---
title: "'മുന്നണി രാഷ്ട്രീയത്തില്‍ ഒരു പ്രശ്‌നങ്ങളുമില്ല, എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് മുന്നോട്ടുപോകും'; പിഎം-ശ്രീ വിഷയത്തില്‍ ഇ.പി. ജയരാജന്‍"
english_title: "There are no problems in frontline politics we will discuss everything and move forward E.P. Jayarajan on PM-Shri issue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322264/there-are-no-problems-in-frontline-politics-we-will-discuss-everything-and-move-forward-ep-jayarajan-on-pm-shri-issue"
published_at: "2025-10-24T11:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fb0fe9b0da6_ghgfh.jpg"
keywords: []
---

# 'മുന്നണി രാഷ്ട്രീയത്തില്‍ ഒരു പ്രശ്‌നങ്ങളുമില്ല, എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് മുന്നോട്ടുപോകും'; പിഎം-ശ്രീ വിഷയത്തില്‍ ഇ.പി. ജയരാജന്‍

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ എതിര്‍പ്പ് തുടരുന്നതിനിടെ പ്രതികരണവുമായി സി.പി.എം. മുന്നണി രാഷ്ട്രീയത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇപിയുടെ പ്രതികരണം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരസ്പരം ബോധ്യപ്പെട്ട് പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐയുടെ എതിര്‍പ്പ് തുടരുന്നതിനിടെ പ്രതികരണവുമായി സി.പി.എം. മുന്നണി രാഷ്ട്രീയത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്നാണ് ഇപിയുടെ പ്രതികരണം. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചചെയ്ത് പരസ്പരം ബോധ്യപ്പെട്ട് പരിഹരിച്ചുകൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നണി മര്യാദകള്‍ ലംഘിച്ച് പദ്ധതി ഒപ്പുവെച്ച ശേഷം ഇനി ചര്‍ച്ച ചെയ്തിട്ട് കാര്യമുണ്ടോ എന്നാണ് സിപിഐ ചോദിക്കുന്നതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഒന്നും അന്തിമമായിട്ടുള്ള കാര്യങ്ങളല്ലെന്നായിരുന്നു ഇപിയുടെ മറുപടി. 'എല്ലാ പ്രശ്‌നങ്ങളും ഇരുന്ന് ചര്‍ച്ചചെയ്ത് പരസ്പരം ബോധ്യപ്പെട്ട് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകും. ഒന്നും അന്തിമമായിട്ടുള്ള കാര്യങ്ങളല്ല.

എല്ലാ കാര്യങ്ങളും മുന്നണി എന്ന നിലയില്‍ ചര്‍ച്ചചെയ്യും, തീരുമാനമെടുക്കും, പരിഹരിക്കും, മുന്നോട്ടുപോകും. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ വരുമ്പോള്‍ കൂടിയാലോചിക്കും. അതാണ് മുന്നണി രാഷ്ട്രീയത്തിലെ നിലപാട്. എല്ലാ സംസ്ഥാനങ്ങളിലും ഒട്ടനവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്. പിഎംശ്രീ പദ്ധതിതന്നെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാം സംസ്ഥാനങ്ങളിലും നടപ്പിലാക്കിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങളില്‍ അവരോട് വിയോജിപ്പുണ്ട്. ഇതെല്ലാം അതാത് സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്ന വിഷയങ്ങളാണ്. ഇതിനെയെല്ലാം ദുര്‍വ്യാഖ്യാനിക്കുന്നതാണ് തെറ്റായിട്ടുള്ള നിലപാട്', ഇപി വ്യക്തമാക്കി.

'മുന്നണി രാഷ്ട്രീയത്തില്‍ ഒരു പ്രശ്‌നങ്ങളുമില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ എങ്ങനെയെല്ലാം കളങ്കപ്പെടുത്താം ദുര്‍ബലപ്പെടുത്താം എന്ന് ചിന്തിക്കുന്ന വലതുപക്ഷങ്ങളുണ്ട്. അത്തരം നിലപാടുകളൊന്നും ഇവിടെ വിജയിക്കാന്‍ പോകുന്നില്ല. എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്ത് മുന്നോട്ടുപോകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി കൂടുതല്‍ കരുത്ത് നേടി മുന്നോട്ടുപോകും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലിപ്പോള്‍ ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ബിജെപിയെ നയിക്കുന്നത് ആര്‍എസ്എസാണ്. ആര്‍എസ്എസ് അവരുടെ രാഷ്ട്രീയ നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ എതിരായി പോരാടിക്കൊണ്ടാണ് ഇടതുപക്ഷവും മതേതര ജനാധിപത്യ ശക്തികളും എല്ലാം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇടതുപക്ഷം എന്നും ജനകീയ താത്പര്യങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.

മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് നാണക്കേടായി.

മന്ത്രിസഭായോഗത്തില്‍ പദ്ധതി രണ്ടുതവണ അജന്‍ഡയായപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. എന്നാല്‍, മുന്നണിയില്‍ അത് ചര്‍ച്ചചെയ്തില്ല. അതിനുമുന്‍പേ, വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് അനുകൂലനിലപാടെടുത്തു. ഇതോടെയാണ് അജന്‍ഡയിലില്ലാതിരുന്നിട്ടും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രി കെ. രാജന്‍ ഈ വിഷയം ഉന്നയിച്ചത്. അപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒരു മറുപടിയും നല്‍കിയില്ല.

പദ്ധതിക്കെതിരേ ശക്തമായ നിലപാട് പരസ്യമായെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ വിയോജിപ്പ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നകാര്യം അദ്ദേഹത്തെ എം.വി. ഗോവിന്ദന്‍ അറിയിച്ചിരുന്നില്ല. സിപിഐയുടെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുന്നണി അക്കാര്യം പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞിരുന്നു. ആ വാക്കിന്റെ ആശ്വാസവും സിപിഐക്ക് ലഭിച്ചില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322264/there-are-no-problems-in-frontline-politics-we-will-discuss-everything-and-move-forward-ep-jayarajan-on-pm-shri-issue)