---
title: "കണ്ണൂരിലെ ത്രികോണ വിസ്മയം; പോർച്ചുഗീസ് സാമ്രാജ്യത്തിൻ്റെ ശക്തി പ്രതീകം, സെയ്ൻ്റ് ആഞ്ചലോ കോട്ടയിലേക്ക് ഒരു യാത്രയായാലോ ...."
english_title: "st angelo fort kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323755/st-angelo-fort-kannur"
published_at: "2025-11-01T13:02:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905b82c7ebba_2.jpg"
keywords: []
---

# കണ്ണൂരിലെ ത്രികോണ വിസ്മയം; പോർച്ചുഗീസ് സാമ്രാജ്യത്തിൻ്റെ ശക്തി പ്രതീകം, സെയ്ൻ്റ് ആഞ്ചലോ കോട്ടയിലേക്ക് ഒരു യാത്രയായാലോ ....

> **Lead Summary:** **( **[www.truevisionnews.com]** ) ** കണ്ണൂരിൻ്റെ കടൽ തീരത്ത് അറബിക്കടലുമായി ചേർന്നു നിൽക്കുന്ന സെയ്ൻ്റ് ആഞ്ചലോ കോട്ട. ശാന്തമായ അന്തരീക്ഷവും കടലിൽ നിന്നുമുള്ള കാറ്റും സന്ദർശകർക്ക് സമാധാനപരമായ നിമിഷം സമ്മാനിക്കുന്നു. സെയ്ൻ്റ് ആഞ്ചലോ കോട്ടയിലേക്ക് ഒരു യാത്രയായാലോ....

## Article Content

**( **[www.truevisionnews.com]** ) ** കണ്ണൂരിൻ്റെ കടൽ തീരത്ത് അറബിക്കടലുമായി ചേർന്നു നിൽക്കുന്ന സെയ്ൻ്റ് ആഞ്ചലോ കോട്ട. ശാന്തമായ അന്തരീക്ഷവും കടലിൽ നിന്നുമുള്ള കാറ്റും സന്ദർശകർക്ക് സമാധാനപരമായ നിമിഷം സമ്മാനിക്കുന്നു. സെയ്ൻ്റ് ആഞ്ചലോ കോട്ടയിലേക്ക് ഒരു യാത്രയായാലോ....

കണ്ണൂർ ജില്ലയിലെ അവശേഷിക്കുന്ന പ്രധാന ചരിത്ര നിർമ്മിതികളിൽ ഒന്നാണിത്. അറബിക്കടലിലൂടെ വരുന്ന കപ്പലുകളെയും വ്യാപാര പാതകളെയും നിയന്ത്രിച്ച് പോർച്ചുഗീസ് സാമ്രാജ്യത്തിൻ്റെ ശക്തി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ഫ്രാൻസിസ്കോ ദ് ആൽമീദ 1505-ൽ കണ്ണൂർ കോട്ട എന്നറിയപ്പെടുന്ന സെയിൻ്റ് ആഞ്ചലോ കോട്ട പണിതത്.

തൃകോണാകൃതിയിൽ നിർമ്മിച്ച കോട്ട 1663 ൽ ഡച്ചുകാർ പിടിച്ചടക്കി ചിലവ് ചുരുക്കാനായി കോട്ടയുടെ വലിപ്പം കുറച്ചു. 110 വർഷം ഡച്ചുകാർ കോട്ട ഭരിച്ചു. 1790 ൽ മലബാറിലെ ബ്രിട്ടീഷുകാരും അവരുടെ അധികാര കേന്ദ്രമാക്കി മാറ്റിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ നിർമ്മിത കോട്ട കൂടിയാണ് ഇത്. അറബിക്കടലിന് അഭിമുഖമായാണ് കോട്ട നിലകൊള്ളുന്നത്.

ഒരു ദിവസം മുഴുവൻ നടന്നു കണ്ടുതീർക്കാൻ മാത്രം വിശാലമായ ഒരു സഞ്ചാര കേന്ദ്രമാണ് ഇത്. കോട്ടമതിലുകൾക്ക് മുകളിൽ നിന്ന് കാണുന്ന കടലിൻ്റെ വിസ്മയം കണ്ണിനും മനസ്സിനും ഒരു പോലെ ആശ്വാസം നൽകും. പഴയകാല സൈനിക താവളങ്ങളുടെ അടയാളങ്ങൾ ഇന്നും കല്ലിൽ കൊത്തിയിട്ടതുപോലെ ആയുധശാലയും ഗോപുരങ്ങളും നിലകൊള്ളുന്നു.

തടവിലാക്കിയിരുന്ന സൈനികരുടെയും നാട്ടുകാരുടെയും ഓർമ്മകൾ ഇപ്പോഴും പഴയ തടങ്കൽ മുറികളിൽ നിലകൊള്ളുന്നു. കോട്ടയ്ക്കുള്ളിൽ ഒരു രഹസ്യ തുരങ്കമുണ്ടെന്നും 21 കിലോമീറ്റർ അകലെയുള്ള തലശ്ശേരി കോട്ടയിലേക്ക് കടലിൻ്റെ അടിയിൽ കൂടെ സൈനികർക്ക് രക്ഷപ്പെടാനാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇന്ന് ഈ കോട്ട. മാലിന്യമില്ലാത്ത പരിസരം, ശാന്തമായ കടൽക്കാറ്റ്, സായാഹ്നത്തിലെ സൂര്യാസ്തമയ ദൃശ്യം എന്നിവ ഒരു പുതിയ യാത്രാനുഭവം നൽകുന്നു. വിനോദവും പഠനവുമൊക്കെയായി ഈ സ്ഥലം കണ്ണൂരിനെ ലോകമെമ്പാടും പ്രതിനിധീകരിക്കുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്ന് കിലോമീറ്ററും ബസ് സ്റ്റാൻ്റിൽ നിന്ന് 10 മിനിറ്റും മാത്രവുമാണ് ദൂരമാണുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323755/st-angelo-fort-kannur)