---
title: "പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തി, പിടിഎ പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി"
english_title: "Palluruthy school hijab controversy Police complaint filed against PTA president for communal propaganda on social media"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321244/palluruthy-school-hijab-controversy-police-complaint-filed-against-pta-president-for-communal-propaganda-on-social-media"
published_at: "2025-10-18T12:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f33cbdb0a4b_WhatsApp_Image_2025-10-18_at_12.36.59_PM.jpeg"
keywords: []
---

# പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: സമൂഹ മാധ്യമത്തിലൂടെ വർഗീയ പ്രചാരണം നടത്തി, പിടിഎ പ്രസിഡന്റിനെതിരെ പൊലീസിൽ പരാതി

> **Lead Summary:** എറണാകുളം: സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂളിലെ വിവാദവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും പ്രകോപനപരവും തെറ്റായ പ്രസ്താവനകളും നടത്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഡിഇഒ അടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു എന്നാണ് പരാതി.

## Article Content

എറണാകുളം: സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദവുമായി ബന്ധപ്പെട്ട് പിടിഎ പ്രസിഡന്റ് ജോഷിക്കെതിരെ പള്ളുരുത്തി പൊലീസില്‍ പരാതി. സ്‌കൂളിലെ വിവാദവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങളും പ്രകോപനപരവും തെറ്റായ പ്രസ്താവനകളും നടത്തി ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെയും ഡിഇഒ അടക്കമുള്ള മറ്റു ഉദ്യോഗസ്ഥരെയും അധിക്ഷേപിച്ചു എന്നാണ് പരാതി.

ജമീർ എന്നയാളാണ് പരാതി നല്‍കിയത്. ശിരോവസ്ത്ര വിവാദത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിന് തരിച്ചടി നേരിട്ടിരുന്നു. ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്‌കൂളില്‍ പ്രവേശിപ്പിക്കണമെന്ന് ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. ഡിഡിഇയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സ്‌കൂളിന്റെ ആവശ്യം ഹൈക്കോടതി തള്ളി. സ്‌കൂളിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തിരുന്നു.

അതേസമയം, കുട്ടിക്ക് താത്പര്യമുണ്ടെങ്കില്‍ കേരളത്തിലെ ഏത് സ്‌കൂളിലും പ്രത്യേക ഉത്തരവ് വാങ്ങിച്ച് അഡ്മിഷന്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് പറഞ്ഞു. കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അതിനുത്തരവാദി സ്‌കൂള്‍ മാനേജ്‌മെന്റെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്നും ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിന് ചേരാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു കുട്ടിയെ വിദ്യാലയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുക എന്നത് സംസ്ഥാനം നേടിയെടുത്ത വിദ്യാഭ്യാസ നേട്ടങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കലാണ്. സര്‍ക്കാര്‍ ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. സര്‍ക്കാര്‍ വിദ്യാര്‍ഥിയെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. ശിവന്‍കുട്ടി വ്യക്തിപരമായി നല്ല പ്രസ്താവന നടത്തി. പക്ഷെ അത് വന്നുപതിച്ചത് ഒരു വിദ്യാര്‍ത്ഥിയുടെ പഠനം മുടങ്ങുന്നതിലാണെന്നും ഇത്തരം വിഭാഗീയ പ്രവര്‍ത്തനം വിജയിക്കാന്‍ പാടില്ലാത്തതാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321244/palluruthy-school-hijab-controversy-police-complaint-filed-against-pta-president-for-communal-propaganda-on-social-media)