---
title: "എസ്പിസി യൂണിഫോം ഫണ്ട് വിവാദം; വളയം ഹൈസ്കൂളിന് സർക്കാർ ഫണ്ട് നൽകിയില്ലെന്ന വാദം തെറ്റ്"
english_title: "SPC uniform fund controversy The claim that the government did not provide funds to Valayam High School is false"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/321072/spc-uniform-fund-controversy-the-claim-that-the-government-did-not-provide-funds-to-valayam-high-school-is-false"
published_at: "2025-10-17T13:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f20c22d65c5_hhhhh.jpg"
keywords: []
---

# എസ്പിസി യൂണിഫോം ഫണ്ട് വിവാദം; വളയം ഹൈസ്കൂളിന് സർക്കാർ ഫണ്ട് നൽകിയില്ലെന്ന വാദം തെറ്റ്

> **Lead Summary:** കോഴിക്കോട് : വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്പിസി ( സ്റ്റുഡൻ്റ് പൊലീസ് ) ചുമലയുള്ള അധ്യാപകൻ (സിപിഒ) രക്ഷിതാക്കളിൽ നിന്ന് വാങ്ങിച്ച തുക തിരിച്ചു നൽക്കിയില്ലെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ വളയം ഹൈസ്കൂളിന് സർക്കാർ ഫണ്ട് ലഭിച്ചില്ലെന്ന വാദം തെറ്റെന്ന് രേഖകൾ.

## Article Content

കോഴിക്കോട് : വളയം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ എസ്പിസി ( സ്റ്റുഡൻ്റ് പൊലീസ് ) ചുമലയുള്ള അധ്യാപകൻ (സിപിഒ) രക്ഷിതാക്കളിൽ നിന്ന് വാങ്ങിച്ച തുക തിരിച്ചു നൽക്കിയില്ലെന്ന ആരോപണത്തെ തുടർന്നുണ്ടായ വിവാദത്തിൽ വളയം ഹൈസ്കൂളിന് സർക്കാർ ഫണ്ട് ലഭിച്ചില്ലെന്ന വാദം തെറ്റെന്ന് രേഖകൾ.

2023- 24 വർഷം എസ് പിസിയിൽ പ്രവേശനം നേടി പരിശീലനം പൂർത്തിയാക്കി പുറത്ത് വന്ന് ഇപ്പോൾ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട ആ വർഷത്തെ മുഴുവൻ തുകയും സർക്കാർ വിതരണം ചെയ്തതായും രേഖകൾ വ്യക്തമാക്കുന്നു. യൂണിഫോമിന് അനുവദിക്കുന്ന തുക സർക്കാറിൽ നിന്ന് ലഭിക്കാൻ വൈകുമെന്നതിനാൽ രക്ഷിതാക്കളിൽ നിന്ന് 2000 രൂപവരെ വാങ്ങിച്ച് കുട്ടികൾക്ക് യൂണിഫോം വിതരണം നടത്തുകയായിരുന്നു.

എന്നാൽ ആ അധ്യായന വർഷം തന്നെ സർക്കാർ യൂണിഫോം ഇനത്തിലും ഭക്ഷണ ഇനത്തിലുള്ള മുഴുവൻ തുകയും എസ്പിസി വളയം ഗവ. ഹയർസെക്കണ്ടറി സ്കൂളിന്റെയും പൊലീസിന്റെയും സംയുക്ത അക്കൗണ്ടിലേക്ക് നൽകിയതിന് രേഖകൾ ഉണ്ട്. എന്നാൽ രക്ഷിതാക്കളിൽ നിന്ന് വാങ്ങിച്ച തുക മൂന്ന് വർഷമാകാറായിട്ടും മടക്കി നൽകിയില്ല.

വിദ്യാർത്ഥികളുടെ ഫുഡ് അലവൻസ് തുക സർക്കാർ നൽകിയില്ലെന്നും ഇക്കാരണത്താൽ തുക വകമാറ്റി എന്നായിരുന്നു അധ്യാപകൻ രക്ഷിതാക്കളോട് പറഞ്ഞത്. എന്നാൽ ആദ്യവർഷത്തെ ഭക്ഷണത്തിനുള്ള തുകയും യൂണിഫോമിൻ്റെ തുകയും ലഭിച്ചിട്ടും എന്തുകൊണ്ട് രക്ഷിതാക്കളിൽ നിന്ന് വാങ്ങിച്ച് മുപ്പത്തി എട്ടായിരത്തോളം രൂപ മടക്കി നൽകിയില്ല എന്നതാണ് രക്ഷിതാക്കൾക്ക് വേണ്ടി കലക്ടർക്കും ഉന്നത പൊലീസ് മേധാവികൾക്കും പരാതി നൽകിയ കെ.എസ് യു നേതാവിൻ്റെ ചോദ്യം.

