---
title: "ഉറ്റചങ്ങാതികൾക്കുണ്ടായ ദുരന്തം; നാദാപുരത്ത് റിഷാലിന് കണ്ണീരോടെ വിട"
english_title: "Tragedy befalls close friends; Rishal bids tearful farewell in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322691/tragedy-befalls-close-friends-rishal-bids-tearful-farewell-in-nadapuram"
published_at: "2025-10-26T17:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fe133193b18_rishal.jpg"
keywords: []
---

# ഉറ്റചങ്ങാതികൾക്കുണ്ടായ ദുരന്തം; നാദാപുരത്ത് റിഷാലിന് കണ്ണീരോടെ വിട

> **Lead Summary:** **കോഴിക്കോട് : **തൊട്ടിൽപ്പാലം കരിങ്ങാടിലെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കിമല സന്ദർശിച്ച് മടങ്ങവേ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാദാപുരം സ്വദേശി റിഷാലിന് വിടചൊല്ലി ജന്മനാട്.

## Article Content

**കോഴിക്കോട് : **തൊട്ടിൽപ്പാലം കരിങ്ങാടിലെ വിനോദ സഞ്ചാര കേന്ദ്രമായ ഉറിതൂക്കിമല സന്ദർശിച്ച് മടങ്ങവേ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച നാദാപുരം സ്വദേശി റിഷാലിന് വിടചൊല്ലി ജന്മനാട്.

ഇന്നലെ രാത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം കല്ലിക്കണ്ടിയിലെ വീട്ടിൽ എത്തിച്ച് വൈകീട്ട് നാലുമണിയോടെ പേരോട് എം ഐ എം മദ്രസ ഗൗണ്ടിൽ പൊതുദർശനത്തിന് വെച്ചു.

പ്രിയപ്പെട്ടവനെ അവസാനമായി ഒരുനോക്ക് കാണാൻ ഉറ്റവരും സ്നേഹിതരും സഹപാഠികളും നിറ കണ്ണുകളോടെ എത്തി. നാട്ടുകാരും ജനപ്രതിനിധികളും ഉൾപ്പടെ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. മദ്രസയിലെ പൊതുദർശനത്തിന് ശേഷം നാദാപുരം ജുമുഅത്ത് പള്ളിയിൽ മയ്യത്ത് നിസ്കാരം നടന്നു. തുടർന്ന് നാദാപുരം പള്ളി ഖബർസ്ഥാനിൽ മൃതദേഹം സംസ്കരിച്ചു. പേരോട് എം ഐ എം പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റിഷാൽ.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് ഉറുതൂക്കി മല കാണാനായി അഞ്ചാംഗ സംഘം യാത്ര നടത്തിയത്. വിനോദ സഞ്ചാരത്തിന് ശേഷം തിരിച്ച് വരുന്നതിനിടെയാണ് റിഷാലും സുഹൃത്തുക്കളായ രണ്ടുപേരും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽ പെട്ടത്.

കൈവേലി റോഡിലെ ഏച്ചിലുകണ്ടി പ്രദേശത്ത് അപകടം നടന്നത്. സ്കൂട്ടർ നിയന്ത്രണം വിട്ട് വഴിയരികിൽ ഇടിച്ചുവീഴുകയായിരുന്നു. അപകട സമയം റിഷാലിന് ഒപ്പം ഉണ്ടായിരുന്ന മറ്റു രണ്ട് വിദ്യാർത്ഥികളായ മുഹമ്മദ് റിഷാൽ, ഫയാസ് എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരെ ആദ്യം കുറ്റ്യാടിയിൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം ഒരാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, മറ്റെയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തിൽ തൊട്ടിൽപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322691/tragedy-befalls-close-friends-rishal-bids-tearful-farewell-in-nadapuram)