---
title: "കൈയും താമരയും വിട്ട് ചുവപ്പിലേക്ക്; ബിജെപി നേതാവും യുവമോർച്ച മുൻ ജില്ലാപ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ട്  സിപിഐഎമ്മിൽ ചേർന്നു "
english_title: "BJP leader, former Yuva Morcha district president and Congress worker leave party and join CPI(M)"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323589/bjp-leader-former-yuva-morcha-district-president-and-congress-worker-leave-party-and-join-cpim"
published_at: "2025-10-31T13:36:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69046e46b232c_party.jpg"
keywords: []
---

# കൈയും താമരയും വിട്ട് ചുവപ്പിലേക്ക്; ബിജെപി നേതാവും യുവമോർച്ച മുൻ ജില്ലാപ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും പാർട്ടി വിട്ട്  സിപിഐഎമ്മിൽ ചേർന്നു 

> **Lead Summary:** **പത്തനംതിട്ട: **പന്തളത്ത് ബിജെപി നേതാവും യുവമോർച്ച മുൻ ജില്ലാപ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിയുടെ മുൻനിര നേതാവും യുവമോർച്ചയുടെയും കർഷകമോർച്ചയുടെയും ജില്ലാ പ്രസിഡന്റുമായിരുന്ന ശ്യാം തട്ടയിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയത്. എബിവിപി ജില്ലാ പ്രമുഖ് ആയിരുന്ന ശ്യാം തട്ടയിൽ ബിജെപി അയോധ്യ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിൻ യാത്രയുടെ ക്യാപ്റ്റനായിരുന്നു. നിരവധി പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ചീഫ് കോഡിനേറ്റർ ആയും ശ്യാം പ്രവർത്തിച്ചിരുന്നു.

## Article Content

**പത്തനംതിട്ട: **പന്തളത്ത് ബിജെപി നേതാവും യുവമോർച്ച മുൻ ജില്ലാപ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ബിജെപിയുടെ മുൻനിര നേതാവും യുവമോർച്ചയുടെയും കർഷകമോർച്ചയുടെയും ജില്ലാ പ്രസിഡന്റുമായിരുന്ന ശ്യാം തട്ടയിലാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയത്. എബിവിപി ജില്ലാ പ്രമുഖ് ആയിരുന്ന ശ്യാം തട്ടയിൽ ബിജെപി അയോധ്യ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ ട്രെയിൻ യാത്രയുടെ ക്യാപ്റ്റനായിരുന്നു. നിരവധി പാർലമെൻറ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ചീഫ് കോഡിനേറ്റർ ആയും ശ്യാം പ്രവർത്തിച്ചിരുന്നു.

ബിജെപിയുടെയും ആർഎസ്എസിന്റെയും, സംഘപരിവാറിന്റെയും വർഗീയ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയതെന്ന് ശ്യാം തട്ടയിൽ പറഞ്ഞു. കുരമ്പാല തേവരു കിഴക്കേതിൽ വിൽസൺ മത്തായി, പന്തളം തെക്കേക്കര പാറക്കര പാറവിളയിൽ പി എസ് അനീഷ് എന്നീ കോൺഗ്രസ് പ്രവർത്തകരും കോൺഗ്രസ് പാർട്ടിയിലെ ഇപ്പോഴത്തെ അപചയങ്ങളിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

കോൺഗ്രസിലെ തമ്മിലടിയും വർഗീയ പ്രീണന നയങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചതെന്ന് ഇവർ പറഞ്ഞു. മൂന്നു പേരെയും സിപിഎം പന്തളം ഏരിയ കമ്മിറ്റി ഓഫീസിൽ വച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു മാലയിട്ട് സ്വീകരിച്ചു. മൂവരും പാർട്ടി ജില്ലാ, ഏരിയ നേതാക്കളുടെ സാന്നിധ്യത്തിൽ ചെങ്കൊടി പിടിച്ച് സിപിഎമ്മിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. യോഗത്തിൽ സിപിഎം പന്തളം ഏരിയാസെക്രട്ടറി ആർ ജ്യോതികമാർ, ജില്ലാ കമ്മിറ്റി അംഗം ലസിതാ നായർ, ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോക്കൽ സെക്രട്ടറിമാർ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323589/bjp-leader-former-yuva-morcha-district-president-and-congress-worker-leave-party-and-join-cpim)