---
title: "സ്ഥാനാര്‍ഥിയാക്കുന്നതില്‍ തര്‍ക്കം; കേരള കോണ്‍ഗ്രസ്(എം) നേതാവിനെ സഹോദരീഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു"
english_title: "A Kerala Congress (M) leader was hacked to death by his brother-in-law with a wooden spoon."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/323016/a-kerala-congress-m-leader-was-hacked-to-death-by-his-brother-in-law-with-a-wooden-spoon"
published_at: "2025-10-28T15:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69008fe03fc09_stabbed.jpg"
keywords: []
---

# സ്ഥാനാര്‍ഥിയാക്കുന്നതില്‍ തര്‍ക്കം; കേരള കോണ്‍ഗ്രസ്(എം) നേതാവിനെ സഹോദരീഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

> **Lead Summary:** **ശാസ്താംകോട്ട: ** കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീഭര്‍ത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഉഷാലയം ശിവരാജനാണ് വെട്ടേറ്റത്. ശിവരാജന്റെ സഹോദരീഭര്‍ത്താവ് ബിജുവിന്റെ പേരില്‍ വധശ്രമത്തിനു കേസെടുത്തതായി ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് പറഞ്ഞു.

## Article Content

**ശാസ്താംകോട്ട: ** കേരള കോണ്‍ഗ്രസ് (എം) നേതാവിനെ സഹോദരീഭര്‍ത്താവ് തേപ്പുകരണ്ടികൊണ്ട് തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഉഷാലയം ശിവരാജനാണ് വെട്ടേറ്റത്. ശിവരാജന്റെ സഹോദരീഭര്‍ത്താവ് ബിജുവിന്റെ പേരില്‍ വധശ്രമത്തിനു കേസെടുത്തതായി ശാസ്താംകോട്ട എസ്എച്ച്ഒ അനീസ് പറഞ്ഞു.

ശിവരാജന്റെ സഹോദരിയും ബിജുവിന്റെ ഭാര്യയുമായ ഉഷയെ വരുന്ന തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിനു കാരണം. ഞായറാഴ്ച രാത്രി ഒന്‍പതിന് കാരാളി ജങ്ഷനു സമീപം ആദിക്കാട്ടുമുക്കിലായിരുന്നു സംഭവം. കാറില്‍നിന്നിറങ്ങി സാധനം വാങ്ങുന്നതിനായി കടയിലേക്ക് കയറാന്‍ ശ്രമിക്കുമ്പോള്‍ പ്രകോപനമില്ലാതെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് ശിവരാജന്‍ പറഞ്ഞു.

കൈയില്‍ കരുതിയിരുന്ന തേപ്പുകരണ്ടികൊണ്ട് തലയില്‍ വെട്ടി.പരിക്കേറ്റു നിലത്തുവീണ ശിവരാജനെ ഉടന്‍തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ പലഭാഗത്തായി തുന്നലിട്ടിട്ടുണ്ട്. അക്രമം നടത്തിയശേഷം ബിജു ഓടിരക്ഷപ്പെട്ടു.

പടിഞ്ഞാറെ കല്ലട ഗ്രാമപ്പഞ്ചായത്തിലെ പട്ടികജാതി വനിതാസംവരണമായ മൂന്നാംവാര്‍ഡില്‍ ഉഷയെ മത്സരിപ്പിക്കുന്നതിന് നീക്കം നടത്തിയിരുന്നു. ഇവര്‍ മുന്‍ പഞ്ചായത്തംഗമാണ്. ഭാര്യയെ വീണ്ടും മത്സരിപ്പിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു ബിജു.ഏറെനാളായി തന്റെ സഹോദരിയുമായി പിണക്കത്തിലാണ് ബിജുവെന്ന് ശിവരാജന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/323016/a-kerala-congress-m-leader-was-hacked-to-death-by-his-brother-in-law-with-a-wooden-spoon)