---
title: "‘സംതൃപ്തിയിലാണ്, ഇത്രയും തൃപ്തി മുൻപ് ഉണ്ടായിട്ടില്ല’; പുനഃസംഘടനയിൽ പരിഹാസ മറുപടിയുമായി കെ.സുധാകരന്‍"
english_title: "k sudhakaran kpcc reorganization reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321282/k-sudhakaran-kpcc-reorganization-reaction"
published_at: "2025-10-18T14:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f35d8c142db_ggf.jpg"
keywords: []
---

# ‘സംതൃപ്തിയിലാണ്, ഇത്രയും തൃപ്തി മുൻപ് ഉണ്ടായിട്ടില്ല’; പുനഃസംഘടനയിൽ പരിഹാസ മറുപടിയുമായി കെ.സുധാകരന്‍

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു മുതിരാതെ മുൻ അധ്യക്ഷൻ കെ.സുധാകരൻ. ‘തൃപ്തിയിലാണ്. സംതൃപ്തിയിലാണ്. ഇത്രയും നല്ല തൃപ്തി എനിക്ക് മുൻപ് ഉണ്ടായിട്ടില്ല’ എന്നായിരുന്നു സുധാകരന്റെ മറുപടി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പുകയുന്നതിനിടെയാണ് കെ.സുധാകരന്റെ പരിഹാസ രൂപേണയുള്ള മറുപടി.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണത്തിനു മുതിരാതെ മുൻ അധ്യക്ഷൻ കെ.സുധാകരൻ. ‘തൃപ്തിയിലാണ്. സംതൃപ്തിയിലാണ്. ഇത്രയും നല്ല തൃപ്തി എനിക്ക് മുൻപ് ഉണ്ടായിട്ടില്ല’ എന്നായിരുന്നു സുധാകരന്റെ മറുപടി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പുകയുന്നതിനിടെയാണ് കെ.സുധാകരന്റെ പരിഹാസ രൂപേണയുള്ള മറുപടി.

കണ്ണൂരിൽ നിന്ന് സോണി സെബാസ്റ്റ്യൻ, ചന്ദ്രൻ തില്ലങ്കേരി എന്നിവരെ ജനറൽ സെക്രട്ടറിമാരായും വി.എ.നാരായണനെ ട്രഷററുമായാണ് നിയമിച്ചത്. അതേസമയം, കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. ‘കഴിവ് ഒരു മാനദണ്ഡമാണോ’ എന്നാണ് അവർ സമൂഹ മാധ്യമത്തിൽ കുറിച്ചത്. ഡൽഹിയിൽ കോൺഗ്രസിന്റെ വക്താവായിരുന്ന ഷമ അടുത്ത കാലത്തായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കിയിരുന്നു.

അതേസമയം, ഇന്ന് വൈകിട്ട് പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയില്‍ കെ മുരളീധരന്‍ പങ്കെടുക്കും. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടര്‍ന്ന് കെ മുരളീധരന്‍ പങ്കെടുക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മലയാളമാസം ഒന്നായതിനാല്‍ ഗുരുവായൂരിലേക്ക് പോകുന്നു എന്നയാരുന്നു കെ മുരളീധരന്റെ വിശദീകരണം. എന്നാല്‍ ജാഥാ ക്യാപ്റ്റന്‍ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു. കോണ്‍ഗ്രസ് നടത്തിയ വിശ്വാസ സംരക്ഷണ ജാഥ ഔദ്യോഗികമായി ഇന്നലെ സമാപിച്ചു എന്നും കെ.മുരളീധരന്‍ നിലപാടെടുത്തു.

ഇന്ന് ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. എന്നാല്‍ മറ്റു മൂന്നു മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരന്‍ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ ഗുരുവായൂരില്‍ നിന്ന് പന്തളത്തേക്ക് തിരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321282/k-sudhakaran-kpcc-reorganization-reaction)