---
title: " പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും; പൊലീസുകാർക്ക് പരിക്ക്, യുഡിഎഫ് ജില്ല പഞ്ചായത്തം​ഗം ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ"
english_title: "Clashes scuffles Perambra police station police officers injured five people including UDF district panchayat member custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323753/clashes-scuffles-perambra-police-station-police-officers-injured-five-people-including-udf-district-panchayat-member-custody"
published_at: "2025-11-01T12:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6905b59185f24_police.jpg"
keywords: []
---

#  പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും; പൊലീസുകാർക്ക് പരിക്ക്, യുഡിഎഫ് ജില്ല പഞ്ചായത്തം​ഗം ഉൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ

> **Lead Summary:** പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

## Article Content

പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. അതിക്രമത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത്‌ അംഗം ഉൾപ്പെടെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

ജില്ലാ പഞ്ചായത്ത്‌ അംഗമായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി സെക്രട്ടറി വി. പി ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടു യുഡിഎഫ് പ്രവർത്തകരെ ഇന്ന് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ സന്ദർശിക്കാൻ എത്തിയപ്പോളാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

അതേസമയം പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. തുടർനടപടികൾ പാർട്ടിയോട് ആലോചിച്ച് തീരുമാനിക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.

അതേസമയം, ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിൽ നിയമനടപടിക്ക് അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്.

ഉന്നത ഉദ്യോഗസ്ഥരോടാണ് അനുമതി തേടിയത്. പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്.

എംപി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം. ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323753/clashes-scuffles-perambra-police-station-police-officers-injured-five-people-including-udf-district-panchayat-member-custody)