---
title: "'ഷാഫി പറമ്പിൽ ആരോപണമുന്നയിച്ച സിഐ അഭിലാഷിനെ പിരിച്ചുവിട്ടിട്ടില്ല': വിശദീകരണവുമായി ആഭ്യന്തര വകുപ്പ്‌"
english_title: "'CI Abhilash, who made allegations in Shafi Parambil, has not been dismissed': Home Department clarifies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322075/ci-abhilash-who-made-allegations-in-shafi-parambil-has-not-been-dismissed-home-department-clarifies"
published_at: "2025-10-23T13:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9d9d511c23_medical.jpg"
keywords: []
---

# 'ഷാഫി പറമ്പിൽ ആരോപണമുന്നയിച്ച സിഐ അഭിലാഷിനെ പിരിച്ചുവിട്ടിട്ടില്ല': വിശദീകരണവുമായി ആഭ്യന്തര വകുപ്പ്‌

> **Lead Summary:** **തിരുവനന്തപുരം: **ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വിശദീകരണം. യുവതിയുടെ പരാതി സ്വീകരിക്കാത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളതായും രഹസ്വാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അഭിലാഷ് വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കുകയും ചെയ്തു.

## Article Content

**തിരുവനന്തപുരം: **ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് വിശദീകരണം. യുവതിയുടെ പരാതി സ്വീകരിക്കാത്തതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു. ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളതായും രഹസ്വാന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അഭിലാഷ് വിശദീകരണം നൽകിയതിന്റെ അടിസ്ഥാനത്തിൽ തിരിച്ചെടുക്കുകയും ചെയ്തു.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഹിയറിങ് നടത്തിയതെന്നും ആഭ്യന്തര വകുപ്പ് വിശദീകരിക്കുന്നു. പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിഐ അഭിലാഷ് ഡേവിഡിനെതിരെ രൂക്ഷവിമര്‍ശനമാണ് ഷാഫി പറമ്പില്‍ എംപി ഉന്നയിച്ചത്.

അക്രമത്തിന് നേതൃത്വം നൽകിയത് അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്ടയാണെന്നും മാഫിയ ബന്ധത്തിന്റെ പേരിൽ 2023 ജനുവരി 16ന് സസ്പെൻഷനിൽ പോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു. പിന്നാലെ ഇയാളെ പിരിച്ചു വിട്ടു എന്ന് വാർത്ത വന്നതാണെന്നും വഞ്ചിയൂർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലെ നിത്യസന്ദർശകനാണ് ഇയാളെന്നും ഷാഫി ആരോപിച്ചിരുന്നു.

ലാത്തിലാർജ് നടത്തിയിട്ടില്ല എന്നായിരുന്നു റൂറൽ എസ്പി പറഞ്ഞിരുന്നത്. ബോധപ്പൂർവ്വം കള്ള പ്രചരണം നടത്തി,പിന്നീട് എസ്‌പി തന്നെ ഒരു യോഗത്തിൽ മാറ്റി പറഞ്ഞു. ഇതുവരെ മൊഴിയെടുക്കാൻ പോലും ഒരു പൊലീസുകാരനും വന്നിട്ടില്ല. ഒരിക്കൽ മാത്രം തന്നെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റിയശേഷം പൊലീസ് ആശുപത്രിയിൽ വന്നു പിന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല.

തന്റെ മൂക്കിലും , തലയിലും ഒരേ പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് അടിച്ചത് ഷാഫി പറമ്പിൽ പറഞ്ഞു. എസ്പി പറഞ്ഞത് പോലെ പുറകിൽ നിന്നല്ല ആ പൊലീസുകാരൻ ആക്രമിച്ചത് മുന്നിൽ നിന്ന് തന്നെയാണ്.

തൊട്ടടുത്ത സെക്കൻഡിൽ എൻ്റെ മുഖത്തേക്ക് അടിക്കുന്നത് എൻ്റെ മൂക്കില് കൊള്ളുന്നു. അവിടുന്ന് തിരക്കി ഞാൻ ഇങ്ങോട്ട് മാറുമ്പോൾ അയാളുടെ ഡയറക്ഷനും മാറി അയാള് ഞാൻ നിക്കുന്ന സ്ഥലത്തേക്ക് ആഞ്ഞു വീശി എൻ്റെ തലയിലും മുഖത്തും അടിച്ചു . പിന്നെ മൂന്നാമതും തന്നെ ഉന്നംവെച്ചാണ് അടിക്കാൻ ശ്രമിച്ചത് എന്നാൽ അത് മറ്റൊരു പൊലീസുകാരൻ തടയുകയാണ് ഉണ്ടായത്. ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ ഫോട്ടോയും ഷാഫി പറമ്പിൽ വാർത്ത സമ്മേളനത്തിൽ പുറത്ത് വിട്ടു.

പൊലീസിൻ്റെ കൈയ്യിൽ ഇരുന്നാണ് ടിയർ ഗ്യാസ് പൊട്ടിയത്. അങ്ങനെയാണ് മറ്റ് പൊലീസുകാർക്ക് പരുക്കേറ്റത്. വടകര ഡിവൈഎസ്പി കൈയ്യിൽ ഗ്രനേഡും പിടിച്ചാണ് ലാത്തി കൊണ്ട് പ്രവർത്തകരെ മർദിക്കാൻ ശ്രമിച്ചത്. ഗ്രനേഡ് എറിയാൻ പൊലീസുകാർക്ക് അറിയാത്തത് കൊണ്ടാണ് എസ്പി പിന്നീട് പരിശീലനം നൽകിയത്. എന്നാൽ ഗ്രനേഡ് എറിയാൻ പ്രോട്ടോകോൾ ഉണ്ട്. പക്ഷെ അതൊന്നും പേരാമ്പ്രയിൽ പാലിച്ചിട്ടില്ല. ഡിവൈഎസ്പി ഹരിപ്രസാദ് കരുതികൂട്ടി പ്ലാൻ ചെയ്ത ആക്രമണമാണിത്.ഡിവൈഎസ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം ചോദിച്ചത് എം പി ആശുപത്രിയിൽ ആയോ എന്നായിരുന്നുവെന്നും ഷാഫി പറമ്പിൽ എം പി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322075/ci-abhilash-who-made-allegations-in-shafi-parambil-has-not-been-dismissed-home-department-clarifies)