ഇരവിപേരൂർ: (www.truevisionnews.com) ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ഇക്കോ സ്പിരിച്വൽ സെന്ററ്റിനും ക്ഷേത്രത്തിനും ഇടയിൽ കാടുപിടിച്ച പറമ്പിലാണ് കിടന്നത്. ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. അവർ പോലീസിൽ അറിയിച്ചു.
ഒരുമാസത്തിന് മുകളിൽ പഴക്കമുണ്ട്. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിന്റെ കമ്പി കാണുന്നുണ്ട്. തിരുവല്ല സിഐയുടെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും തുടർനടപടി സ്വീകരിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഡിഎൻഎ പരിശോധനാഫലം കിട്ടിയാലേ ആരുടെതാണെന്ന് തിരിച്ചറിയാനാകൂ. കിഴക്കനോതറയിൽനിന്ന് 59 വയസ്സ് പ്രായംവരുന്ന ആളെ കാണാതായിരുന്നു. ഇതിന് തിരുവല്ല പോലീസിൽ കേസുണ്ടെന്ന് സിഐ കെ.എസ്. സുജിത് അറിയിച്ചു.
Content Highlight: A human skeleton was found in Othara Pazhayakavu.



































