---
title: "അവധി ചൊവ്വാഴ്ചയും; ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ദീപാവലി പ്രമാണിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് അറിയിപ്പ്"
english_title: "diwali holiday tamilnadu chennai train rush"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321292/diwali-holiday-tamilnadu-chennai-train-rush"
published_at: "2025-10-18T15:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f3687788a21_train.jpg"
keywords: []
---

# അവധി ചൊവ്വാഴ്ചയും; ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! ദീപാവലി പ്രമാണിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ നേരത്തേ എത്തണമെന്ന് അറിയിപ്പ്

> **Lead Summary:** ചെന്നൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് വര്‍ധിച്ചിരിക്കെ, യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ പോലീസും ആവശ്യപ്പെട്ടു.

## Article Content

ചെന്നൈ: ദീപാവലി ആഘോഷത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് വര്‍ധിച്ചിരിക്കെ, യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ലഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. സുരക്ഷ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ യാത്രക്കാര്‍ സ്റ്റേഷനുകളില്‍ നേരത്തേ എത്തണമെന്ന് റെയില്‍വേ പോലീസും ആവശ്യപ്പെട്ടു.

ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍, താംബരം റെയില്‍വേ സ്റ്റേഷനുകളിലും നഗരത്തിലെ മറ്റ് റെയില്‍വേ സ്റ്റേഷനുകളിലുമായി യാത്രക്കാരെ നിയന്ത്രിക്കാന്‍ 850 റെയില്‍വേ പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തീവണ്ടികളില്‍ പടക്കം കൊണ്ടുപോകുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ പരിശോധന ശക്തമാക്കിയത്.

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ചെന്നൈയില്‍നിന്ന് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിദിന തീവണ്ടികള്‍ക്ക് പുറമെ നിരവധി പ്രത്യേക തീവണ്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ യാത്രക്കാരെ നിയന്ത്രിക്കാനായാണ് 850 റെയില്‍വേ പോലീസുകാരെ നിയോഗിച്ചതെന്നും അധികൃതര്‍ പറഞ്ഞു. ദീപാവലി തിങ്കളാഴ്ചയാണെന്നിരിക്കെ തുടര്‍ച്ചയായി മൂന്ന് ദിവസം അവധി ലഭിക്കുമെന്നിരിക്കെ വെള്ളിയാഴ്ച വൈകീട്ടും രാത്രിയിലുമായി നിരവധി പേര്‍ സ്വന്തം നാടുകളിലേക്ക് പുറപ്പെട്ടു.

വെള്ളിയാഴ്ച വൈകീട്ട് ചെന്നൈ സെന്‍ട്രലിലും താംബരം റെയില്‍വേ സ്റ്റേഷനുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാരെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. സ്റ്റേഷനുകളില്‍ ആര്‍പിഎഫിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് റെയില്‍വേ പോലീസ് അറിയിച്ചു.

**ചൊവ്വാഴ്ചയും അവധി : **ദീപാവലി പ്രമാണിച്ച് തമിഴ്നാട്ടിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 21 ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചു. പകരം 25 ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. ഇതോടെ, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 18 മുതല്‍ 21 വരെ തുടര്‍ച്ചയായി നാലുദിവസം അവധി ലഭിക്കാന്‍ വഴിയൊരുങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321292/diwali-holiday-tamilnadu-chennai-train-rush)