ഇപ്പോൾ ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് യൂണിഫോമിന് പണം വാങ്ങിച്ചതായും സർക്കാർ ഫണ്ട് ലഭിച്ചപ്പോൾ ആ വർഷം തന്നെ തുക തിരിച്ചു നൽകിയതായും രക്ഷിതാക്കൾ പറയുന്നുണ്ട്. പിന്നെ എന്ത് കൊണ്ട് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ സീനിയർ വിദ്യാർത്ഥികളുടെ തുക തിരികെ നൽകില്ലെന്ന സംശയമാണ് പരാതിക്കാർ ഉയർത്തുന്നത്.

കഴിഞ്ഞ വർഷത്തെ ഭക്ഷണ ഇനത്തിലുള്ള തുക സർക്കാർ അനുവദിച്ചെങ്കിലും കോഴിക്കോട് റൂറൽ ജില്ലയിലെ അൻപതിലധികം വിദ്യാലങ്ങൾക്ക് ഒന്നിച്ചുള്ള ബിൽ സമർപ്പണത്തിലെ പാകപ്പിഴ കാരണം ട്രഷറിൽ നിന്ന് തുക മാറി കിട്ടിയിട്ടില്ല. എന്നാൽ മൂന്ന് വിദ്യാലയങ്ങൾക്ക് യഥാസമയം തുക ലഭിച്ചിട്ടുമുണ്ട്.

എന്നാൽ കഴിഞ്ഞ വർഷത്തെ തുക ലഭിക്കാത്തത് കൊണ്ടാണ് രണ്ടര വർഷം മുമ്പ് രക്ഷിതാക്കളിൽ നിന്ന് വാങ്ങിച്ച തുക തിരിച്ച് നൽകാത്തത് എന്നതാണ് പുതിയ വാദം. തങ്ങൾക്ക് അനുകൂലമായി നിൽക്കുന്ന രക്ഷിതാക്കളുടെ യോഗം വിളിച്ച് ചേർത്ത് പരാതിക്കാർക്കെതിരെ വികാരമുണ്ടാക്കി അധ്യാപകനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസിൻ്റ സഹായത്തോടെ നടക്കുന്നതെന്ന് ഇന്നലെ ചേർന്ന യു ഡിഎഫ് നേതൃയോഗം ആരോപിച്ചിരുന്നു.

ഇതിനിടെ കെ എസ് യു വിൻ്റെ പരാതിയിൽ ഇന്നലെ സ്കൂളിൽ പൊലീസ് രക്ഷിതാക്കളെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അധ്യാപകരെ രക്ഷിക്കാനുള്ള മൊഴിയെടുപ്പാണ് പൊലീസ് നടത്തുന്നതെന്നാണ് യുഡിഎഫിൻ്റെ ആരോപണം. വളയം ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് യൂണിറ്റിന് വളയത്ത് ഉപദേശക സമിതി ഇല്ലെന്നും പ്രതിമാസ യോഗങ്ങൾ വിളിച്ച് ചേർത്തിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്കൂൾ സന്ദർശിച്ച കെഎസ് യു ജില്ലാ ഭാരവാഹികൾ പറഞ്ഞു.

സ്കൂൾ പ്രിൻസിപ്പാളുമായും പ്രധാന അധ്യാപകൻ്റെ ചുമതല വഹിക്കുന്ന അധ്യാപകനുമായി ഇവർ കൂടി കാഴ്ച്ച നടത്തി. എസ്പിസി സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും ഉപദേശക സമിതിയുടെ വിവരങ്ങളും ഉൾപ്പെടെ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം ഇവർ അപേക്ഷ നൽകിയിട്ടുണ്ട്.

രക്ഷിതാക്കൾക്ക് പരാതി ഇല്ലെന്നും വിവാദം സ്കൂളിനെ തകർക്കാണെന്ന വിമർശനം ഉന്നയിച്ച് അധ്യാപകനെ രക്ഷിക്കാൻ ചില കോണിൽ നിന്ന് ശ്രമം നടക്കുന്നുണ്ട്. ഇതോടൊപ്പം ആരോപണ വിധേയനായ അധ്യപകൻ്റെ സാന്നിദ്ധ്യത്തിൽ രക്ഷിതാക്കളെ വിളിച്ചു വരുത്തി പൊലീസ് നടത്തുന്ന മൊഴിയെടുപ്പ് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ജനങ്ങൾ തിരിച്ചറിയണമെന്ന് കെ എസ് യു ജില്ലാ സെക്രട്ടറി സിദ്ധാർത്ഥ് നിയോജക മണ്ഡലം പ്രസിഡൻ്റ് അശ്വിൻ ദേവ് എന്നിവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/321072/spc-uniform-fund-controversy-the-claim-that-the-government-did-not-provide-funds-to-valayam-high-school-is-false)