---
title: "സിപിഐയുമായി ചര്‍ച്ച നടത്തും, അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം; പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടെന്ന് എം.വി. ഗോവിന്ദന്‍"
english_title: "Discussions will be held with CPI Kerala should get the money it deserves Government will move forward with PM Shri says MV Govindan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322358/discussions-will-be-held-with-cpi-kerala-should-get-the-money-it-deserves-government-will-move-forward-with-pm-shri-says-mv-govindan"
published_at: "2025-10-24T16:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb60fa01128_fgf.jpg"
keywords: []
---

# സിപിഐയുമായി ചര്‍ച്ച നടത്തും, അർഹതപ്പെട്ട പണം കേരളത്തിന് കിട്ടണം; പിഎം ശ്രീയുമായി സർക്കാർ മുന്നോട്ടെന്ന് എം.വി. ഗോവിന്ദന്‍

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പിഎംശ്രീ പദ്ധതിയിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതിൽ തർക്കമില്ല.

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** ) **പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പിഎംശ്രീ പദ്ധതിയിൽ ഉൾപ്പെടെ കേന്ദ്രസർക്കാർ സംസ്ഥാനത്ത് നൽകേണ്ട പണം കേരളത്തിന് ലഭിക്കേണ്ടതാണെന്നുള്ളതിൽ തർക്കമില്ല.

ഇന്ദിരാഗാന്ധിയുടെ കാലം മുതലാണ് പദ്ധതികൾക്ക് നിബന്ധനകൾ വന്നുതുടങ്ങിയത്. ഇപ്പോഴാണ് ബിജെപി സർക്കാർ വലിയ രീതിയിലുള്ള നിബന്ധനകൾ മുന്നോട്ട് വച്ച് സംസ്ഥാനത്തിന് തരാനുള്ള പണം തരാതെയിരിക്കുന്നത്. ഏകദേശം 8,000 കോടി രൂപയോളമാണ് പല മേഖലകളിലായി സംസ്ഥാനത്തിന് ലഭിക്കാനുള്ളത്.

60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാനവും ചെലവാക്കേണ്ട പദ്ധതികളുടെ തുകയടക്കമാണ് ഇത്രയും തുക തരാനുള്ളത്. എല്ലാ മേഖലകളിലും പല നിബന്ധനകൾ വച്ച് കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതിനെതിരെ കോൺ​ഗ്രസ് അടക്കമുള്ള പാർട്ടികൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്.

കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം മുമ്പ് തന്നെ പിഎംശ്രീയിൽ ഒപ്പിട്ടിരുന്നു. ഇവിടെ ഇടതുപക്ഷ ജനാധിപത്യ സർക്കാരിനെ അടിക്കാനുള്ള വടി എന്ന നിലയിലാണ് കോൺ​ഗ്രസ് മുന്നോട്ടുപോകുന്നത്. ഇത് കോൺ​ഗ്രസിന്റെ ഇരട്ടത്താപ്പാണ്. കേരളത്തിൽ ഒരു വികസനവും നടത്താൻ പാടില്ല എന്ന രീതിയാണ് കോൺ​ഗ്രസിന്റേത്. പിഎംശ്രീ പദ്ധതിയുടെ ഭാ​ഗമായ നിബന്ധനകൾക്ക് അന്നും ഇന്നും എതിരാണ്.

ഒരു തരം സാമ്പത്തിക ഉപരോധമാണ് കേന്ദ്രം കേരളത്തിനെതിരെ നടത്തുന്നത്. എല്ലാ മേഖലകളിലും ഫണ്ട് കിട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ട്. ഓരോ മേഖലയിലും നിരവധി നിബന്ധനകൾക്കു ശേഷമാണ് പണം ലഭ്യമാക്കിയിട്ടുള്ളത്. ഇപ്പോൾ വിദ്യാഭ്യാസ മേഖലയിൽ പി എം ശ്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യും. ഭരണപരമായ പ്രശ്നങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സിപിഐ അടക്കമുള്ള പാർടികളുമായി ചർച്ച ചെയ്യും.

സിപിഐയെ താൻ അപഹസിച്ചു എന്ന രീതിയിൽ പല മാധ്യമങ്ങളും വാർ‌ത്ത കൊടുത്തു. ഇത് തെറ്റായ രീതിയാണ്. പ്രതികരിക്കുന്നില്ല എന്നു പറഞ്ഞതിനു ശേഷമാണ് ഇത്തരത്തിൽ വാർത്തകൾ നൽകിയത്. ഈ രീതി മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322358/discussions-will-be-held-with-cpi-kerala-should-get-the-money-it-deserves-government-will-move-forward-with-pm-shri-says-mv-govindan)