---
title: "പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ആത്മഹത്യാപ്രേരണ: അനന്തുവിന്റെ മരണം; ആർഎസ്എസ് നേതാവിനെതിരേ കേസെടുക്കും"
english_title: "Unnatural sexual assault incitement to suicide Ananthu death Case to be filed against RSS leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320984/unnatural-sexual-assault-incitement-to-suicide-ananthu-death-case-to-be-filed-against-rss-leader"
published_at: "2025-10-17T07:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f1a47e431fe_jj.jpg"
keywords: []
---

# പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, ആത്മഹത്യാപ്രേരണ: അനന്തുവിന്റെ മരണം; ആർഎസ്എസ് നേതാവിനെതിരേ കേസെടുക്കും

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപണം ഉന്നയിച്ചശേഷം കോട്ടയം വഞ്ചിമല സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ ആർഎസ്എസ് നേതാവ് നിതീഷ് മുരളീധരനെതിരേ കേസെടുക്കും. നിതീഷ് മുരളീധരനെതിരേ കേസെടുക്കാമെന്ന് സീനിയർ എപിപി മനു കല്ലമ്പള്ളി പോലീസിനു നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ആർഎസ്എസ് ക്യാമ്പിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന ആരോപണം ഉന്നയിച്ചശേഷം കോട്ടയം വഞ്ചിമല സ്വദേശി അനന്തു അജി ജീവനൊടുക്കിയ സംഭവത്തിൽ ആർഎസ്എസ് നേതാവ് നിതീഷ് മുരളീധരനെതിരേ കേസെടുക്കും. നിതീഷ് മുരളീധരനെതിരേ കേസെടുക്കാമെന്ന് സീനിയർ എപിപി മനു കല്ലമ്പള്ളി പോലീസിനു നിയമോപദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആത്മഹത്യാപ്രേരണക്കുറ്റത്തിന് തമ്പാനൂർ പോലീസും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് പൊൻകുന്നം പോലീസുമാണ് കേസെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് തമ്പാനൂരിലെ ലോഡ്ജിൽ അനന്തുവിനെ ജീവനൊടുക്കിയനിലയിൽ കണ്ടത്. ആത്മഹത്യയ്ക്കുമുൻപ്, കുട്ടിക്കാലത്ത് താൻ ആർഎസ്എസ് ശാഖയിൽ ലൈംഗികപീഡനത്തിന് ഇരയായിരുന്നതായും അതുതന്നെ വിഷാദരോഗിയാക്കിയെന്നും പറഞ്ഞ് സാമൂഹികമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

ഈ വീഡിയോ മരണമൊഴിയായും തെളിവായും സ്വീകരിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന്‌ കേസെടുക്കാമെന്നാണ് നിയമോപദേശം. നാലുവയസ്സുമുതൽ ആർഎസ്എസ് ശാഖയിൽ ക്രൂരമായ ലൈംഗിക പീഡനമേൽക്കേണ്ടിവന്നുവെന്നും തിരിച്ചറിയാൻ വൈകിയെന്നുമാണ് അനന്തുവിന്റെ മരണമൊഴി. ജീവിതം മടുത്തു. ആർഎസ്എസ് നേതാവ് നിതീഷ് മുരളീധരനാണ് പീഡിപ്പിച്ചത്.

ഇപ്പോൾ ഇയാൾ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു. ആത്മഹത്യാക്കുറിപ്പിൽ ചുരുക്കപ്പേരിൽ പരാമർശിച്ചിരുന്ന എൻഎം എന്നയാൾ നിതീഷ് മുരളീധരനാണെന്നും പോലീസും അനന്തുവിന്റെ കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിരുന്നു. ആർഎസ്എസുമായി അടുത്ത ബന്ധമുള്ളവരാണ് അനന്തുവിന്റെ കുടുംബം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320984/unnatural-sexual-assault-incitement-to-suicide-ananthu-death-case-to-be-filed-against-rss-leader)