---
title: "യുഡിഎഫിന് ധൈര്യമുണ്ടോ? നാദാപുരത്തെ വ്യാജ വോട്ടും ഇരട്ട വോട്ടും തള്ളിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എൽഡിഎഫ് നേതാക്കൾ"
english_title: "Does UDF have the courage LDF leaders challenge UDF to reject fake votes and double votes in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321729/does-udf-have-the-courage-ldf-leaders-challenge-udf-to-reject-fake-votes-and-double-votes-in-nadapuram"
published_at: "2025-10-21T13:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7434c5722a_gggdrt.jpg"
keywords: []
---

# യുഡിഎഫിന് ധൈര്യമുണ്ടോ? നാദാപുരത്തെ വ്യാജ വോട്ടും ഇരട്ട വോട്ടും തള്ളിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എൽഡിഎഫ് നേതാക്കൾ

> **Lead Summary:** കോഴിക്കോട് : നാദാപുരത്ത് എൽഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടുപിടിച്ച് കള്ളവോട്ട് ചേർക്കുകയാണെന്ന ഡിസിസി പ്രസിഡൻ്റിൻ്റെയും യുഡിഎഫ് നേതാക്കള്ളുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി എൽഡിഎഫ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ വ്യാജ വോട്ടും ഇരട്ട വോട്ടും തള്ളിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനം.

## Article Content

കോഴിക്കോട് : നാദാപുരത്ത് എൽഡിഎഫ് പഞ്ചായത്ത് സെക്രട്ടറിയെ കൂട്ടുപിടിച്ച് കള്ളവോട്ട് ചേർക്കുകയാണെന്ന ഡിസിസി പ്രസിഡൻ്റിൻ്റെയും യുഡിഎഫ് നേതാക്കള്ളുടെ ആരോപണത്തിന് ചുട്ട മറുപടിയുമായി എൽഡിഎഫ്. നാദാപുരം ഗ്രാമപഞ്ചായത്തിലെ വ്യാജ വോട്ടും ഇരട്ട വോട്ടും തള്ളിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനം.

നാദാപുരത്ത് നാല്പത് വർഷമായി തുടരുന്ന യു ഡി എഫ് ഭരണത്തിന് അന്ത്യമാകാൻ പോകുന്നുവെന്ന ഭയമാണ് കോഴിക്കോട്ട് പോയി വാർത്താ സമ്മേളനം വിളിച്ചതും എൽഡിഎഫിനെതിരെ ആരോപണം ഉന്നയിച്ചതിനും പിന്നിലെന്ന് സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി മോഹൻ ദാസ് പറഞ്ഞു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് സ്വൈരമായി ജോലി നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ് നാദാപുരം പഞ്ചായത്തിൽ യുഡിഎഫ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചായത്തിൽ വ്യാപകയമായി കളള വോട്ട് ചേർത്ത് കൊണ്ടിരിക്കുന്നത് യുഡിഎഫുകാരാണ്. കഴിഞ്ഞ മാസം വോട്ടർ പട്ടിക പുതുക്കുന്ന ഘട്ടത്തിൽ യുഡിഎഫിൻ്റെ നൂറുകണക്കിന് കള്ളവോട്ടുകളുടെ വിവരങ്ങൾ തെളിവ് സഹിതം പുറത്തു കൊണ്ടുവരികയും അധികൃതർക്ക് അവ നീക്കം ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. രണ്ടാം വാർഡിൽ മാത്രം 150 ഓളം അനധികൃത വോട്ടുകൾ ആണ് യൂഡിഎഫ് ചേർക്കാൻ നൽകിയിരുന്നത്.

സെക്രട്ടറിയെ ഫോണിലൂടെയും വീട്ടിലെത്തിയും ഭീഷണി മുഴക്കി. മാനസികമായി ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയാണ്. ശാരീരിക പ്രശ്നങ്ങൾ കാരണം വീട്ടിൽ വിശ്രമിക്കുന്ന സെക്രട്ടറിയെ സിപിഎം തട്ടിക്കൊണ്ടുപോയി എന്ന വിലകുറഞ്ഞ പ്രചരണം ആണ് യുഡിഎഫ് നടത്തുന്നത്. വസ്തുതകൾ മനസ്സിലാക്കാതെ പ്രാദേശിക യുഡിഎഫ് നേതാക്കൾ എഴുതിക്കൊടുത്ത തെറ്റായ വിവരങ്ങൾ സമ്മേളനത്തിൽ ആവർത്തിക്കുകയാണ് ഡിസിസി പ്രസിഡൻറ്. ഇതുവഴി അദ്ദേഹം സ്വയം അപഹാസ്യൻ ആവുകയാണ്.

