---
title: " താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്; കണ്ടാൽ അറിയുന്ന 250 പേർ പ്രതികൾ"
english_title: "Police register two more cases in Fresh Cut clash 250 suspects identified"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/322014/police-register-two-more-cases-in-fresh-cut-clash-250-suspects-identified"
published_at: "2025-10-23T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f992f9cd192_hg.jpg"
keywords: []
---

#  താമരശ്ശേരിയിലെ ഫ്രഷ് കട്ട് സംഘർഷത്തിൽ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത് പൊലീസ്; കണ്ടാൽ അറിയുന്ന 250 പേർ പ്രതികൾ

> **Lead Summary:** **കോഴിക്കോട്: [** താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ വാഹനം തടഞ്ഞതിനും ഫ്രഷ് കട്ടിന്റെ വാഹനം തടഞ്ഞുനിര്‍ത്തി കേടുപാടുകള്‍ വരുത്തിയതിനും ആണ് കേസ്.

## Article Content

**കോഴിക്കോട്: [** താമരശ്ശേരിയിലെ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ വാഹനം തടഞ്ഞതിനും ഫ്രഷ് കട്ടിന്റെ വാഹനം തടഞ്ഞുനിര്‍ത്തി കേടുപാടുകള്‍ വരുത്തിയതിനും ആണ് കേസ്.

ഫ്രഷ് കട്ട് പ്രതിഷേധത്തില്‍ നേരത്തെ മൂന്ന് എഫ്‌ഐആറുകളിലായി 361 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കല്‍, വഴി തടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളിലായിരുന്നു കേസെടുത്തിരുന്നത്. സംഘര്‍ഷമുണ്ടാക്കിയതിലാണ് 321 പേര്‍ക്കെതിരെ കേസെടുത്തിരുന്നത്.

സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് തീയിട്ട സംഭവത്തില്‍ 30 പേര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. തൊഴിലാളികളെ കൊല്ലണമെന്ന ഉദ്ദേശത്തോടെ കണ്ടെയ്നര്‍ ലോറി തീവെച്ച് നശിപ്പിച്ചുവെന്നും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്. പ്ലാന്റും വാഹനങ്ങളും കത്തിനശിപ്പിച്ചതില്‍ ഫ്രഷ് കട്ടിന് അഞ്ച് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

തിരുവമ്പാടി സ്റ്റേഷനിലെ എഎസ്ഐയെ മര്‍ദിച്ചതില്‍ പത്തോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മൊബൈലില്‍ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച എഎസ്ഐയെ അക്രമിച്ചെന്നും 45000 രൂപയുടെ മൊബൈല്‍ കവര്‍ച്ച ചെയ്തെന്നും എഫ്ഐആറില്‍ പറയുന്നു. ഇന്നലെ വൈകീട്ടാണ് കട്ടിപ്പാറയിലെ ഫ്രഷ് കട്ടിന്റെ അറവുമാലിന്യ സംസ്‌കരണ പ്ലാന്റിന് മുന്നില്‍ സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്.

നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

ദുര്‍ഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് നേരത്തെയും ഫ്രഷ് കട്ടിന്റെ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും ഇത് ആദ്യമായാണ് സംഘര്‍ഷത്തിലെത്തുന്നത്. പ്ലാന്റിന് പുറമെ ഫ്രഷ് കട്ട് വാഹനങ്ങളും അഗ്‌നിക്കിരയാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/322014/police-register-two-more-cases-in-fresh-cut-clash-250-suspects-identified)