---
title: "പിഎം ശ്രീ :  'പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു, ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം"
english_title: "CPI State Secretary BinoyVishwam says this is not the way to go as a united front."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322282/cpi-state-secretary-binoyvishwam-says-this-is-not-the-way-to-go-as-a-united-front"
published_at: "2025-10-24T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb223a2f78b_binoy.jpg"
keywords: []
---

# പിഎം ശ്രീ :  'പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു, ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം

> **Lead Summary:** ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ഒരുമുന്നണി പോകേണ്ട വഴി ഇതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പറയേണ്ടതെല്ലാം ഇന്നലെ പറഞ്ഞു. മുന്നണിയിൽ തുടരുന്ന കാര്യം കമ്മിറ്റി തീരുമാനിക്കും. അത് കഴിഞ്ഞ് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

കടുത്ത നിലപാടിലേക്ക് സിപിഐ കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആലോചനയുള്ളതായാണ് വിവരം. പുറത്തുനിന്ന് പിന്തുണ നൽകിയാൽ മതിയെന്ന നിലപാടിലാണ് നേതാക്കൾ . സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.

ഇന്ന് നടക്കുന്ന സിപിഐ സെക്രട്ടറിയേറ്റ് യോഗം നിർണായകമാകും. സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് എം വി ഗോവിന്ദൻ ബിനോയ് വിശ്വവുമായി ആശയവിനിമയം നടത്തും.

അതേസമയം പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. സിപിഎം ബിജെപി ബന്ധത്തിന് ഇടനില ആയിരിക്കുകയാണ് ഇപ്പോൾ പി എം ശ്രീ. മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് ഒപ്പുവെച്ചത്.

ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സർക്കാർ. സിപിഎം കേന്ദ്രനേതൃത്വത്തിന്റെ നിലപാട് പോലും നോക്കിയില്ല. സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സിപിഐയേക്കാൾ വലുതാണ് സിപിഎമ്മിന് ബിജെപി എന്ന് തെളിയിച്ചു. നിബന്ധനകളിൽ എതിർപ്പ് അറിയിക്കാതെയാണ് ഒപ്പ് വെച്ചിരിക്കുന്നത്. നാണക്കേട് സഹിച്ച് മുന്നണിയിൽ നിൽക്കണമോ എന്ന് സിപിഐ തീരുമാനിക്കണമെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322282/cpi-state-secretary-binoyvishwam-says-this-is-not-the-way-to-go-as-a-united-front)