** > **( **[www.truevisionnews.com]** ) ** രാജ്യം അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളിൽ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടവും. 2025 നവംബർ ഒന്ന് ഇന്ന് നേരം പുലരുന്നത് രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. “കേരളം പുതുയുഗ പിറവിയിൽ”എന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സജീവ പങ്കാളിത്തത്തോടെയാണ് അതിദാരിദ്ര്യമുക്ത പ്രക്രിയ നടപ്പാക്കിയതെന്നും, സർക്കാരിന്റെ വലിയ ചുവടുവെയ്പ്പായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനത്തോടൊപ്പം വലിയ രാഷ്ട്രീയ വിമർശനങ്ങൾ സംസ്ഥാനത്ത് ഉയർന്നിരിക്കുകയാണ്.

## Article Content

> **( **[www.truevisionnews.com]** ) ** രാജ്യം അതിശയത്തോടെ നോക്കിക്കണ്ട കേരള മാതൃകകളിൽ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടവും. 2025 നവംബർ ഒന്ന് ഇന്ന് നേരം പുലരുന്നത് രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു കൊണ്ടായിരുന്നു. “കേരളം പുതുയുഗ പിറവിയിൽ”എന്ന് മുഖ്യമന്ത്രി അഭിമാനത്തോടെ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തി സജീവ പങ്കാളിത്തത്തോടെയാണ് അതിദാരിദ്ര്യമുക്ത പ്രക്രിയ നടപ്പാക്കിയതെന്നും, സർക്കാരിന്റെ വലിയ ചുവടുവെയ്പ്പായാണ് ഇതിനെ കാണേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഈ പ്രഖ്യാപനത്തോടൊപ്പം വലിയ രാഷ്ട്രീയ വിമർശനങ്ങൾ സംസ്ഥാനത്ത് ഉയർന്നിരിക്കുകയാണ്.

ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കൽ നിരോധനം, സാർവത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത തുടങ്ങി സാമൂഹ്യസുരക്ഷയിലും പശ്‌ചാത്തലസ‍ൗകര്യ വികസനത്തിലും ഉ‍ൗന്നിയുള്ള വികസനമാതൃകയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റേത്‌. ​2021-ൽ തുടർഭരണത്തിലെത്തിയ എൽഡിഎഫ്‌ സർക്കാർ ആദ്യ മന്ത്രിസഭായോഗത്തിൽ ആദ്യ തീരുമാനമായി അതിദരിദ്രരില്ലാത്ത കേരളം യാഥാർഥ്യമാക്കാൻ തീരുമാനിച്ചു

​2021 ജൂലൈയിൽ അതിദരിദ്രരെ കണ്ടെത്താൻ അതിദാരിദ്ര്യ നിർണയ പ്രക്രിയ ആരംഭിച്ചു. 64,006 കുടുംബങ്ങളിലായി 1,03,099 വ്യക്തികളെ 1,032 തദ്ദേശസ്ഥാപനങ്ങളിലായി കണ്ടെത്തി. ഓരോ കുടുംബത്തിന്റെയും അവസ്ഥ മനസിലാക്കി അവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് വ്യക്തിഗത മൈക്രോപ്ലാനുകൾ തയ്യാറാക്കി. ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പരിപാടികളായി തരംതിരിച്ച് മൈക്രോപ്ലാനുകൾ അന്തിമമാക്കി

​2022 ഏപ്രിൽ ഒന്നുമുതൽ അതിദരിദ്ര കുടുംബങ്ങൾ വിശപ്പുമൂലം കഷ്ടപ്പെടുന്നില്ലെന്ന് സർക്കാർ ഉറപ്പ് വരുത്തി. മൂന്ന് നേരത്തെ ആഹാരം കണ്ടെത്താനാകാത്ത 20,648 അതിദരിദ്ര കുടുംബങ്ങൾക്കായി ആഹാരം ഉറപ്പാക്കി. ‘അവകാശം അതിവേഗം' യജ്ഞത്തിന്റെ ഭാഗമായി അടിസ്ഥാന രേഖകളുൾപ്പെടെ 21,263 നൽകി. 29,427 അടിയന്തരസേവനങ്ങളും കുടുംബങ്ങളിലെ 85,721 വ്യക്തികൾക്ക് ചികിത്സയും മരുന്നും നൽകി. 14,862 ഏകാംഗ കുടുംബങ്ങൾക്ക്‌ ആരോഗ്യസഹായം നൽകി.

