---
title: "‘അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ കൂട്ടിവെയ്ക്കണം.. ഉള്ളതെല്ലാം ഈ വിലാസത്തിലേക്ക് അയച്ചാൽ മതി’; വിഎസിന്റെ മകന്‍ അരുൺ കുമാർ"
english_title: "remembering vs achuthanandan memory collection by son va arunkumar"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321411/remembering-vs-achuthanandan-memory-collection-by-son-va-arunkumar"
published_at: "2025-10-19T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f492151df03_vs.jpg"
keywords: []
---

# ‘അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ കൂട്ടിവെയ്ക്കണം.. ഉള്ളതെല്ലാം ഈ വിലാസത്തിലേക്ക് അയച്ചാൽ മതി’; വിഎസിന്റെ മകന്‍ അരുൺ കുമാർ

> **Lead Summary:** **ആലപ്പുഴ : **കേരളം കണ്ട എക്കാലത്തേയും മികച്ച സമരപോരാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് മൂന്നുമാസം പൂര്‍ത്തിയാകുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെല്ലാം കോര്‍ത്തിണക്കാനുള്ള ഉദ്യമവുമായി മകന്‍ വി എ അരുണ്‍കുമാര്‍. നാളെയാണ് വിഎസിന്റെ ജന്‍മദിനം. വിഎസെന്നാല്‍ അദ്ദേഹവുമായി ഒരു തവണയെങ്കിലും സംസാരിച്ചവര്‍ക്കും ഇടപെട്ടവര്‍ക്കും ഒരു നൂറു കഥകളും കാഴ്ചകളുമുണ്ടാകും പറയാന്‍. ഈ ബോധ്യത്തിലാണ് വി എ അരുണ്‍കുമാര്‍ തന്റെ ശ്രമത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.

## Article Content

**ആലപ്പുഴ : **കേരളം കണ്ട എക്കാലത്തേയും മികച്ച സമരപോരാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങിയിട്ട് മൂന്നുമാസം പൂര്‍ത്തിയാകുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഓര്‍മകളെല്ലാം കോര്‍ത്തിണക്കാനുള്ള ഉദ്യമവുമായി മകന്‍ വി എ അരുണ്‍കുമാര്‍. നാളെയാണ് വിഎസിന്റെ ജന്‍മദിനം. വിഎസെന്നാല്‍ അദ്ദേഹവുമായി ഒരു തവണയെങ്കിലും സംസാരിച്ചവര്‍ക്കും ഇടപെട്ടവര്‍ക്കും ഒരു നൂറു കഥകളും കാഴ്ചകളുമുണ്ടാകും പറയാന്‍. ഈ ബോധ്യത്തിലാണ് വി എ അരുണ്‍കുമാര്‍ തന്റെ ശ്രമത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്.

പൊതുമണ്ഡലത്തില്‍ ചിതറിക്കിടക്കുന്ന അദ്ദേഹത്തിന്റെ ഓര്‍മകള്‍ അടുക്കിപ്പെറുക്കി വെയ്ക്കാന്‍ എല്ലാവരും ഒപ്പം നില്‍ക്കണമെന്നാണ് അരുണ്‍ ആവശ്യപ്പെടുന്നത്. കൈവശമുള്ള രേഖകളും ഓര്‍മകളും തങ്ങള്‍ക്കുകൂടി കൈമാറാനാണ് ആവശ്യം. drarunkumarva@gmail.com എന്ന വിലാസത്തിലേക്കാണ് അയക്കേണ്ടത്.

***‘അച്ഛൻ ഞങ്ങളെ വിട്ടു പോയി. വിഎസ് പൊതു സമൂഹത്തെയും. പക്ഷെ, അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഓർമ്മകളായും രേഖകളായും പൊതുമണ്ഡലത്തിൽ ചിതറിക്കിടപ്പുണ്ട്. ഈ ഓർമ്മകൾ, രേഖകൾ, ചിത്രങ്ങൾ, വിഡിയോകൾ....,എല്ലാമൊന്ന് അടുക്കിപ്പെറുക്കി, എല്ലാവർക്കും ലഭ്യമാവുന്ന രീതിയിൽ സൂക്ഷിക്കണമെന്നുണ്ട്. ഒരു നൂറ്റാണ്ടിലേറെ കാലം കേരളത്തിന്റെ മണ്ണിൽ ജീവിച്ച്, തന്റെ ജന്മദിനമായ ഒക്ടോബർ 20ന് മുമ്പ് വിടപറഞ്ഞ അദ്ദേഹത്തെക്കുറിച്ച്, നിങ്ങളുടെ കൈവശമുള്ള ഓർമ്മകളും രേഖകളും ഞങ്ങൾക്കുകൂടി കൈമാറാമോ?drarunkumarva@gmail.com എന്ന വിലാസത്തിലേക്ക് അയച്ചാൽ മതി. വിശ്വാസപൂർവ്വം, അരുൺ കുമാർ വി.എ. വേലിക്കകത്ത്, പുന്നപ്ര നോർത്ത്‌ പി.ഒ., ആലപ്പുഴ.688014.’– ***ഇതാണ് അദ്ദേഹം പങ്കുവച്ച കുറിപ്പ്

അരുണ്‍കുമാറിന്റെ ആവശ്യത്തോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കമന്റുകളായി തന്നെ വിഎസിനൊപ്പമുള്ള ഓര്‍മകളും കഥകളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഈ ഉദ്യമത്തിന് എല്ലാവിധ സഹായങ്ങളുമേകുമെന്നാണ് പ്രതികരണം. ഒപ്പം ആശംസകളും നേരുന്നുണ്ട് ഉപയോക്താക്കള്‍. ഒരു മകന് ഇനി അച്ഛന് വേണ്ടി ചെയ്യാനുള്ളതിൽ വെച്ച് ഏറ്റവും മഹത്തായ കർമ്മം തന്നെയാണ് അരുണ്‍ ഏറ്റെടുത്തിട്ടുള്ളതെന്നും അഭിപ്രായപ്പെടുന്നു പലരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321411/remembering-vs-achuthanandan-memory-collection-by-son-va-arunkumar)