---
title: "അടിമാലി മണ്ണിടിച്ചിലിൽ: സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്, മുറിച്ചുമാറ്റാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍"
english_title: "Adimali landslide: Sandhya's left leg seriously injured, doctor says everything possible is being done to avoid amputation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322624/adimali-landslide-sandhyas-left-leg-seriously-injured-doctor-says-everything-possible-is-being-done-to-avoid-amputation"
published_at: "2025-10-26T10:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdaa3288cf5_SADHYA.jpg"
keywords: []
---

# അടിമാലി മണ്ണിടിച്ചിലിൽ: സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്, മുറിച്ചുമാറ്റാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടര്‍

> **Lead Summary:** കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ.

## Article Content

കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. അപകടത്തിൽ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ.

സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു. ഒമ്പതു മണിക്കൂറോളം ഇടതു കാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല.

ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലില മസിലുകൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങൾക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നൽകുന്നുണ്ട്.

സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല. ബിജുവിന്‍റെ മരണം ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സന്ധ്യയുടെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്പ് മരിച്ചു. ​ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർ​ഗങ്ങൾ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായെന്നും റോഡിൻ്റെ പണി വന്നതാണ് പ്രശ്നമായതെന്നും പിതാവ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322624/adimali-landslide-sandhyas-left-leg-seriously-injured-doctor-says-everything-possible-is-being-done-to-avoid-amputation)