---
title: "പോലീസിലും കള്ളന്മാർ....! കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥ"
english_title: "Police officer steals mobile phone and Rs 2 lakh from friend's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323290/police-officer-steals-mobile-phone-and-rs-2-lakh-from-friends-house"
published_at: "2025-10-29T22:13:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690244892c383_police.jpg"
keywords: []
---

# പോലീസിലും കള്ളന്മാർ....! കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച് പോലീസ് ഉദ്യോഗസ്ഥ

> **Lead Summary:** **ഭോപാല്‍: **കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസെടുത്തു. മധ്യപ്രദേശ് പോലീസിലെ ഡിഎസ്പി കല്‍പന രഘുവംശിക്കെതിരേയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഡിഎസ്പി ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മോഷ്ടിച്ച മൊബൈല്‍ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

## Article Content

**ഭോപാല്‍: **കൂട്ടുകാരിയുടെ വീട്ടില്‍നിന്ന് മൊബൈല്‍ഫോണും രണ്ടുലക്ഷം രൂപയും മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ കേസെടുത്തു. മധ്യപ്രദേശ് പോലീസിലെ ഡിഎസ്പി കല്‍പന രഘുവംശിക്കെതിരേയാണ് മോഷണക്കുറ്റത്തിന് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഡിഎസ്പി ഒളിവില്‍പോയിരിക്കുകയാണ്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മോഷ്ടിച്ച മൊബൈല്‍ഫോണ്‍ ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

ഡിഎസ്പിയായ കല്‍പന മധ്യപ്രദേശ് പോലീസ് ആസ്ഥാനത്താണ് ജോലിചെയ്യുന്നത്. ഇതിനിടെയാണ് കല്‍പനയ്‌ക്കെതിരേ സുഹൃത്തായ യുവതി മോഷണക്കുറ്റത്തിന് പരാതി നല്‍കിയത്. കല്‍പന വീട്ടില്‍ക്കയറി മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കാരി പോലീസില്‍ ഹാജരാക്കി.

ഭോപാലിലെ ജഹാംഗീറാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നത്. മൊബൈല്‍ ഫോണ്‍ ചാര്‍ജിലിട്ട് താന്‍ കുളിക്കാന്‍പോയ സമയത്താണ് കല്‍പന വീട്ടില്‍ക്കയറി മോഷണം നടത്തിയതെന്നാണ് പരാതിക്കാരി പറയുന്നത്. യുവതി കുളിക്കാന്‍ കയറിയ സമയം കല്‍പന വീട്ടില്‍ക്കയറുകയും ബാഗിലുണ്ടായിരുന്ന രണ്ടുലക്ഷം രൂപയും മൊബൈല്‍ഫോണും മോഷ്ടിക്കുകയുമായിരുന്നു. യുവതി കുളി കഴിഞ്ഞെത്തിയപ്പോഴാണ് ഫോണും പണവും നഷ്ടമായതറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചതോടെ കൂട്ടുകാരി ശരിക്കും ഞെട്ടിപ്പോവുകയായിരുന്നു.

സുഹൃത്തും പോലീസ് ഉദ്യോഗസ്ഥയുമായ കല്‍പന വീട്ടില്‍ക്കയറുന്നതും കൈയില്‍ നോട്ടുകെട്ടുമായി തിരികെപോകുന്നതുമാണ് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നത്. കല്‍പനയാണ് മോഷണം നടത്തിയതെന്ന് ഉറപ്പായതോടെ യുവതി സിസിടിവി വീഡിയോ സഹിതം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം, കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ ഡിഎസ്പിക്കായി വിവിധയിടങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഡിഎസ്പിയുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ മോഷണംപോയ മൊബൈല്‍ഫോണ്‍ കണ്ടെത്തി. എന്നാല്‍, രണ്ടുലക്ഷം രൂപ കണ്ടെടുക്കാനായില്ലെന്നും പോലീസ് പറഞ്ഞു.

അതിനിടെ, പോലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തില്‍ ഡിഎസ്പിക്കെതിരേ കടുത്ത നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള നീക്കം ആഭ്യന്തരവകുപ്പ് ആരംഭിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323290/police-officer-steals-mobile-phone-and-rs-2-lakh-from-friends-house)