---
title: "ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യംചെയ്യൽ തുടരുന്നു; അറസ്റ്റിന് സാധ്യത"
english_title: "Sabarimala gold robbery: Unnikrishnan Potty's questioning continues in Thiruvananthapuram; Arrest likely"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/320965/sabarimala-gold-robbery-unnikrishnan-pottys-questioning-continues-in-thiruvananthapuram-arrest-likely-new"
published_at: "2025-10-16T20:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f11056a0b10_potty.jpg"
keywords: []
---

# ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യംചെയ്യൽ തുടരുന്നു; അറസ്റ്റിന് സാധ്യത

> **Lead Summary:** ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് തിരുവനന്തപുരത്ത്. കസ്റ്റഡി വിവരം പോലീസ് ഔദ്യോഗികമായി പോറ്റിയുടെ കുടുംബത്തെ അറിയിച്ചു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

## Article Content

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നത് തിരുവനന്തപുരത്ത്. കസ്റ്റഡി വിവരം പോലീസ് ഔദ്യോഗികമായി പോറ്റിയുടെ കുടുംബത്തെ അറിയിച്ചു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

തിരുവനന്തപുരം ഈഞ്ചക്കലിലുള്ള ക്രൈം ബ്രാഞ്ചിന്റെ ഓഫീസിലാണ് പോറ്റിയെ ചോദ്യം ചെയ്യുന്നത്. രാത്രിയോടെയാണ് ഇക്കാര്യം പോറ്റിയുടെ കുടുംബാംഗങ്ങളെ അറിയിച്ചത്. സന്നിധാനത്തുനിന്ന് എസ്പി ശശിധരന്‍ എത്തിയ ശേഷം ചോദ്യംചെയ്യല്‍ തുടരും.

പ്രത്യേക അന്വേഷണ സംഘം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ചോദ്യംചെയ്യല്‍ എവിടെവെച്ചാണ് എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്തുവരികയാണെന്ന് മാത്രമായിരുന്നു വിവരം. വൈകീട്ടോടെയാണ് ചോദ്യംചെയ്യല്‍ നടക്കുന്നത് തിരുവനന്തപുരം ഈഞ്ചക്കലിലാണെന്ന കാര്യം വ്യക്തമായത്.

ചോദ്യംചെയ്യലിനു ശേഷം പോറ്റിയുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്പോണ്‍സര്‍ഷിപ്പ് വഴി നടന്ന എല്ലാ പ്രവൃത്തികളെയും വഴിപാടുകളെയുംകുറിച്ച് അന്വേഷിക്കണമെന്ന് ദേവസ്വം വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇയാളുടെ ഇടപാടുകള്‍ ദുരൂഹമാണെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ ഉണ്ണികൃഷ്ണന്‍ പോറ്റി വന്‍ ലാഭമുണ്ടാക്കിയെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തുടര്‍ന്ന് പ്രത്യേക അന്വേഷകസംഘം ശബരിമല സന്നിധാനത്തെത്തി രേഖകള്‍ പരിശോധിച്ചിരുന്നു. ശാന്തിയടക്കമുള്ള ദേവസ്വം ജീവനക്കാരോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ദ്വാരപാലക ശില്‍പ്പപാളിയിലെയും വാതില്‍പ്പടിയിലെയും സ്വര്‍ണ മോഷണക്കസില്‍ പ്രത്യേകം എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരു കേസിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയാണ് മുഖ്യപ്രതി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/320965/sabarimala-gold-robbery-unnikrishnan-pottys-questioning-continues-in-thiruvananthapuram-arrest-likely-new)