---
title: "കരുതിയിരിക്കണം... മഴയും ഇടിയും വരുന്നേ; അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകുന്നു; ഇനി അങ്ങോട്ട്  5 ദിവസം കനത്തുപെയ്യും"
english_title: "The Central Meteorological Department has announced that heavy rains will occur in the state for the next seven days."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321116/the-central-meteorological-department-has-announced-that-heavy-rains-will-occur-in-the-state-for-the-next-seven-days"
published_at: "2025-10-17T16:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f224fcad65d_rain.jpg"
keywords: []
---

# കരുതിയിരിക്കണം... മഴയും ഇടിയും വരുന്നേ; അറബിക്കടലിലെ ചക്രവാതച്ചുഴി തീവ്ര ന്യൂനമർദ്ദമാകുന്നു; ഇനി അങ്ങോട്ട്  5 ദിവസം കനത്തുപെയ്യും

> **Lead Summary:** സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

## Article Content

സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു.

ശനിയാഴ്ചയോടെ ഇത് തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലയ്ക്ക് മുകളിലായി ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നും, തുടർന്നുള്ള 48 മണിക്കൂറിൽ തീവ്രന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരളത്തിൽ ചിലയിടങ്ങളിൽ അടുത്ത 7 ദിവസം നേരിയ/ ഇടത്തരം മഴയ്‌ക്കോ / ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഒക്ടോബർ 17 മുതൽ 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഇടി മിന്നലിനും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 21 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321116/the-central-meteorological-department-has-announced-that-heavy-rains-will-occur-in-the-state-for-the-next-seven-days)