കണ്ണൂർ: ( www.truevisionnews.com ) പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവച്ച സ്ഥിതിക്ക് ഏകപക്ഷീയമായി സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് വരെ ഒഴിവായി നിന്ന് ഒളിച്ചുകളിക്കാനാണ് സിപിഎം നീക്കമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സിപിഐക്കാരെ മയക്കുവെടി വച്ച് പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ മയക്കിക്കിടത്താനാണ് നീക്കം. കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുകയാണ് സിപിഎമ്മിന്റെ കുതന്ത്രമെന്നും അദ്ദേഹം ആരോപിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞിട്ടുള്ളത്. അതിൽ നിന്നെല്ലാം പുറകോട്ട് പോയി ദേശീയ വിദ്യാഭ്യാസ നയം ഗുണകരമാണെന്ന് വാദിച്ചതിലാണോ അതോ സിപിഐ പ്രതിഷേധിച്ചതിലാണോ വേദന എന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കണം. സിപിഎം ആണ് മാപ്പ് പറയേണ്ടത്.
ആശാവർക്കർമാർക്ക് സർക്കാർ നടത്തിയ പ്രഖ്യാപനം അപര്യാപ്തമാണ്. സമരത്തെ സർക്കാർ അധിക്ഷേപിക്കാനും അവഗണിക്കാനുമാണ് ശ്രമിച്ചത്. വനിതാ നേതാക്കൻമാരെ വ്യക്തിപരമായി അവഹേളിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്രയെങ്കിലും പരിഗണിക്കാൻ തയാറായത്. സമരത്തിന്റെ രീതിയിൽ മാറ്റമുണ്ടാകും. പ്രതിപക്ഷ പിന്തുണയോടെ സമരം തുടരും.
ക്ഷേമ പെൻഷൻ 2500 ഉം റബർ താങ്ങുവില 250 ഉം ആക്കുമെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് നാമമാത്രമായ വർധനവ് ജനങ്ങൾക്ക് സ്വീകാര്യമല്ല. സംസ്ഥാനത്തിന് പൈസയ്ക്ക് ഒരു പ്രശ്നവുമില്ലെന്നാണ് ധനകാര്യമന്ത്രി പറയുന്നത്. ശബരിമലയിൽ സ്വർണക്കൊള്ളയിൽ പ്രതികളെ മുഴുവൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പിഎം ശ്രീ വിഷയത്തിന്റെ മറവിൽ ശബരി മല സ്വർണക്കൊള്ള മറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിക്കെതിരായ പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ചതിൽ വിശദീകരണം തേടി സിപിഐ. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ എന്നിവർ വിശദീകരണം നൽകണം. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.
പിഎം ശ്രീ പദ്ധതിക്കെതിരെ കണ്ണൂരിൽ നടത്തിയ പ്രകടനത്തിലാണ് എഐവൈഎഫ്, എഐഎസ്എഫ് പ്രവർത്തകർ വി. ശിവൻകുട്ടിയുെട കോലം കത്തിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തെ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്നാണ് നേതാക്കളോടു വിശദീകരണം തേടിയത്.
വി. ശിവൻകുട്ടിക്കെതിരായ പ്രതിഷേധത്തിൽ നേരത്തെ എഐവൈഎഫ് േഖദപ്രകടനവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രിക്ക് വേദന ഉണ്ടായെങ്കിൽ ഖേദിക്കുന്നുവെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പറഞ്ഞു. ചൂണ്ടിക്കാണിച്ചത് മന്ത്രിയുടെ ജാഗ്രതക്കുറവാണെന്നും എഐഎസ്എഫും, എഐവൈഎഫും കൈകൊണ്ട നിലപാടുകൾ തികച്ചും ആശയപരം മാത്രമാണെന്നും ജിസ്‌മോൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞു. എഐവൈഎഫ്, എഐഎസ്എഫ് സമരത്തിനെതിരെ മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തിയിരുന്നു.
Content Highlight: The move is to drug and hypnotize CPI members until the local elections PM Shri cannot be withdrawn Sunny Joseph






























