---
title: "സ്വകാര്യഭാഗങ്ങളില്‍ തൊട്ടു, പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതികളിൽ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളും"
english_title: "kolkata hotel sexual assault park street accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323272/kolkata-hotel-sexual-assault-park-street-accused"
published_at: "2025-10-29T19:58:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6902255d4bd19_sexual.jpg"
keywords: []
---

# സ്വകാര്യഭാഗങ്ങളില്‍ തൊട്ടു, പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതികളിൽ കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളും

> **Lead Summary:** **കൊല്‍ക്കത്ത: **നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം. കൊല്‍ക്കത്ത ബിദാന്‍നഗറിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

## Article Content

**കൊല്‍ക്കത്ത: **നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം. കൊല്‍ക്കത്ത ബിദാന്‍നഗറിലെ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.15 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ഭര്‍ത്താവിനും കുടുംബത്തിനും ഒപ്പം ഹോട്ടലിലെത്തിയ യുവതിയെ ചിലര്‍ മോശമായി സ്പര്‍ശിച്ചെന്നും ഇത് ചോദ്യംചെയ്തതോടെ സംഘംചേര്‍ന്ന് ആക്രമിച്ചെന്നുമാണ് പരാതി. കുപ്പികൊണ്ട് അടിച്ചതായും പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയില്‍ കുപ്രസിദ്ധമായ 2012-ലെ കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസിലെ പ്രതിയായ നാസിര്‍ ഖാന്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ബന്ധുവായ ജുനൈദ് ഖാനും കേസില്‍ പ്രതിയാണ്. അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പ്രതികരിച്ചു.

ഹോട്ടലിലെ 'പ്ലേബോയ് ക്ലബ്ബി'ല്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമമുണ്ടായതെന്നാണ് വിവരം. ക്ലബില്‍ ഭര്‍ത്താവിനൊപ്പം ഇരിക്കുകയായിരുന്ന യുവതിയെ പ്രതികളില്‍ ചിലര്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. യുവതിയുടെ സഹോദരന്‍ ഇത് ചോദ്യംചെയ്തു. ഇതോടെ പ്രതികള്‍ യുവതിക്ക് നേരേ ചില്ലുകുപ്പികളെറിഞ്ഞു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കൂടുതല്‍പേരെ വിളിച്ചുവരുത്തി ആക്രമിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു.

സംഭവത്തെത്തുടര്‍ന്ന് യുവതി ഫോണില്‍ വിളിച്ച് പോലീസ് സഹായംതേടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇത് തടഞ്ഞു. വാതിലുകള്‍ അടച്ചിട്ട് യുവതിയെ ക്ലബിനുള്ളില്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് സ്വകാര്യഭാഗങ്ങളില്‍ വീണ്ടും മോശമായി സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്. സംഭവത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയെന്നും പരാതിക്കാരി ആരോപിക്കുന്നു.

യുവതിയെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളായ നാസിര്‍ ഖാന്‍ 2012-ലെ പാര്‍ക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. രണ്ട് കുട്ടികളുടെ മാതാവായ 40 വയസ്സുകാരിയെയാണ് അന്ന് നാസിര്‍ ഖാനും കൂട്ടാളികളും ചേര്‍ന്ന് ഓടുന്ന കാറിലിട്ട് കൂട്ടബലാത്സംഗംചെയ്തത്.

കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം. തുടര്‍ന്ന് യുവതിയെ ഇവര്‍ വഴിയില്‍ തള്ളി രക്ഷപ്പെടുകയായിരുന്നു. കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ നാസിര്‍ ഖാനെ പിന്നീട് കോടതി ശിക്ഷിച്ചു. എന്നാല്‍, നല്ലനടപ്പ് കണക്കിലെടുത്ത് 2020-ല്‍ ഇയാളെ ജയില്‍മോചിതനാക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323272/kolkata-hotel-sexual-assault-park-street-accused)