​വരുമാനം ക്ലേശഘടകം ആയിട്ടുള്ള കുടുംബങ്ങൾക്കായി കുടുംബശ്രീ മിഷൻ വഴി ‘ഉജ്ജീവനം’ പദ്ധതി 2023 ഒക്ടോബറിൽ ആരംഭിച്ചു. 3,820പേർക്ക്‌ സേവനം നൽകി. 272 പേർക്ക്‌ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടും മറ്റ് വകുപ്പുകൾ വഴി 212 പേർക്കും സ്വകാര്യ സ്ഥാപനങ്ങൾവഴി 88 പേർക്കും ധനസഹായവും പരിശീലനവും നൽകി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ 34,672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിനായി തൊഴിൽ കാർഡുകൾ നൽകി

2023 നവംബർ 1ന്‌ കേരളീയം ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണ പ്രഖ്യാപനം നിർവഹിച്ചു. 64 ,006 കുടുംബങ്ങളിൽ 30,658 കുടുംബങ്ങളെ (47.89 ശതമാനം)അതിദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായി പ്രഖ്യാപിച്ചു. ​2024 ഡിസംബർ 4-ന് അതിദരിദ്ര വിഭാഗത്തിന് ഭൂമി വിഷയത്തിന് പ്രഥമ പരിഗണന നൽകാൻ തീരുമാനിച്ചു. ആകെ 4,677 ഗുണഭോക്താക്കൾക്ക്‌ വീട്‌ അനുവദിച്ചു. 4005 വീടുകൾ പൂർത്തിയാക്കി.

672 എണ്ണം നിർമാണഘട്ടത്തിൽ. ഭൂമിയും വീടും ആവശ്യമായിരുന്ന 2,713 ഗുണഭോക്താക്കൾക്ക് ആദ്യം ഭൂമിയും പിന്നീട് വീട് നിർമാണത്തിന് സാമ്പത്തിക സഹായവും നൽകി. അതിദരിദ്ര വിഭാഗത്തിന് സർക്കാർ ഉടമസ്ഥതയിലുള്ള അധികഭൂമി മുൻഗണനയോടെ നൽകാൻ റവന്യൂ വകുപ്പ് 2025 മാർച്ച്‌ 22ന്‌ സർക്കുലർ ഇറക്കി.

> എന്നാൽ പ്രതിപക്ഷം ഈ നേട്ടത്തെ “തട്ടിപ്പിന്റെ കണക്കുകൾ” എന്നാണ് വിശേഷിപ്പിച്ചത്. “ഇന്നും പട്ടിണിമരണം വാർത്തയാകുന്ന കേരളത്തിലാണ് മുഖ്യമന്ത്രി ശുദ്ധ തട്ടിപ്പ് നടത്തുന്നത്,” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രൂക്ഷവിമർശനം നടത്തി. നിയമസഭാ സമ്മേളനം തന്നെ സർക്കാർ ഒരു പ്രഹസനമായി മാറ്റിയിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

> “തട്ടിപ്പ് പറയുന്നത് ഞങ്ങളുടെ ശീലമല്ലെന്നും, ഞങ്ങൾ പറയുന്നത് നടപ്പാക്കാനാവുന്ന കാര്യങ്ങൾ മാത്രമാണെന്നും” എന്നതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നാൽ നിരവധി ചോദ്യങ്ങൾ ഉയർന്നുവരികയാണ്. അതിദാരിദ്ര്യം അളന്നത് ഏത് ടൂൾ ഉപയോഗിച്ച്‌ ? അതിനുള്ള മാനദണ്ഡങ്ങൾ എന്തായിരുന്നു? കണക്കെടുപ്പിന്റെ വിവരങ്ങൾ എങ്ങനെയാണ് ? ഈ സംശയങ്ങൾ ഉന്നയിക്കുന്നത് പ്രതിപക്ഷം മാത്രം അല്ല, ഇടത് അനുഭാവികളായ സാമൂഹ്യപ്രവർത്തകരും നിരീക്ഷകരും ഗവേഷകരുമാണ്.

> ഒരു വശത്ത് സർക്കാരിന്‍റെ “അതിദാരിദ്ര്യമുക്ത കേരളം” എന്ന അഭിമാന പ്രഖ്യാപനം. മറ്റൊരു വശത്ത് “പിആർ പ്രചാരണം മാത്രം” എന്ന പ്രതിപക്ഷത്തിന്റെ കഠിന വിമർശനം.

അതേസമയം രാജ്യത്താദ്യമായി സ്‌ത്രീകൾക്ക്‌ സുരക്ഷാപെൻഷൻ പ്രഖ്യാപിച്ചതും യുവതീ യുവാക്കൾക്ക്‌ തൊഴിൽ നേടാൻ സ്‌കോളർഷിപ് ആവിഷ്‌കരിച്ചതുമാണ്‌ സർക്കാരിന്റെ ഏറ്റവും പുതുതായുള്ള പ്രഖ്യാപനം. വിമർശനങ്ങൾക്കിടയിലും കോവിഡിന്റെ തുടർച്ചയായി ആഗോളതലത്തിലുണ്ടായ സാമ്പത്തിക, തൊഴിൽ തകർച്ചയും കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധവും സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളും അതിജീവിച്ചാണ്‌ പുതുയുഗത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323772/extreme-poverty-eradication-kerala-november-01-2025)