പത്ര സമ്മേളനത്തിൽ ഉന്നയിച്ച സൂര്യ, സൂരജ്, സുജിൽ, ശാന്ത എന്നിവർ രണ്ടാം വാർഡിൽ തന്നെ സ്ഥിരതാമസക്കാരാണ്. ഇവരുടെ താമസസ്ഥലം കാണാൻ യുഡിഎഫ് നേതാക്കളെ ഞങ്ങൾ ക്ഷണിക്കുകയാണ്. യുഡിഎഫിന്റെ കള്ളക്കളി നടക്കാത്തതിനെ തുടർന്നു നാദാപുരം പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി സെക്രട്ടറിയെയും ഉദ്യോഗസ്ഥരെയും നേരെ വധഭീഷണി മുഴക്കിയതും അസഭ്യവർഷം ചൊരിഞ്ഞതും നാടുമുഴുവൻ മനസ്സിലാക്കിയതാണ്. യുഡിഎഫ് നേതാക്കൾ ഇതിന്റെ ഭാഗമായി പോലീസ് കേസിൽ പ്രതികളാണ്.

40 വർഷത്തെ പഞ്ചായത്തിലെ യുഡിഎഫിന്റെ ദുർഭരണത്തിനെതിരായ ജനവിധി ഉണ്ടാകുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് അതിക്രമത്തിലേക്ക് യുഡിഎഫ് നീങ്ങികൊണ്ടിരിക്കുന്നത്. അനധികൃതമെന്ന് മനസ്സിലാക്കി നീക്കം ചെയ്ത നൂറുകണക്കിന് വോട്ടുകൾ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തുവാൻ യുഡിഎഫ് അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനും, ജില്ലാ കളക്ടർക്കും പരാതി സമർപ്പിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥരെ സമ്മർദ്ദം ചെലുത്തി വരുതിയിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്ന് ബോധ്യമായപ്പോഴാണ് സെക്രട്ടറിയെ തട്ടിക്കൊണ്ടുപോയെന്ന് വ്യാജ പ്രചരണം അഴിച്ചുവിടുന്നതും കള്ള പ്രചാരവേല സംഘടിപ്പിക്കുന്നതും. നേരത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ തന്നെ ഓഫീസിനകത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

പതിനേഴാം വാർഡിൽ നിന്നും താമസം മാറിപ്പോയവരും വീട് വിറ്റു പോയവരും കല്യാണം കഴിഞ്ഞു ഭർതൃ ഗൃഹത്തിൽ താമസിക്കുന്നവരുമായ നിരവധി യുഡിഎഫുകാരാണ് പതിനേഴാം വാർഡിൽ തന്നെ വീണ്ടും വോട്ടു ചേർക്കാൻ നൽകിയിട്ടുള്ളത്. വർഷങ്ങളോളമായി കണ്ണൂർ ജില്ലയിൽ സ്ഥിരതാമസമാക്കി മാറ്റിയ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടിനെയും അന്യനാട്ടിൽ സ്ഥിരതാമസമാക്കിയ നിലവിലെ ഒരു വാർഡ് മെമ്പറുടെയും വോട്ടുകൾ ഇപ്പഴും നിലനിർത്തികൊണ്ടിരിക്കുകയാണ്.

മറ്റു നിരവധി വാർഡുകളിലും യുഡിഎഫ് കൃത്രിമമായി വോട്ട് ചേർക്കാൻ അപേക്ഷ നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടി ഡിസിസി പ്രസിഡൻ്റ് പ്രതികരിക്കാൻ തയ്യാറാവണം. നാദാപുരം ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലും സൂക്ഷ‌മ പരിശോധ നടത്തി എല്ലാ ഡബിൾ വോട്ടുകളും തള്ളാൻ യുഡിഎഫ് തയ്യാർ ഉണ്ടോ എന്ന് എൽഡിഎഫ് വെല്ലുവിളിക്കുകയാണ്. നുണപ്രചാരണങ്ങളെയും ഭീഷണികളെയും തള്ളിക്കളയുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് എൽഡിഎഫ് നാദാപുരം നിയോജക മണ്ഡലം നേതാക്കൾ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ എ മോഹൻദാസ്, വി പി കുഞ്ഞി കൃഷ്ണൻശ്രീജിത്ത് മുടപ്പിലായി,വത്സരാജ് മണലാട്ട്, ബോബി മൂക്കംതോട്ടം, സമദ് നരിപ്പറ്റ, കരിമ്പിൽ ദിവാകരൻ, സി എച്ച് മോഹനൻ, കെ പി കുമാരൻ, ടി സുഗതൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321729/does-udf-have-the-courage-ldf-leaders-challenge-udf-to-reject-fake-votes-and-double-votes-in-nadapuram)