---
title: "അവധിയുണ്ട്...! അതിതീവ്ര മഴ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ഇടുക്കി കളക്ടര്‍"
english_title: "Extremely heavy rain Collector declares holiday for educational institutions in the idukki district tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321759/extremely-heavy-rain-collector-declares-holiday-for-educational-institutions-in-the-idukki-district-tomorrow"
published_at: "2025-10-21T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7631c62072_WhatsApp_Image_2025-10-21_at_4.10.19_PM.jpeg"
keywords: []
---

# അവധിയുണ്ട്...! അതിതീവ്ര മഴ; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ഇടുക്കി കളക്ടര്‍

> **Lead Summary:** **ഇടുക്കി: ( **[www.truevisionnews.com]** )** അതിതീവ്ര മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

## Article Content

**ഇടുക്കി: ( **[www.truevisionnews.com]** )** അതിതീവ്ര മഴ പെയ്യാനുള്ള സാധ്യതയുള്ളതിനാലും റെഡ് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചതിനാലും നാളെ ഇടുക്കിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. സ്കൂളുകള്‍, കോളേജുകള്‍, ട്യൂഷൻ സെന്‍ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ,പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറ‌ഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ അതിതീവ്ര മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്,വയനാട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണം. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. കേരള തീരത്തോട് ചേർന്ന് ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. ഇതിനാലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321759/extremely-heavy-rain-collector-declares-holiday-for-educational-institutions-in-the-idukki-district-tomorrow)