---
title: "കൊടും ക്രൂരത തന്നെ...! മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; വിദ്യാർഥിയുടെ വയറ് കീറി, നിലവിളിച്ച് ഓടിയപ്പോൾ കൈയിലെ വിരൽ മുറിച്ചു"
english_title: "Argument over price of medicine; Student's stomach ripped open, finger cut off as he ran away screaming"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322710/argument-over-price-of-medicine-students-stomach-ripped-open-finger-cut-off-as-he-ran-away-screaming"
published_at: "2025-10-26T20:50:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe3c500bbe6_crime.jpg"
keywords: []
---

# കൊടും ക്രൂരത തന്നെ...! മരുന്നിന്റെ വിലയെച്ചൊല്ലി തർക്കം; വിദ്യാർഥിയുടെ വയറ് കീറി, നിലവിളിച്ച് ഓടിയപ്പോൾ കൈയിലെ വിരൽ മുറിച്ചു

> **Lead Summary:** **കാൺപുർ: ** ഉത്തർപ്രദേശിൽ മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 22-കാരനായ നിയമവിദ്യാർഥിയുടെ വയറ് കീറുകയും കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. കാൺപുരിലാണ് സംഭവം. തർക്കത്തെത്തുടർന്നാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

## Article Content

**കാൺപുർ: ** ഉത്തർപ്രദേശിൽ മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 22-കാരനായ നിയമവിദ്യാർഥിയുടെ വയറ് കീറുകയും കൈവിരലുകള്‍ മുറിക്കുകയും ചെയ്തു. കാൺപുരിലാണ് സംഭവം. തർക്കത്തെത്തുടർന്നാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ ക്രൂരകൃത്യം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അഭിജിത് സിങ് ചന്ദേൽ എന്ന ആദ്യ വർഷ നിയമവിദ്യാർഥിക്കാണ് ക്രൂര ആക്രമണം ഏൽക്കേണ്ടി വന്നത്. വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഭിജിത് സിങ് ചന്ദേലിന്റെ തലയിൽ പതിനാല് തുന്നലിട്ടു. ഇയാളുടെ നില ഗുരുതരമായിത്തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

മരുന്നിന്റെ വിലയെച്ചൊല്ലിയുള്ള തർക്കം പെട്ടെന്ന് തന്നെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ അമർ സിങ്ങും ഇയാളുടെ സഹോദരൻ വിജയ് സിങ്ങും മറ്റു രണ്ടു കൂട്ടുകാരും ചേർന്നാണ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചതെന്നാണ് വിവരം.

ആദ്യം തലയ്ക്കടിച്ചു, മുഖത്ത് ചോരയൊലിപ്പിച്ചു കൊണ്ട് വിദ്യാർഥി തറയിൽ വീണപ്പോൾ അക്രമികൾ കൂർത്ത ആയുധം കൊണ്ട് വയറ് കീറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജീവന് വേണ്ടി നിലവിളിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റ് ഓടിയ അഭിജിത്ത് സിങ്ങിനെ അക്രമികൾ വീണ്ടും പിടികൂടി കൈയിലെ രണ്ട് വിരലുകൾ മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അക്രമികൾ ഓടി രക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322710/argument-over-price-of-medicine-students-stomach-ripped-open-finger-cut-off-as-he-ran-away-screaming)